സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും കണ്ടാഘോഷിച്ച മലയാളികള്‍ക്കിടയിലേക്ക് 'വല്ല്യേട്ടനും' എത്തുകയാണ്. വല്ല്യേട്ടന്‍' വെള്ളിയാഴ്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ മമ്മൂട്ടി തന്നെ നേരിട്ട് ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
വല്ല്യേട്ടന്‍ സിനിമ റിലീസായപ്പോള്‍ ഒരുപാട് പേര്‍ തീയേറ്ററിലും ടിവിയിലുമൊക്കെ കണ്ടതാണ്. അതിനെക്കാള്‍ കൂടുതല്‍ ഭംഗിയോടുകൂടി, ശബ്ദദൃശ്യഭംഗിയോടുകൂടി വീണ്ടും വല്ല്യേട്ടന്‍ നിങ്ങളെ കാണാനെത്തുകയാണ്, മമ്മൂട്ടി വീഡിയോയില്‍ പറയുന്നു.
2000 സെപ്റ്റംബര്‍ 10 നായിരുന്നു വല്ല്യേട്ടന്‍ റിലീസ് ചെയ്തത്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് രഞ്ജിത് ആണ്. അക്കാലത്തെ ഏറ്റവും മികച്ച ആകര്‍ഷക കൂട്ടുകെട്ടായ ഷാജി കൈലാസ് - രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയായിരുന്നു വല്ല്യേട്ടന്‍. 2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത 'വല്ല്യേട്ടന്‍' ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.
മമ്മൂട്ടി അവതരിപ്പിച്ച അറയ്ക്കല്‍ മാധവനുണ്ണിയെന്ന മാസ്സും ക്ലാസും നിറഞ്ഞ കഥാപാത്രത്തെ പ്രേക്ഷകര്‍ അന്ന് ഇരുകയ്യും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ അറക്കല്‍ മാധവനുണ്ണിയെന്ന കഥാപാത്രത്തെ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് വീണ്ടും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റീ-റിലീസ് പോസ്റ്ററിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യങ്ങളില്‍ നിന്നും ലഭിച്ചത്.
സ്ഫടികത്തിന്റെ റീ റിലീസിംഗ് വിജയമാണ് വല്യേട്ടന്‍ വീണ്ടും തിയേറ്ററില്‍ കൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്ന് നിര്‍മ്മാതാവ് ബൈജു അമ്പലക്കര. ആദ്യം കണ്ട രീതിയില്‍ നിന്ന് ഭയങ്കര വ്യത്യസ്തമായിട്ടാണ് പടം വന്നത്. സ്ഫടികം തിയേറ്ററില്‍ യുവാക്കള്‍ ഏറ്റെടുത്തത് അത്ഭുതത്തോടെയാണ് താന്‍ കണ്ടതെന്നും ബൈജു പറയുന്നു. 22 നും 20 നും ഇടയിലുള്ള ചെറുപ്പക്കാരാണ് കൂടുതലും സിനിമ കാണാന്‍ വന്നത്, പുതിയ ഒരു പടം കാണുന്ന രീതിയില്‍ അവരിത് ഭയങ്കരമായി കയ്യടിച്ച് ആസ്വദിച്ചു കാണുന്നതു കണ്ടു. ആ സമയത്ത് മണിച്ചിത്രത്താഴ് ഹിറ്റായി. ദേവദൂതന്‍ ഇറങ്ങിയ സമയത്ത് പരാജയപ്പെട്ടതായിരുന്നു. പക്ഷേ 4കെയിലേക്ക് വന്നപ്പോള്‍ ആ പടവും ഹിറ്റായി. അങ്ങനെ വല്ല്യേട്ടന്‍ ചെയ്യാനുറച്ചുവെന്ന് നിര്‍മ്മാതാവ് പറയുന്നു,