ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെയും തുടര്‍ന്നുണ്ടായ വീഡിയോ പ്രചാരണത്തെയും തുടര്‍ന്ന് വിഷമം സഹിക്കാന്‍ വയ്യാതെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയത് കേരളക്കര ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താന്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ദീപക് മരണപ്പെട്ടത്.
ദീപക്കിന്റെ മരണത്തില്‍ പ്രതികരണവുമായി നടന്‍ വിനോദ് കോവൂര്‍ രംഗത്തെത്തി. ദീപക്കിനെതിരെ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവതി ജിംഷിതക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിനോദ് കോവൂര്‍ വിമര്‍ശനമുന്നയിച്ചത്. ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് വിനോദ് കോവൂര്‍ ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയയില്‍ വ്യൂവേഴ്‌സിനെ ലക്ഷ്യമിട്ടാണ് യുവതി ഈ നെറികെട്ട രീതി സ്വീകരിച്ചതെന്നും, ദീപക്കിന്റെ അമ്മയുടെ കണ്ണീരില്‍ യുവതി വെന്തുനീറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമനടപടികളുമായി മുന്നോട്ട് പോകാമായിരുന്നിട്ടും ദീപക് മരിക്കരുതായിരുന്നു എന്നും വിനോദ് കോവൂര്‍ തന്റെ പ്രതികരണത്തില്‍ പറഞ്ഞു.
കുറിപ്പ് ഇങ്ങനെ
ദീപക്കേ സഹോദരാ പ്രണാമം
നീ അറിഞ്ഞോ നിന്റെ വീഡിയോ എടുത്ത അവള്‍ വൈറലായ്
ഇനി ഒരു വീഡിയോ എടുക്കാന്‍ അവളുടെ കൈ പൊങ്ങില്ല ഈ സമൂഹം മുഴുവന്‍ ആണ്‍ പെണ്‍ ഭേദമില്ലാതെഅവളെ തെറി വിളിച്ച് കൊണ്ടിരിക്കുകയാണ്. നിന്നെ മരണത്തിന് വിട്ട് കൊടുത്തിട്ട് അവള്‍ ഇനി സമാധാനമായ് ജീവിക്കാന്‍ പോണില്ല സോഷ്യല്‍ മീഡിയയില്‍ വ്യൂവേഴ്‌സിനെ ഉണ്ടാക്കാന്‍ അവള്‍ കാണിച്ച നെറികെട്ട രീതിയായിരുന്നു അത്. അത്രയേറെ മനസിനെ വിഷമിപ്പിച്ചത് കൊണ്ടാവാം നീ മരണത്തിന് കീഴടങ്ങിയതെന്ന് മനസിലാക്കുന്നു. എന്നാലും നീ മരിക്കരുതായിരുന്നു എന്ന് ഒരു വേള ആഗ്രഹിച്ച് പോയി അവള്‍ക്കെതിരെ നിയമനടപടികളുമായ് ഒന്ന് പോരാടാമായിരുന്നു . പക്ഷെ അതിനൊന്നും കാത്ത് നില്ക്കാതെ നീ നിന്റെ തീരുമാനം നടപ്പിലാക്കി. ഏത് നിമിഷത്തിലാണ് ആ ബസില്‍ യാത്ര ചെയ്യാന്‍ നിനക്ക് തോന്നിയത് എന്ന് ചിന്തിച്ച് പോകുന്നു. നിന്റെ അമ്മയുടെ ചുടുകണ്ണീരില്‍ അവള്‍ വെന്തുനീറും.കൃത്യമായ തെളിവില്ല എന്നൊക്കെ പറഞ്ഞ് കേസില്‍ നിന്ന് ഒരു പക്ഷെ അവള്‍ ഊരി പോരും പക്ഷെ മന:സാക്ഷി കോടതിയില്‍ അവള്‍ ശിക്ഷിക്കപ്പെടും തീര്‍ച്ച.
