ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിക്ക ചലച്ചിത്ര താരങ്ങളും വോട്ട് ചെയ്യാനെത്തി. വോട്ടെടുപ്പില്‍ പ്രമുഖരായ പല താരങ്ങളും വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമാ മേഖലയിലുള്ള ആളായതിനാല്‍ നടന്‍ സുരേഷ് ഗോപിയുടെ ജയത്തെക്കുറിച്ചുള്ള അഭിപ്രായം മിക്ക താരങ്ങളോടും ചോദിച്ചിരുന്നു.
നടന്‍ മ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട രേഖപ്പെടുത്തി. റെണാകുളം വൈറ്റില പൊന്നുരുന്നി യു പി സ്‌കൂളിലെ പോളിംഗ് ബൂത്തിലായിരുന്നു താരം വോട്ട് ചെയ്തത്. വോട്ട് ചെയ്യുന്നതിനായി ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് താരമെത്തിയത്. താരത്തിനെ കണ്ട് നിരവധി ആരാധകരാമ് തടിച്ചുകൂടിയത്. അവിടെ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് താരം പോളിങ് ബൂത്തിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും.
വോട്ട് ചെയ്തതിന് ശേഷം താരം പ്രതികരിക്കാന്‍ താരം നിന്നെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അടക്കം തിക്കും തിരക്കും കാരണം പ്രതികരക്കാതെ പോവുകയായിരുന്നു. മലയാള സിനിമ മേഖലയില്‍ നിന്ന് ഒട്ടുമിക്ക താരങ്ങളും ഉച്ചയ്ക്ക് മുന്‍പ് തന്നെ അവരവരുടെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360 എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തില്ല എന്നാണ് ലഭിക്കുന്ന വിവരം.
ഫഹദ് ഫാസില്‍, ടൊവീനോ തോമസ്, ആസിഫ് അലി, സുരേഷ് ഗോപി, ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, ദിലീപ്, റിമ കല്ലിങ്കല്‍, കൃഷ്ണകുമാറും കുടുംബവും തുടങ്ങിയവര്‍ വോട്ട് ചെയ്തു.ആലപ്പുഴയിലായിരുന്നു ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും വോട്ടു രേഖപ്പെടുത്തിയത്.
ആസിഫലി അലി തൊടുപുഴയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ആരെങ്കിലും ചൂട് മൂലമോ മടി മൂലമോ വോട്ട് ചെയ്യാന്‍ മടിച്ചിരിക്കുന്നുണ്ടെങ്കില്‍ തങ്ങളെപ്പോലുള്ളവര്‍ അത്തരക്കാര്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് ആസിഫ് അലി പ്രതികരിച്ചത്. കഴിഞ്ഞ തവണ പ്രചാരണത്തിനുണ്ടായിരുന്നു. ഇത്തവണ കഴിഞ്ഞില്ല. സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ ഇവരില്‍ ആര് ജയിക്കണമെന്നാണ് ആഗ്രഹമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ആസിഫ് അലിയോട് ചോദിച്ചത്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവുമായുള്ള വ്യത്യാസം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനത്തിനും ജനാധിപത്യത്തിനും നല്ലത് വരുന്നൊരു വിജയമാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു ആസിഫിന്റെ മറുപടി.
