ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന വേഷത്തില്‍ എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രം തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഉര്‍വശിയുടെ അഭിനയം ഏറെ പ്രശംസ അര്‍ഹിക്കുന്നതാണ്. ചിത്രത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തനിക്ക് കിട്ടിയ പുരസ്‌കാരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി.
സംസ്ഥാന അവാര്‍ഡുകളൊന്നും തനിക്ക് നിരസിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഒരിക്കല്‍ നാഷണല്‍ അവാര്‍ഡിന് പോയപ്പോള്‍ താന്‍ എന്തിനാണ് മൂന്നാംകിട സിനിമകളില്‍ അഭിനയിക്കുന്നതെന്ന ചോദ്യം ജൂറി ചോദിച്ചെന്നും ഉര്‍വശി പറയുന്നു. അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും എല്ലാവരും കണ്ടിട്ടുള്ള ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ അവാര്‍ഡ് സ്വീകരിച്ചിട്ടുള്ളതെന്നും ഉര്‍വശി പറയുന്നു.
താരം പങ്ക് വച്ചതിങ്ങനെ:
;ഞാന്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ സംവിധായകന്‍, 'ചേച്ചീ ഓക്കേ ആണ്' എന്ന് പറയുന്നതാണ് എന്റെ ആദ്യത്തെ അവാര്‍ഡ്. പിന്നെ പ്രേക്ഷകര്‍ നല്ലതെന്ന് പറയുന്നതാണ് അടുത്ത അവാര്‍ഡ്. പിന്നെ അവാര്‍ഡുകള്‍ കിട്ടിയാല്‍ സന്തോഷം, ഇല്ലെങ്കില്‍ ദുഃഖവുമില്ല. എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് ഒന്നും നിരസിക്കപ്പെട്ടിട്ടില്ല. പ്രേക്ഷകര്‍ എല്ലാം നല്ലതു പറയുമ്പോള്‍ നിവര്‍ത്തിയില്ലാതെ എനിക്ക് തരേണ്ടി വന്നിട്ടുണ്ട്. മൂന്നു വര്‍ഷം തുടര്‍ച്ചയായി സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ട് നാലാമത്തെ വര്‍ഷമായപ്പോള്‍ ജൂറി പറഞ്ഞു, ഉര്‍വശി അഭിനയിക്കുന്ന വര്‍ഷം വേറെ ആര്‍ക്കും കിട്ടില്ല അതുകൊണ്ട് ഇത്തവണ മാറ്റി കൊടുക്കാം എന്ന്. അതുകൊണ്ടു ആ വര്‍ഷം കിട്ടിയില്ല. പിന്നെ അഞ്ചാമത്തെ വര്‍ഷമാണ് കിട്ടിയത്. അപ്പോഴും നമുക്ക് പരാതിയൊന്നും ഇല്ല.
ദേശീയ അവാര്‍ഡിനു പോയപ്പോള്‍ അവിടെ ചില പ്രത്യേക തരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍ പറഞ്ഞു, 'ഇവരെ എന്തിനാ കൊണ്ടുവന്നത്? ഈ രണ്ടാംകിട മൂന്നാം കിട സിനിമയ്ക്കു വേണ്ടി ഇവരുടെ പെര്‍ഫോമന്‍സ് എന്തിനാണ് വേസ്റ്റ് ചെയ്യുന്നത്?' എന്ന്. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, ആരും കാണാത്ത കുറെ സിനിമയ്ക്കുള്ള അവാര്‍ഡുകള്‍ അല്ല ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. മഴവില്‍ കാവടി മുതല്‍ അച്ചുവിന്റെ അമ്മ ഉള്‍പ്പടെ ഉള്ളത് വാണിജ്യപരമായി ഹിറ്റായ സിനിമകള്‍ ആണ്. അത് എന്നെ ഏറ്റവും നന്നായി സന്തോഷിപ്പിച്ചിട്ടുണ്ട്. കാരണം, പടം ചെയ്യുന്ന പ്രൊഡ്യൂസര്‍ നന്നാവാന്‍ 'ഈശ്വരാ' എന്ന് പ്രാര്‍ഥിച്ചുകൊണ്ടാണ് നമ്മള്‍ ഷോട്ടില്‍ നില്‍ക്കുന്നത്. വാണിജ്യ സിനിമ എടുക്കുന്നത് നിസാര കാര്യമാണോ? അങ്ങനെ ഒരു അഭിപ്രായം ഒരിക്കലും പാടില്ല. അങ്ങനെ ഒരു കമന്റ് വന്നപ്പോള്‍ പിന്നെ ഞാന്‍ അത് മൈന്‍ഡ് ചെയ്യാതെയായി. ഇപ്പോഴും പറയുന്നു, പുരസ്‌കാരം കിട്ടിയാല്‍ സന്തോഷം. കിട്ടാത്തതിനെക്കുറിച്ച് ഒരു വിഷമവും ഇല്ല. കാരണം ഇന്ന് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്ന എനിക്ക് കിട്ടിയ ഈ ജീവിതം ബോണസ് ആണ്. ഇതൊന്നും ഞാന്‍ ആഗ്രഹിച്ചു വന്നതല്ല. എല്ലാം കൊണ്ടും സന്തോഷമേ ഉള്ളൂ, ഒരു പരാതിയും ഇല്ല.
