Latest News

മോഹന്‍ലാല്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ആഗോള റിലീസ് നവംബര്‍ 6 ന് 

Malayalilife
 മോഹന്‍ലാല്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ആഗോള റിലീസ് നവംബര്‍ 6 ന് 

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തീയതി പുറത്ത്. നവംബര്‍ ആറിന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും  ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ആശീര്‍വാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. പഴയകാല യോദ്ധാവിന്റെ ലുക്കിലും, പുതിയകാലത്തെ എക്‌സിക്യൂട്ടീവ് ലുക്കിലും ഇരട്ട ഗെറ്റപ്പില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന ഒരു പോസ്റ്റര്‍ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.


നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വരികയും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങളും ബ്രഹ്മാണ്ഡ കാന്‍വാസില്‍ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും ആയിരുന്നു ടീസറില്‍ ഹൈലൈറ്റ്. ആക്ഷന്‍, വൈകാരികത, പ്രതികാരം എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഒരു അച്ഛന്‍ - മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത് എന്നും ടീസര്‍ കാണിച്ചു തന്നിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ പ്രഖ്യാപന പോസ്റ്റര്‍ എന്നിവരും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.


47 വര്‍ഷമായി തുടരുന്ന തന്റെ കരിയറില്‍  മോഹന്‍ലാല്‍ ഒരു രാജാവിന്റെ കഥാപാത്രമായി ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. വമ്പന്‍ കാന്‍വാസില്‍ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്. സമര്‍ജിത് ലങ്കേഷ്, നയന്‍ സരിക, രാഗിണി ദ്വിവേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, നിഖില്‍ എന്നിവര്‍ ഒരുക്കിയ മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ആന്റണി സാംസണ്‍ ഒരുക്കിയ ഗംഭീര ദൃശ്യങ്ങള്‍ കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് 'വൃഷഭ'. എസ്ആര്‍ക്കെ, ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങള്‍ രചിച്ചത്. മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍, എഡിറ്റിംഗ്, സൌണ്ട് ഡിസൈന്‍ എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ 2025 നവംബര്‍ 6 ന് ചിത്രം റിലീസിനെത്തും. 


ഛായാഗ്രഹണം - ആന്റണി സാംസണ്‍, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈന്‍- റസൂല്‍ പൂക്കുട്ടി, ആക്ഷന്‍ - പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, നിഖില്‍, പിആര്‍ഒ- ശബരി.

Read more topics: # വൃഷഭ
vrishabha release date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES