തമിഴ് മക്കളുടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ചിത്രം 'സീതാക്കാതി' ഡിസംബര്‍ 20 ന് തീയേറ്ററുകളിലേക്ക്. ഏറെ പ്രതീക്ഷകള്‍ നല്‍കി കൊണ്ടാണ് വിജയ് സേതുപതിയുടെ ചിത്രമെത്തുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് നാല്‍പതുകാരന്‍ ആരാധകരിലേക്കെത്തുന്നത്.
ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു നാടകകലാകാരന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. വിജയ്യുടെ മേക്കപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത് ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്‌സ് നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ്.
തെന്നിന്ത്യ കീഴടക്കിയ 96 നു ശേഷം എത്തുന്ന വിജയ് സേതുപതിയുടെ 25 ാം ചിത്രമാണ് സീതാക്കാതി. തമിഴകത്തോളം തന്നെ ആരാധകര്‍ വിജയ് സേതുപതിക്ക് മലയാളികള്‍ക്കിടയിലുമുണ്ട്. താരം തന്റെ 40-ാം പിറന്നാള്‍ വേളയിലാണ് 'സീതാക്കാതി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിജയ് സേതുപതി ആദ്യമായി ആരാധകരുമായി പങ്കുവയ്ക്കുന്നത്. ചിത്രത്തില്‍ ഒരു നാടകകലാകാരന്റെ വേഷത്തിലാണ് വിജയ് എത്തുന്നത്. പ്രായാധിക്യമുള്ള കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയപുരസ്‌കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വ്വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും 'സീതാക്കാതി'യിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
''സീതാക്കാതി' എനിക്കേറെ സന്തോഷം തരുന്ന പ്രൊജക്റ്റുകളില്‍ ഒന്നാണ്. 25-ാം ചിത്രം എന്ന രീതിയിലും 'സീതാക്കാതി' എന്നെ തേടിയെത്തിയതില്‍ സന്തോഷമുണ്ട്. പക്ഷേ ചിത്രത്തിലെ അഭിനയം അത്ര എളുപ്പമായിരുന്നില്ല, വലിയൊരു ചലഞ്ചാണ് ചിത്രമെനിക്കു സമ്മാനിക്കുന്നത്. ഈ സിനിമയില്‍ 40 മിനിറ്റ് മാത്രമേ ഞാന്‍ ഉള്ളൂ. പക്ഷേ, ഏറെ ഗൗരവമുള്ളൊരു വേഷം തന്നെയാണ് ചിത്രത്തില്‍. ആ 40 മിനിറ്റിന്റെ ഇംപാക്റ്റ് ആണ് ബാക്കി സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. കൊമേര്‍ഷ്യല്‍ ശൈലിയിലുള്ള സിനിമ തന്നെയാണ് 'സീതാക്കാതി' എങ്കിലും നമ്മള്‍ സ്ഥിരം കാണുന്ന പാറ്റേണിലല്ല സിനിമ മുന്നോട്ട് പോകുന്നത്,' പുതിയ ചിത്രത്തെ കുറിച്ച് 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി പറയുന്നു.
'സീതാക്കാതി'.'ആദ്യമൊക്കെ മേക്കപ്പ് സെക്ഷന്‍ ബോറായി തോന്നിയിരുന്നു. പിന്നീട് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായി ഞാന്‍ സൗഹൃദത്തിലായി. മേക്കപ്പ് എല്ലാം പൂര്‍ത്തിയായി എന്നെ ആദ്യമായി കണ്ണാടിയില്‍ കണ്ടപ്പോള്‍, ഞാനെന്നെ തന്നെ തൊട്ടുനോക്കി. ഒരു പ്രായമായ മനുഷ്യനായാണ് എനിക്കെന്നെ ഫീല്‍ ചെയ്തത്,' ഷൂട്ടിങ്ങിനിടെയുള്ള അനുഭവങ്ങള്‍ സേതുപതി പങ്കുവയ്ക്കുന്നു.
