തമിഴ് സിനിമയിലെയും തെന്നിന്ത്യന്‍ സിനിമാ ലോകത്തെയും ഏറ്റവും ജനപ്രിയമായ ഓണ്‍-സ്‌ക്രീന്‍, ഓഫ്-സ്‌ക്രീന്‍ ജോഡികളാണ് നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്യും നടി തൃഷ കൃഷ്ണനും. 'ചക്കരയും ഈച്ചയും' പോലെ അത്രമേല്‍ തീവ്രമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നവര്‍. എന്നാല്‍ ഇരുവരും തമ്മില്‍ ഇപ്പോള്‍ എന്തോ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയയും ആരാധകരും. ദളപതി വിജയ്യെ തൃഷ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും, താരത്തിന്റെ 52-ാം ജന്മദിനത്തില്‍ തൃഷ ആശംസകള്‍ നേരാതിരുന്നതുമാണ് ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വിജയ്യുടെ ജന്മദിനത്തില്‍ ആരും കാണാത്ത പ്രത്യേക ചിത്രങ്ങള്‍ പങ്കുവെച്ച് ഹൃദ്യമായ കുറിപ്പുകളോടെ ആശംസകള്‍ നേരുന്ന പതിവ് തൃഷയ്ക്കുണ്ടായിരുന്നു. വിജയ്യെ 'പ്രിയ സുഹൃത്ത്' എന്നും 'ലെജന്‍ഡ്' എന്നുമൊക്കെയാണ് തൃഷ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം തന്റെ വളര്‍ത്തുമൃഗത്തെ വിജയ് താലോലിക്കുന്ന ചിത്രം പങ്കുവെച്ച തൃഷയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ തരംഗമായിരുന്നു. എന്നാല്‍ ഇത്തവണ നിരവധി പ്രമുഖര്‍ വിജയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നപ്പോഴും തൃഷയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. ഇതിന് പിന്നാലെയാണ് വിജയ്യെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തത്.
വിജയ്യും ഭാര്യ സംഗീത സ്വര്‍ണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംഭവവികാസങ്ങള്‍. ഒരു നടിയുമായി വിജയ്ക്കുള്ള വഴിവിട്ട ബന്ധം ചൂണ്ടിക്കാണിച്ചാണ് സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയതെന്ന വാര്‍ത്തകള്‍ വന്നതോടെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് തൃഷ നേരിട്ടിരുന്നത്. എന്നാല്‍, ഈ ഗോസിപ്പുകളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേദിയില്‍ തൃഷ മുഖ്യാതിഥിയായി എത്തിയിരുന്നു. വിജയ് സത്യവാചകം ചൊല്ലുമ്പോള്‍ വികാരാധീനയാകുന്ന തൃഷയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനുപുറമേ, നടന്‍ അജിത്തിന്റെ അമ്മയുടെ വിയോഗത്തില്‍ അനുശോചിക്കാന്‍ വിജയ് എത്തിയപ്പോഴും, നിര്‍മ്മാതാവ് കല്‍പ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിലും തൃഷ വിജയ്ക്കൊപ്പമുണ്ടായിരുന്നു.
തുടര്‍ച്ചയായ ഗോസിപ്പുകളോട് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിജയ്യുടെ അമ്മ ശോഭാ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഇടപെട്ട് വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കുടുംബം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണോ തൃഷ വിജയ്യുമായുള്ള സൗഹൃദത്തില്‍ അകലം പാലിക്കാന്‍ തുടങ്ങിയതെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. '
GOAT' എന്ന ചിത്രത്തിലെ ഒരു പ്രത്യേക ഗാനരംഗത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് സ്‌ക്രീനിലെത്തിയത്. അതിനുശേഷം വിജയ് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ ഈ അണ്‍ഫോളോ ചെയ്യല്‍ വെറും കണ്‍കെട്ട് വിദ്യയാണോ അതോ ഇരുവരുടെയും സൗഹൃദം പൂര്‍ണ്ണമായും അവസാനിച്ചോ എന്ന ആകാംഷയിലാണ് സിനിമാ ലോകം.