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ കുടുംബസമേതം കൊച്ചിയിലെത്തിയാണ് വോട്ട് ചെയ്തത്. അടിസ്ഥാനപരമായി ഞാന്‍ ജനാധിപത്യത്തിന് എതിരാണ്. എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ പഴുതുകളുണ്ട്. അതുകൊണ്ടാണ് എനിക്ക് താല്‍പ്പര്യം ഇല്ലാത്തത്. അടുത്തകാലത്തൊന്നും ഇന്ത്യ കര കയറുന്ന യാതൊരു ലക്ഷണവുമില്ല. സുരേഷ് ഗോപിയെ വ്യക്തിപരമായി എനിക്ക് ഇഷ്ടമാണ്. പക്ഷെ, അയാളുടെ പാര്‍ട്ടിയോട് എനിക്ക് താല്പര്യമില്ലെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
സിനിമാതാരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രോഗ്രാം കേരള ബ്രാന്‍ഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
നടന്‍ ജയസൂര്യ ഭാര്യ സരിതയ്ക്ക് ഒപ്പം വോട്ട് ചെയ്ത ശേഷം കൈയിലെ ചൂണ്ടുവിരലില്‍ മഷി തേച്ചത് കാണിച്ചുകൊണ്ടുള്ള ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചു. വോട്ടേഡ് എന്ന ഇംഗ്ലീഷില്‍ ക്യാപ്ഷന്‍ എഴുതിയാണ് ജയസൂര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ജയസൂര്യയെ കൂടാതെ വേറെയും താരങ്ങള്‍ പോസ്റ്റ് ഇട്ടിരുന്നു. നടന്‍ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും ആസിഫ് അലിയും കുടുംബവും കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് എന്നീ യുവതാരങ്ങളും വോട്ട് അവകാശം രേഖപ്പെടുത്തിയിരുന്നു.
ചലച്ചിത്ര നടന്‍ ടിനി ടോം ആലുവ തായിക്കാട്ടുകര എസ്. പി. ഡബ്ല്യു എല്‍.പി.എസില്‍ രാവിലെ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴയിലെ സിനിമാ ചിത്രീകരണ സ്ഥലത്തു നിന്നും അല്പസമയം കണ്ടെത്തിയാണ് താരം വോട്ട് ചെയ്യാനെത്തിയത്. 'നിങ്ങളുടെ വോട്ട് ഒരിക്കലും നഷ്ടപ്പെടുത്തരുത്' വോട്ട് ചെയ്ത വിഡീയോ പങ്കുവെച്ച് കൊണ്ട് ടിനി ടോം ഫേസ്ബുക്കില്‍ കുറിച്ചു. 'ഈ ഒരു ദിവസമാണ് നമ്മുടെ പവര്‍ കാണിക്കാന്‍ കിട്ടുന്നത് അതുകൊണ്ടാണ് വോട്ട് ചെയ്യാന്‍ എത്തിയത്' വോട്ട് രേഖപ്പെടുത്തിയ ശേഷം ടിനി ടോം മാധ്യമങ്ങളോട് പറഞ്ഞു
വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട രണ്‍ജി പണിക്കരോടും സുരേഷ് ഗോപിയുടെ ജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയര്‍ന്നത്. തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വ്യത്യസ്തമാണെന്നും അതില്‍ ഉത്തരമുണ്ടെന്നുമായിരുന്നു മറുപടി.
തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി കുടുംബത്തോടൊപ്പം തൃശ്ശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ് ജോര്‍ജ്ജ് സിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു.ശ്രീലങ്കയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് നടി അന്ന രേഷ്മ രാജന്‍ ആലുവ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനായി എത്തിയത്.
സംവിധായകന്‍ ആഷിക് അബുവും റിമ കല്ലിങ്കലും തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.നടി മേനകയും ഭര്‍ത്താവ് നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാറും മകള്‍ രേവതിയും തിരുവന്തപുരത്ത് വോട്ടുകള്‍ രേഖപ്പെടുത്തി.
വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീപ് യൂത്ത് ഐക്കണ്‍ ആയി തെരഞ്ഞെടുത്ത യുവതാരം മമിത ബൈജുവിന് വോട്ടില്ല. എന്നാല്‍ നടിയുടെ പേര് വോട്ടര്‍ പട്ടികയിലില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന് കുടുംബം അറിയുന്നത്. സിനിമാത്തിരക്കുകള്‍ മൂലമാണ് വോട്ട് ഉറപ്പാക്കാന്‍ കഴിയാതെ പോയതെന്ന് താരത്തിന്റെ അച്ഛന്‍ ഡോ ബൈജു പറഞ്ഞു.