പിന്നീട് വന്ന 'സൂത് കാവും', 'ഇതര്‍ക്ക് താനേ ആസപ്പട്ടായ് ബാലകുമാരാ', 'പണ്ണിയാരും പദ്മിനിയും', 'ജിഗര്‍ത്തണ്ട', 'ഓറഞ്ച് മിട്ടായി', 'നാനും റൗഡി താന്‍', 'സേതുപതി', 'കാതലും കടന്ത് പോകും', 'വിക്രം വേദ' തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയവയായിരുന്നു. ഒരു മാസ്സ് ഹീറോ എന്നതിലുപരി ചെറുതും വലുതുമായി കഥാപാത്രങ്ങള്‍ ഏറ്റെടുത്തു ആക്ഷനും, കോമഡിയും, സെന്റിമെന്റ്‌സുമെല്ലാം തനിക്കു വഴങ്ങുമെന്ന് ഈ ചിത്രങ്ങളിലൂടെ തെളിയിച്ചു.
ഇനിയും പത്തോളം ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ് ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തില്‍ എത്തുന്ന 'സൂപ്പര്‍ ഡീലക്‌സ്', 'ഇടം പൊരുള്‍ യവള്‍', മണിരത്നത്തിന്റെ പേരിടാത്ത ചിത്രം എന്നിവ. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നി അങ്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് നടന്‍. 'സൈ റാ നരസിംഹ റെഡ്ഡി' എന്ന തെലുങ്ക് ബിഗ് ബജറ്റ് സിനിമയില്‍ ചിരഞ്ജീവിക്കൊപ്പം അദ്ദേഹം എത്തുന്നു. അഭിലാഷ് അപ്പുക്കുട്ടന്‍ സംവിധാനം ചെയുന്ന 'ജാലിയന്‍വാലാ ബാഗ്' ആണ് മലയാള ചിത്രം.
1978 ജനുവരി 16 നു മധുരയില്‍ വിജയ ഗുരുനാഥ സേതുപതി ആയി ജനിച്ച അദ്ദേഹത്തിന്റെ സ്‌കൂള്‍ ജീവിതം ചെന്നൈയില്‍ ആയിരുന്നു. പഠനത്തിന് ശേഷം വിവിധ ജോലികളില്‍ ഏര്‍പ്പെട്ട വിജയ് ചെന്നൈയിലെ 'കൂത്ത്പട്ടറയ്' എന്ന തിയേറ്റര്‍ ഗ്രൂപ്പിലും സജീവമായിരുന്നു. 2004 മുതല്‍ ഇവരുടെ നാടകങ്ങളില്‍ ചെറിയ വേഷങ്ങല്‍ ചെയ്തു തുടങ്ങിയ വിജയ് സേതുപതി പിന്നീട് നിരവധി സീരിയല്‍, ഷോര്‍ട് ഫിലിംസ് എന്നിവയുടെയും ഭാഗമായിട്ടുണ്ട്. 2004 മുതലുള്ള കാലഘട്ടത്തില്‍ പത്തോളം സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുവെങ്കിലും നായക വേഷം ചെയ്യാന്‍ 2010ലെ 'തേന്‍മേര്‍ക്ക് പരുവകാറ്റ്' എന്ന ചിത്രം വരെ കാത്തിരിക്കേണ്ടി വന്നു.
2012 അക്ഷരാര്‍ത്ഥത്തില്‍ വിജയ് സേതുപതിയുടെ വര്‍ഷമായിരുന്നു. 'സുന്ദരപാണ്ഡ്യന്‍', 'പിസ്സ', 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം' തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തെ താരപദവിയിലേക്ക് എത്തിച്ചു. ഈ മൂന്ന് സിനിമകള്‍ക്കും കൂടി വിജയ് സേതുപതി ആറ് അവാര്‍ഡുകളും നേടിയിരുന്നു.