മലയാള സിനിമയുടെ സൂപ്പര്‍താരം മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനുമായ വി.കെ. ശ്രീരാമന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ ആരാധകശ്രദ്ധ നേടുന്നു. മമ്മൂട്ടിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ചുരുക്കമാണ് അദ്ദേഹം പോസ്റ്റില്‍ പങ്കുവച്ചത്. താരം വീണ്ടും ഊര്‍ജസ്വലനായി എത്തിയിരിക്കുന്നുവെന്ന സന്തോഷം പങ്കുവെച്ച ശ്രീരാമന്‍, തന്റെ പഴയ ഓര്‍മകളെയും പുതുമുഖ സംവാദങ്ങളെയും ഒരുമിപ്പിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയ ചിത്രവും, ഓട്ടോറിക്ഷയില്‍നിന്ന് എടുത്ത മറ്റൊരു ചിത്രവും ചേര്‍ത്താണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
'നിന്നെ ഞാന്‍ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?''
''ബിസി ആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല്. ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല.''
''കാറോ ?''
''ഡ്രൈവന്‍ വീട്ടിപ്പോയി. ഇന്ദുചൂഡന്‍സ് പ്രദര്‍ദശനത്തിന് വന്നതാ. അത് കഴിഞ്ഞ്, അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു. അപ്പ അവന്‍ പോയി.''
''ഡാ ഞാന്‍ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. നീ''
''എന്തിനാ?''
''അവസാനത്തെ ടെസ്റ്റും പാസ്സായടാ''
''ദാപ്പോവല്യേ കാര്യം ? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.''
നീയ്യാര് പടച്ചോനോ?
''ഞാന്‍ കാലത്തിനു മുമ്പേ നടക്കുന്നവന്‍. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവന്‍, എന്താ മിണ്ടാത്ത്?''
''ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍.''
യാ ഫത്താഹ് സര്‍വ ശക്തനായ തമ്പുരാനേ, കാത്തു കൊള്ളണേ !