നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ടിനി ടോം. ഇപ്പോഴിതാ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നടന്‍. റഹ്മാന്‍ നായകനാകുന്ന ചിത്രത്തിലാണ് ടിനിയും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. 'ഓപ്പറേഷന്‍ അരപ്പൈമ' എന്ന് പേരായ ചിത്രത്തിന്റെ സംവിധായകന്‍ മുന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനായ പ്രാഷ് ആണ്.
ഒരു നേവല്‍ ഉദ്യോഗസ്ഥനാണ് റഹ്മാന്റെ നായക കഥാപാത്രം. ടിനി ടോം ഒരു ട്രാന്‍സ് വനിതയായാണ് വേഷമിടുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് പ്രമേയം. നാടോടികള്‍ ഫെയിം അഭിനയ, ഗൗരി ലക്ഷ്മി, പഞ്ചാബി നടി നേഹ സക്സേന എന്നിവരും സുപ്രധാന റോളുകളില്‍ ഉണ്ട്. 'ഒഎ' എന്ന ചുരുക്കപ്പേരില്‍ ആണ് ചിത്രം അറിയപ്പെടുന്നത്.
'തമിഴില്‍ ആദ്യമാണ് ഒരു സിനിമ പൂര്‍ണ്ണമായും യുദ്ധക്കപ്പലില്‍ ചിത്രീകരിക്കുന്നത്. സാഹസികമായിരുന്നു അത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായത്തോടെ വേണമെങ്കില്‍ എനിക്കത് പൂര്‍ത്തിയാക്കാമായിരുന്നു. എന്നാല്‍ പൂര്‍ണ്ണതയാണ് ഞാന്‍ ആഗ്രഹിച്ചത്.'ഓപ്പറേഷന്‍ അരപ്പൈമയുടെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ പറഞ്ഞു.
ഡ്രഗ് മാഫിയയില്‍ നിന്ന് ചെറുപ്പക്കാരെ എങ്ങനെ രക്ഷിച്ചെടുക്കാം എന്നതിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ പ്രമേയമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ് സിനിമ എന്ന സ്വപ്നം അവസാനം പൂര്‍ണ്ണമാകുകയാണ് എന്നായിരുന്നു ടിനി ടോമിന്റെ പ്രതികരണം.