സംസ്ഥാത്ത് മഴക്കെടുതിയിൽ വലയുന്നവരെ കൈ മെയ് മറന്ന് നാടു മുഴുവൻ സഹായിക്കുമ്പോൾ കാരുണ്യ ഹസ്തവുമായി താരങ്ങളും. അതിനിടയിലാണ് ദുരിതത്തിലായിരിക്കുന്നവർക്ക് തന്റെ വീട് തുറന്ന് കൊടുത്ത് നടൻ ടോവിനോ തോമസ് മാതൃകയായത്. ഇതിന് പിന്നാലെ അവശ്യ സാധനങ്ങളുമായി അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ ടോവിനോ എത്തി. ഇരിങ്ങാലക്കുടയിലെ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലാണ് താരം എത്തിയത്.
കേരളം വെള്ളത്തിൽ മുങ്ങി മണിക്കൂറുകൾക്കകമാണ് ടോവിനോ വീട് തുറന്ന് കൊടുക്കാമെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. ഇതേ സമയം തന്നെ പല സിനിമാ താരങ്ങളുടേയും വീട്ടിൽ വെള്ളം കയറി. നടന്മാരായ ജയറാമും, ജോജുവും വീട്ടിൽ വെള്ളം കയറിയതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനിടെ നടി മല്ലികാ സുകുമാരനെ രക്ഷപെടുത്തുന്ന ചിത്രങ്ങളും ഇൻർനെറ്റിൽ വൈറലായിരുന്നു.
നടൻ ടോവിനോ തോമസ് ഇട്ട ഫേസ്‌ബുക്ക് കുറിപ്പ്
'ഞാൻ തൃശൂർ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേയുള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിതകേന്ദ്രമായിക്കണ്ട് ആർക്കും വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേർക്കിവിടെ താമസിക്കാം. സൗകര്യങ്ങൾ ഒരുക്കാം. ദയവുചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ.'