നെറികെട്ട ലോകമാണ് ദീപക്കേ കലികാലമാണ് ഇതിലും വലുതൊക്കെ സംഭവിക്കും ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തില്‍ . അടുത്ത ഇര ഇനി ആരാണാവോ ?നഷ്ട്ടം നിന്റെ മാതാപിതാക്കള്‍ക്കാണ് അവരുടെ ഏക പ്രതീക്ഷ നീയായിരുന്നു നീ .മുത്തേ നീയില്ലാതെ എങ്ങനെ ഈ അമ്മ ജീവിക്കും എന്ന് നിന്റെ അമ്മ നിശ്ചലമായി കിടക്കുന്ന നിന്റെ അരികില്‍ നിന്ന് കരഞ്ഞ് പറഞ്ഞപ്പോള്‍ ചങ്കിടറി പോയി വല്ലാത്ത വിഷമം തോന്നി. ഇങ്ങനെ ചില വൃത്തികെട്ടവള്‍മാര്‍ ഇത്തരം ഒരു പോസ്റ്റ് ഇടുമ്പോള്‍ അത് ഉടനെ ഷെയര്‍ ചെയ്യുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്
ഷെയര്‍ ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ ഒന്ന് ആലോചിക്കണം ഒരാളുടെ മാത്രം വാക്കുകള്‍ കേട്ട് പ്രതികരിക്കരുത് .ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്ന് ഓര്‍ക്കണം. ഷെയര്‍ ചെയ്ത പലര്‍ക്കും ഇപ്പോള്‍ ഒരു കുറ്റബോധം തോന്നുന്നുണ്ടാവാം ഇനി തോന്നീട്ട്കാര്യമില്ലല്ലോ ?എന്തായാലും മനസിനെ മരവിപ്പിച്ച ഒരു മരണമായി പോയി ദീപക്ക് എന്ന ചെറുപ്പക്കാരന്റേത്. ഇങ്ങനെ ഒരു അനുഭവം ബസില്‍ വെച്ച് ഉണ്ടായാല്‍ ഉടനെ കണ്ടക്ടറോടോ ഡ്രൈവറോടോ പറഞ്ഞ് ബസ് പോലീസ് സ്റ്റേഷനിലേക്ക് എടുക്കാന്‍ പറയാമായിരുന്നില്ലേ ആ നികൃഷ്ഠജീവിക്ക് .അതവള്‍ ചെയ്തില്ല അപ്പോള്‍ അവളുടെ ഉദ്ദേശം വീഡിയോ വൈറല്‍ ആക്കുക എന്നത് മാത്രമായിരുന്നു പഠിപ്പും വിദ്യാഭ്യാസവും മാത്രം പോര വിവേകം എന്നൊന്ന് ഉണ്ട് അത് അവള്‍ക്ക് ഇല്ലാതെ പോയി. എന്തായാലും പുറത്തിറങ്ങണ്ട മോളെ ഏതെങ്കിലും ഒളിതാവളത്തിലേക്ക് രക്ഷപ്പെട്ടോ ഇല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ നിന്നെ കല്ലെറിഞ്ഞ് കൊല്ലും.
ഒരിക്കലും കണ്ടിട്ടില്ലാത്ത ദീപക്കേ നിന്റെ ആത്മാവിന് തിത്യശാന്തി ലഭിക്കട്ടെ നിന്റെ മാതാപിതാകള്‍ക്ക് സഹിക്കാനും പൊറുക്കാനുമുള്ള കഴിവ് ദൈവം കൊടുക്കട്ടെ.
ദീപക്കിന് നീതി ലഭിക്കണം
ദീപക്കിനെ ഇല്ലാതാക്കിയ ആ പെണ്‍പിശാചിന് തക്കതായ ശിക്ഷ കിട്ടണം അവള്‍ പഠിക്കണം.
അതേസമയം, ദീപക്കിന്റെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തി. ആരോപണം ഉന്നയിച്ച ഷിംജിത മുസ്തഫക്ക് പോലീസ് അനാവശ്യ പരിഗണന നല്‍കുന്നുവെന്ന് കുടുംബം ആരോപിച്ചു. ഈ വിഷയത്തില്‍ പോലീസ് പക്ഷപാതപരമായി പെരുമാറിയെന്നും ദീപക് മനംനൊന്ത് മരിച്ചതാണെന്നും അവര്‍ പറയുന്നു. യുവതിയുടെ ഫോണില്‍ നിന്ന് ഏഴ് വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നടി ശൈലഭയും ഈ സംഭവത്തില്‍ പ്രതികരിച്ചു, ദീപക്കിന്റെ മരണശേഷം ഇത്തരം ആരോപണങ്ങള്‍ ഒരു 'ട്രെന്‍ഡ്' ആയി മാറിയോ എന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു.
ദീപക്കിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ആരോപണങ്ങളും സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും നീതി ഉറപ്പാക്കണമെന്നുമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആവശ്യം.