Latest News

നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയില്‍, ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണം'; തമിഴ് സിനിമയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കണം; മുഖ്യമന്ത്രി വിജയ്യോട് ആവശ്യങ്ങളുമായി വിജയ് സേതുപതി

Malayalilife
 നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയില്‍, ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണം'; തമിഴ് സിനിമയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കണം; മുഖ്യമന്ത്രി വിജയ്യോട് ആവശ്യങ്ങളുമായി വിജയ് സേതുപതി

തമിഴ് സിനിമാ വ്യവസായം നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യോട് രണ്ട് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്‍ വിജയ് സേതുപതി. 'പരിമള ആന്‍ഡ് കോ' എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം തുറന്നടിച്ച് രംഗത്തെത്തിയത്. ചടങ്ങില്‍ പങ്കെടുത്ത ആരാധകര്‍ 'മാസ്റ്റര്‍' എന്ന സിനിമയിലെ വിജയ്യുടെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ച് 'വാത്തി' എന്ന് ആവേശത്തോടെ വിളിച്ചുകൊണ്ടാണ് വിജയ് സേതുപതിയെ വേദിയിലേക്ക് വരവേറ്റത്.

കൊളിവുഡ് സിനിമാ മേഖലയുടെ പുരോഗതിക്കായി ചില നിര്‍ണായക മാറ്റങ്ങള്‍ ഉടന്‍ വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സംസ്ഥാനത്തിന്റേതായി സ്വന്തമായി ഒരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കണമെന്നതാണ് വിജയ് സേതുപതി മുന്നോട്ടുവെച്ച ആദ്യത്തെ പ്രധാന ആവശ്യം. നേരത്തെ ഉലകനായകന്‍ കമലഹാസനും സമാനമായ ആവശ്യം സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു. നിലവില്‍ ഒടിടി വിപണിയില്‍ വലിയ രീതിയിലുള്ള അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും, സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരു പ്ലാറ്റ്ഫോം വരുന്നത് ഇതിനെല്ലാം വലിയൊരു പരിഹാരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സിനിമാ വ്യവസായം നേരിടുന്ന രണ്ടാമത്തെ വലിയ വെല്ലുവിളിയായി തിയറ്റര്‍ ടിക്കറ്റ് നിരക്കുകളെക്കുറിച്ചാണ് വിജയ് സേതുപതി സംസാരിച്ചത്. തമിഴ്നാട്ടില്‍ വര്‍ഷങ്ങളായി തിയറ്റര്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നത് നിര്‍മ്മാതാക്കളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. സിനിമകളുടെ നിര്‍മ്മാണച്ചെലവ് ഇപ്പോള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ടിക്കറ്റ് നിരക്ക് പഴയപടി തന്നെ തുടരുന്നത് സിനിമാ മേഖലയ്ക്ക് താങ്ങാനാകുന്നതല്ല.

നിലവില്‍ സിനിമകളുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ വന്‍ തുകയ്ക്ക് വിറ്റഴിച്ചാണ് പല നിര്‍മ്മാതാക്കളും കഷ്ടിച്ച് പിടിച്ചുനില്‍ക്കുന്നത്. അതിനാല്‍, കാലാനുസൃതമായി തിയറ്റര്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം തമിഴ്നാട് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും വിജയ് സേതുപതി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, പുതിയ മന്ത്രിസഭയിലെ സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ ചൊല്ലി നടന്‍ വിശാല്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സിനിമാരംഗത്തെ അടിസ്ഥാന കാര്യങ്ങളില്‍ പരിചയക്കുറവുള്ളവര്‍ക്ക് ഇത്തരം സുപ്രധാന വകുപ്പുകള്‍ നല്‍കുന്നത് വ്യവസായത്തിന് തിരിച്ചടിയാകുമെന്ന് വിശാല്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ വിജയ് സേതുപതിയുടെ ഈ അഭ്യര്‍ത്ഥനകള്‍ക്ക് തമിഴ് സിനിമാ ലോകം വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

vijay sethupathi makes demands

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES