താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും ചേരിപ്പോരും പരസ്യമായ പോരിലേക്ക് വഴിമാറുന്നു. നടി അന്‍സിബ ഹസന്‍ തനിക്കെതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി നടന്‍ ടിനി ടോം രംഗത്തെത്തി. സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, അന്‍സിബയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ മാധ്യമങ്ങളെ കാണുകയല്ല, മറിച്ച് പോലീസിനെയാണ് സമീപിക്കേണ്ടതെന്നും ടിനി ടോം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ജോയിന്റ് സെക്രട്ടറി പദവിയില്‍ നിന്നും താന്‍ രാജിവെയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നും, തനിക്കെതിരെ നടന്‍ അപവാദങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും പ്രചരിപ്പിച്ചുവെന്നുമായിരുന്നു അന്‍സിബയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, താന്‍ ആരോടും അവിഹിത കഥകള്‍ പ്രചരിപ്പിച്ചിട്ടില്ലെന്ന് ടിനി ടോം വ്യക്തമാക്കി. 'അവിഹിത കഥകള്‍ പ്രചരിപ്പിച്ചുവെന്ന് വേറൊരാള്‍ പറഞ്ഞു എന്നാണ് അന്‍സിബ അവകാശപ്പെടുന്നത്. അങ്ങനെ പറയരുത്, ഇത്തരം കാര്യങ്ങള്‍ സ്വന്തം ചെവികൊണ്ട് നേരിട്ട് കേട്ടാല്‍ മാത്രമേ മറ്റുള്ളവര്‍ക്കെതിരെ ഉന്നയിക്കാന്‍ പാടുള്ളൂ. താന്‍ ആരെയും ജിഹാദിയെന്ന് വിളിച്ചിട്ടില്ല, താനൊരു ഷോമാനുമല്ല' - ടിനി ടോം പ്രതികരിച്ചു.
'ഇവിടുത്തെ അംഗങ്ങളോട് വിവരങ്ങള്‍ പറയുന്നു എന്നല്ലാതെ ഒരു മോശമായ മെസേജും ഞാന്‍ അയക്കാറില്ല. ഇതിപ്പോള്‍ രാജിക്കത്ത് കൊടുത്തത് ഫെബ്രുവരി 21 -ാം തീയതിയാണ്. ഇപ്പോള്‍ രാജി വെക്കരുതെന്ന് പറഞ്ഞ് ജനറല്‍ സെക്രട്ടറി മെയിലിന് മറുപടി അയച്ചിട്ടുണ്ട്. വ്യക്തിപരമായ തിരക്കുകള്‍ കാരണം ആണ് വേറൊന്നുമല്ല രാജി വയ്ക്കാന്‍ കാരണമെന്ന് അന്‍സിബ പറഞ്ഞു. ഇന്ന് മെഡിക്കല്‍ ക്യാംപ് നടക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഒരു പൊട്ടിത്തെറി പോലെ ഇത് വരുന്നത്. എനിക്കറിയില്ല. നിങ്ങള്‍ക്കിപ്പോള്‍ ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യമില്ല. ഇത് കൂട്ടികിഴിച്ചാല്‍ അറിയാന്‍ പറ്റും. അമ്മയുടെ പരിപാടിയില്‍ ഞാന്‍ സജീവമാണ്. നന്നായി പ്രവര്‍ത്തിക്കുന്നവനാണ്. ഇനി ഉയര്‍ന്ന് കയറി പോകുമോ എന്നൊക്കുള്ള ചിന്തയാകാം. പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള എന്തോ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. ജിഹാദി എന്ന് വിളിച്ചതും അവിഹിത കഥ പറഞ്ഞതുമൊക്കെ വേറെ ആരോ പറഞ്ഞാണ് അറിഞ്ഞതെന്ന് അന്‍സിബ പറയുന്നു. അങ്ങനെ പറയാന്‍ പാടില്ലല്ലോ. നമുക്കൊരു നിയമസംവിധാനമുണ്ടല്ലോ. ഞാന്‍ എങ്ങനെ ജിഹാദി എന്നൊക്കെ വിളിക്കും. എന്റെ കൂട്ടുകാരന്‍മാരെല്ലാം മുസല്‍മാന്‍മാരാണ്'. - ടിനി ടോം പറഞ്ഞു.
നടന്നത് ആസൂത്രിത നീക്കമാണ്. അന്‍സിബയുടെ രാജി സ്വീകരിച്ചത് ഈ മാസം 12നാണ്. വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് പറഞ്ഞത്. ടിനി ടോമിനെതിരായ പരാതി രാജിക്കത്തില്‍ പോലും പരാമര്‍ശിച്ചിരുന്നില്ല. പൊലീസില്‍ നല്‍കിയ പരാതിയെ കുറിച്ച് മാത്രമാണ് അന്‍സിബ തന്നോട് സംസാരിച്ചത്. സംഘടനയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞിരുന്നു. മത സ്ഥാപനത്തെ സ്‌പോണ്‍സറാക്കിയതില്‍ അന്‍സിബ കമ്മിറ്റിയില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പക്ഷേ ഭൂരിഭാഗം പേരും അനുകൂലിച്ചു. അന്‍സിബയെ കേള്‍ക്കുമെന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞു.
ആരോപണത്തില്‍ പ്രതികരണവുമായി താരസംഘടന അമ്മയുടെ അധ്യക്ഷ ശ്വേത മേനോനും എത്തി. നടന്നത് ആസൂത്രിത നീക്കമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോള്‍ വന്ന പരാതി വളരെ ആസൂത്രിതമാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിബയെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. മാധ്യമങ്ങളോട് പറഞ്ഞ പരാതി അമ്മയ്ക്ക് ലഭിച്ചത് ഇന്ന് രണ്ട് മണിയോടെയാണ്. അമ്മയുടെ രീതിക്ക് അനുസരിച്ച് പരിശോധിക്കുമെന്നും ശ്വേത മേനോന്‍ പറഞ്ഞു.
