മലയാള സിനിമയിലെ മുത്തശ്ശന്റെ പിറന്നാള്‍ ആഘോഷം കൊച്ചിയില്‍ നടന്നു. അടുത്ത കുടുംബങ്ങളും സുഹൃത്തുക്കള്‍ക്കൂടിയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ദേശാടന'മെന്ന ചലച്ചിത്രത്തിലൂടെ മുത്തശ്ശനായി കുടുംബ സദസ്സുകള്‍ കീഴടക്കിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മലയാളത്തില്‍ നിരവധി നല്ല സിനിമകളില്‍ വേഷങ്ങള്‍ ചെയ്തിച്ചുണ്ട്. 75ാം വയസ്സില്‍ 'ദേശാടന'ത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പിന്നീട് 'കല്യാണരാമന്‍', 'രാപകല്‍', 'ഉടയോന്‍' തുടങ്ങിയ മലയാള സിനിമകളിലൂടെ അഭിനയരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തി. ഒരോ സിനിമയിലും തനിക്ക് ലഭിച്ച നല്ല വേഷങ്ങള്‍ അദ്ദേഹം ഭദ്രമാക്കി ചെയ്തു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല മുത്തശ്ശന്റെ കഴിവ്. 'ചന്ദ്രമുഖി', 'പമ്മല്‍ കെ സംബന്ധം', 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങളിലൂടെ രജനീകാന്തിനും കമലഹാസനും ഐശ്വര്യ റായിക്കുമൊപ്പവും അഭിനയിച്ചിട്ടുണ്ട്.
പിറന്നാളാഘോഷ വേളയില്‍ 'കളിവീടുറങ്ങിയല്ലോ, കളിവാക്കുറങ്ങിയല്ലോ...' എന്ന ഗാനം കൊച്ചുമകന്‍ ദീപാങ്കുരന്‍ പാടിയപ്പോള്‍ ആ പാട്ടില്‍ ലയിച്ചിരുന്നു പോയി മുത്തശ്ശന്‍.മുത്തശ്ശന് അടുത്തിരുന്നത് പാട്ടിന് വരികളെഴുതി സംഗീതം പകര്‍ന്ന മരുമകനും ദീപാങ്കുരന്റെ അച്ഛനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി.വടുതല പള്ളിക്കാവ് ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഹാളിലായിരുന്നു പിറന്നാളാഘോഷം. അടുത്ത കുടുംബാംഗങ്ങളെ മാത്രം ക്ഷണിച്ച് ചെറിയൊരു ചടങ്ങ്. പയ്യന്നൂര്‍ കോറോം ആണ് സ്വദേശമെങ്കിലും എറണാകുളത്ത് ഇളയ മകന്‍ അഡ്വ. പി.വി. കുഞ്ഞികൃഷ്ണന്റെ കൂടെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇപ്പോള്‍ താമസം.
പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും വന്നവരോടെല്ലാം അദ്ദേഹം കുശലം പറഞ്ഞു, ക്ഷേമമന്വേഷിച്ചു, തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. മക്കളായ ദേവിയും ഭവദാസനും യമുനയും കുഞ്ഞികൃഷ്ണനും മരുമക്കളും കൊച്ചുമക്കളും ചേര്‍ന്ന് ബന്ധുക്കളെ സ്വീകരിച്ച് ഒപ്പംനിന്നു.
'സത്യം ശിവം സുന്ദരം...' എന്ന ഗാനം പാടിയാണ് ചലച്ചിത്ര പിന്നണിഗായകന്‍ കൂടിയായ ദീപാങ്കുരന്‍ മുത്തശ്ശനു വേണ്ടി സംഗീതവിരുന്നിന് തുടക്കമിട്ടത്.