ഞാനൊരിക്കലും ബോധപൂര്‍വം അഭിനയിക്കാന്‍ പോവുകയാണെന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചാല്‍ ഞാന്‍ പെട്ടുപോകും. സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ ചെയ്യാന്‍ പറഞ്ഞിട്ടുള്ള കാര്യം ചെയ്യും. കട്ട് എന്ന് പറയുമ്പോള്‍ ഞാന്‍ ഞാനാകും. എന്താണെന്നറിയില്ല കുറച്ചു കാലമായി ഇമോഷനല്‍ സീനുകള്‍ ചെയ്യുമ്പോള്‍ ഞാന്‍ കൂടുതല്‍ മുഴുകിപോകുന്നു. അത് എന്റെ ശബ്ദത്തെ ബാധിക്കും. ഈ സിനിമ സിങ്ക് സൗണ്ട് ആയിരുന്നു, ഡബ്ബിങ് ഇല്ല. ഞാന്‍ ക്രിസ്റ്റോയോട് ഒറ്റ കാര്യമേ പറഞ്ഞുള്ളൂ കുറെ കരഞ്ഞു കഴിഞ്ഞാല്‍ പ്രശ്‌നം ആകും ക്രിസ്റ്റോ. അപ്പോള്‍ ക്രിസ്റ്റോ പറഞ്ഞു, 'ചേച്ചിക്ക് എപ്പോ കരയണമെന്ന് തോന്നുന്നോ, അപ്പോള്‍ കരഞ്ഞാല്‍ മതി. അല്ലാതെ ഞാന്‍ ഡിമാന്‍ഡ് ചെയ്യില്ല'. കൂടുതല്‍ ചെയ്യാന്‍ ഒരിക്കലും ക്രിസ്റ്റോ ഡിമാന്‍ഡ് ചെയ്തിട്ടില്ല.
സിനിമയില്‍ ഞാന്‍ പാറുവിനോട് (പാര്‍വതി തിരുവോത്ത്) സംസാരിച്ചു വന്നിട്ട് അവസാനം ഞാന്‍ കരഞ്ഞുപോകുന്ന ഒരു ഷോട്ട് ഉണ്ട്. ആ ഒരു സീനില്‍ ഞാന്‍ കരയാതിരിക്കാന്‍ അത്രയ്ക്ക് കഷ്ടപ്പെട്ടു. കാരണം ആ ഒരു സിറ്റുവേഷന്‍ ആലോചിക്കുമ്പോള്‍ ഏതൊരു സ്ത്രീക്കും സങ്കടം തോന്നും. ഷെയര്‍ ചെയ്യാന്‍ ആരുമില്ല എന്ന അവസ്ഥ. അങ്ങനത്തെ ഒരുപാട് നിമിഷങ്ങളുണ്ട്. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുടെ മുന്നില്‍ എത്രമാത്രം താഴാമോ അത്രത്തോളം താഴുന്നുണ്ട് ലീലാമ്മ. അവരുടെ സ്വാര്‍ഥതയല്ല അത് സ്‌നേഹമാണ്. അതിലൊക്കെ തന്നെയും ഞാന്‍ ബോധപൂര്‍വം ചെയ്തിട്ടില്ല. ഞാന്‍ സിനിമയില്‍ നിന്ന് എങ്ങോട്ടും പോയിട്ടില്ല. എല്ലാ തലമുറയോടൊപ്പവും ഞാന്‍ ഇവിടെ തന്നെയുണ്ട്. അവര്‍ക്കും എനിക്കും ഒരേ പ്രായം,ഉര്‍വശി പറയുന്നു.