അതേസമയം, ഈ വിവാദത്തില്‍ ടിനി ടോമിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് നടി പ്രിയങ്കയും രംഗത്തെത്തിയിട്ടുണ്ട്. അമ്മ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര കാര്യങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്നും അത് തെരുവിലേക്ക് വലിച്ച് ഇഴയ്ക്കരുതെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ഇതുപോലെ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി വിളിച്ചുപറയാനാണെങ്കില്‍ തങ്ങള്‍ക്കൊക്കെ ഒരുപാട് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടാകുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഒരുപാട് വര്‍ഷങ്ങളായി തനിക്ക് ടിനി ടോമിനെ അടുത്തറിയാമെന്നും, ഇതുവരെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു സ്ത്രീക്കെതിരെയും മോശം പരാമര്‍ശമുണ്ടായിട്ടില്ലെന്നും അവര്‍ സാക്ഷ്യപ്പെടുത്തി. സ്റ്റേജ് ഷോകളുടെ അണിയറയിലും റിഹേഴ്‌സലുകള്‍ക്കിടയിലും സ്വാഭാവികമായ ദേഷ്യപ്പെടലുകള്‍ ഉണ്ടാകാറുണ്ടെന്നും അതിനെ വ്യക്തിഹത്യയ്ക്കുള്ള ആയുധമാക്കുന്നത് ശരിയല്ലെന്നും ഇരുവരും ഒരേസ്വരത്തില്‍ വ്യക്തമാക്കി.
എന്നാല്‍ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്‍സിബ ഹസന്‍ മാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. താന്‍ കമ്മിറ്റിയിലെ ആരോട് സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം അവിഹിതക്കഥകള്‍ സൃഷ്ടിക്കുമായിരുന്നുവെന്നും, ഒരു പെണ്ണിനെ തകര്‍ക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി ഇത്തരം കഥകളാണെന്നും അന്‍സിബ ചൂണ്ടിക്കാട്ടി. 'അമ്മ'യുടെ കുടുംബസംഗമത്തിന് ഒരു ക്ഷേത്രം ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാമെന്ന് ഏറ്റപ്പോള്‍, സംഘടനയുടെ മതസൗഹാര്‍ദ്ദം തകര്‍ക്കരുതെന്നും സംഭാവനയായി പണം സ്വീകരിക്കാമെന്നും താന്‍ നിലപാടെടുത്തു. ഇതിന് ശേഷമാണ് തന്നെ ഒരു 'മതതീവ്രവാദി'യാക്കാനും 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിക്കാനും ടിനി ടോമിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശ്രമിച്ചതെന്ന് അന്‍സിബ ആരോപിച്ചു. ടിനി ടോമിന്റെ ഡ്രൈവറെയും ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെയും ഇസ്ലാമിലേക്ക് മതം മാറ്റാന്‍ താന്‍ ശ്രമിച്ചുവെന്ന് കമ്മിറ്റി അംഗങ്ങളോട് ടിനി പറഞ്ഞു പരത്തിയതായി നടി നീനാ കുറുപ്പാണ് തന്നോട് വെളിപ്പെടുത്തിയതെന്നും അന്‍സിബ പറയുന്നു. തന്റെ പേര് അന്‍സിബ ഹസന്‍ എന്നായതുകൊണ്ട് മാത്രമാണ് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചത്.
കുടുംബസംഗമത്തിന്റെ തലേദിവസം ഉണ്ടായ തര്‍ക്കത്തിനിടെ നീനാ കുറുപ്പിനെ ടിനി ടോം മാതാപിതാക്കളെ ചേര്‍ത്ത് തെറിവിളിക്കുകയും കയ്യാങ്കളിയുടെ വക്കോളമെത്തുകയും അടിക്കാന്‍ കൈ ഓങ്ങുകയും ചെയ്തതായും അന്‍സിബ വെളിപ്പെടുത്തി. തനിക്ക് നേരെ നടന്ന കടുത്ത മാനസിക പീഡനങ്ങളെക്കുറിച്ചും ടിനി ടോമിന്റെ പെരുമാറ്റത്തെക്കുറിച്ചും ഫെബ്രുവരി 21-ന് രാജി സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് സംഘടനയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കെല്ലാം വോയ്‌സ് മെസേജായി അയച്ചിരുന്നു. രാജി വിവരം അറിഞ്ഞപ്പോള്‍ പ്രസിഡന്റ് ശ്വേതാ മേനോന്‍ കണ്ണ് തള്ളിയ ഇമോജിയാണ് അയച്ചതെന്നും സെക്രട്ടറി കുക്കു പരമേശ്വരനോട് യഥാര്‍ത്ഥ കാരണങ്ങള്‍ താന്‍ തുറന്നുപറഞ്ഞിരുന്നുവെന്നും അന്‍സിബ വ്യക്തമാക്കി. സിനിമയിലെ കരിയറിനെ ബാധിക്കുമെന്ന് ഭയന്നാണ് ഇത്രയും കാലം പ്രതികരിക്കാതിരുന്നതെന്നും, ഇങ്ങനെയുള്ളവരുടെ കൂടെ ഒരേ കമ്മിറ്റിയിലിരിക്കാന്‍ അറപ്പ് തോന്നിയതുകൊണ്ടാണ് തന്റെ ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ചതെന്നും അന്‍സിബ പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുന്നതോടെ 'അമ്മ' സംഘടനയിലെ തര്‍ക്കങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാകുമെന്നാണ് സൂചനകള്‍.