പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ നായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കുശേഷം.തന്റെ മുന്‍ചിത്രങ്ങളെപ്പോലെ ഗാനങ്ങള്‍ക്ക് വിനീത് ഇത്തവണയും ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന സൂചന നല്കിയിരിക്കുകയാണ് നടന്‍ വിനിതിപ്പോള്‍.ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വിഖ്യാത സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകന്‍് അമൃത് ആണ്.
അമൃതിനൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തേക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍...അമ്മ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് അമൃത് 'വര്‍ഷങ്ങള്‍ക്ക് ശേഷം' ഗാനങ്ങള്‍ കംപോസ് ചെയ്തത് എന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.
'കഴിഞ്ഞ കുറേ മാസങ്ങളായി അമൃത് നടത്തിയ പോരാട്ടം ഞാന്‍ കണ്ടതാണ്. ഈ സിനിമയിലേക്കായി അമൃത് ചിട്ടപ്പെടുത്തിയ ആദ്യത്തെ മൂന്ന് ട്രാക്കുകള്‍ വന്നത് ഒരു ആശുപത്രി മുറിയില്‍ നിന്നാണ്. അവിടെ അവന്റെ അമ്മ, പ്രിയപ്പെട്ട ജയശ്രീ മാഡം വളരെ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. അവരെ പരിചരിക്കാന്‍ അവിടെ എത്തിയ അമൃത് ഹോസ്പിറ്റല്‍ റൂമില്‍ ഒരു മിനി സ്റ്റുഡിയോ സെറ്റ് ചെയ്‌തെടുത്തു. ഈണമിട്ട ഓരോ മെലഡിയും ആദ്യം അമ്മയെ പാടി കേള്‍പ്പിക്കും, എന്നിട്ട് അത് എനിക്ക് അയച്ചു തരും,' വിനീത് പറയുന്നു.
അമൃത് അയച്ച ഒരു ട്രാക്ക് തന്റെ കണ്ണുകളെ ഈറനണിയിച്ചു എന്നും ബോംബെ ജയശ്രീ ഈ പാട്ടിന്റെ വരികള്‍ എഴുതിയാല്‍ നന്നായിരിക്കും എന്ന ശക്തമായ ഒരു ഉള്‍ക്കാഴ്ച തോന്നിയെന്നും വിനീത് പറയുന്നു.
'ഫോണില്‍ ഞാന്‍ ഇക്കാര്യം അമൃതിനോട് പറഞ്ഞു. ഞങ്ങള്‍ ആശയം ചര്‍ച്ച ചെയ്യുകയും എഴുതി തുടങ്ങാന്‍ സൗകര്യത്തിനായി ഒരു വാക്ക് കണ്ടെത്തുകയും ചെയ്തു. അടുത്ത ദിവസം, അമൃത് എന്നെ വിളിച്ച് പാട്ടിന്റെ ആദ്യത്തെ നാല് വരികള്‍ തന്നു... ഞാന്‍ കോരിത്തരിച്ചു പോയി! ബോംബെ ജയശ്രീ എന്ന ഇതിഹാസത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ആ വരികള്‍ എനിക്ക് തന്നത്.'അമൃതിന് കാര്യങ്ങള്‍ അല്‍പ്പം എളുപ്പമാകുന്നതുവരെ ജോലി കുറച്ച് മുന്നോട്ട് കൊണ്ടു പോകണോ എന്ന് താന്‍ പല തവണ അമൃതിനോട് ചോദിച്ചിരുന്നു എന്നും വിനീത് പറയുന്നു.
പക്ഷേ അമൃതിന്റെ മറുപടി എപ്പോഴും ഒന്നുതന്നെയായിരുന്നു. 'വിനീത്, നിങ്ങളുടെ സിനിമയ്ക്ക് സംഗീതം നല്‍കുന്നത്തിലൂടെ ഞാന്‍ എന്നെ ഹീല്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.' ഈ 25 വയസ്സുകാരന്‍ 'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തിന് വേണ്ടി ചെയ്തത് ലോകം കേള്‍ക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല,' വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.വര്‍ഷങ്ങള്‍ക്ക് ശേഷം ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് 'തിങ്ക് മ്യൂസിക്' ആണ്. ചിത്രം നിര്‍മ്മിക്കുന്നത് മെറിലാന്‍ഡ് സിനിമാസ്.
സിനിമയിലെ തന്നെ കന്നിയങ്കത്തിനു അമൃത് ഒരുങ്ങുമ്പോള്‍, സംഗീതത്തിലെ ഗുരുവും അമ്മയുമായ ബോംബെ ജയശ്രീ വിദേശത്തെയും ഇന്ത്യയിലെയും ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ആയിരുന്നു. ഇംഗ്ലണ്ടില്‍ ഒരു കച്ചേരി അവതരിപ്പിക്കാന്‍ പോയ അവര്‍ക്ക് അവിടെ വച്ച് 'അന്യൂറിസം' എന്ന രോഗാവസ്ഥയുണ്ടാവുകയായിരുന്നു. സംഗീതത്തില്‍ നിന്നും ബ്രേക്ക് എടുത്തു അതിന്റെ ചികിത്സയിലാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി അവര്‍. ഈ വര്‍ഷം ആദ്യം ചെന്നൈയില്‍ ഒരു പുരസ്‌കാരം വാങ്ങാന്‍ അവര്‍ എത്തി, അവിടെ സംസാരിച്ചു എങ്കിലും പാടിയില്ല. അതിനു ഇനിയും സമയം എടുക്കും എന്നാണ് കരുതപ്പെടുന്നത്.