തെന്നിന്ത്യയിലെ സെന്‍സേഷണല്‍ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയ്ക്കും ആരാധകരേറെയാണ്. ഇരുവരും തമ്മില്‍ 2018 മുതല്‍ ഡേറ്റിങ്ങിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പുതിയ വാര്‍ത്ത. താരങ്ങള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തെലുങ്ക് സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന വാര്‍ത്ത നടന്‍ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണെന്നത്. ആരാധകരെ ഏറെ ആവേശത്തിലാക്കിയ വാര്‍ത്ത പ്രകാരം, ഇരുവരും അടുത്തിടെ സ്വകാര്യമായി വിവാഹനിശ്ചയം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് സൂചന. ഒക്‌ടോബര്‍ മൂന്നിനായിരുന്നു വിവാഹ നിശ്ചയം നടന്നത് എന്നും റിപ്പോര്‍ട്ട് ഉണ്ട്. 2026 ഫെബ്രുവരിയിലാണ് വിവാഹം നടക്കാനിടയെന്നു പറയപ്പെടുന്നത്. വിജയിനെയും രശ്മികയെയും കുറിച്ച് ഏറെ നാളായി പ്രണയവാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും, ഇരുവരും ഇതുവരെ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അവധി ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ മാത്രമാണ് ആരാധകര്‍ക്ക് ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നത്.
അതേസമയം, രശ്മിക അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സാരിയിലുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കി. ആ ചിത്രം തന്നെ വിവാഹനിശ്ചയ ദിനത്തിലെത്തേതാണെന്നു ചില ആരാധകര്‍ ഉറപ്പാണ് പ്രകടിപ്പിക്കുന്നത്. താരങ്ങളുടെയോ അവരുടെ കുടുംബങ്ങളുടെയോ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഒന്നും വന്നിട്ടില്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങളുടെയും ആശംസകളുടെയും ഒഴുക്കാണ് ഇപ്പോള്‍.
അതേസമയം വിവാഹനിശ്ചയത്തിന്റേതെന്ന പേരില്‍ ഏതാനും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ രസകരമായ കമന്റുകളുമായി പ്രേക്ഷകരും രം?ഗത്ത് എത്തി. 'ഇതൊക്കെ ഉള്ളതാണോടെയ്, അവരറിഞ്ഞോ' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. അതേസമയം കുബേര എന്ന ചിത്രമാണ് രശ്മികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ധനുഷ് നായകനായി എത്തിയ ചിത്രം ശേഖര്‍ കമ്മുലയാണ് സംവിധാനം ചെയ്തത്. കിങ്ഡം എന്ന ചിത്രത്തിലാണ് വിജയ് ദേവരക്കൊണ്ട ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.