പ്രേക്ഷകരുടെ പ്രിയതാരം ഷറഫുദീന്‍ നായകനായ മലയാള ചിത്രം 'മധുവിധു' സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഹാസ്യവും കുടുംബബന്ധങ്ങളുടെ ഇണക്കവും പിണക്കവും കൊണ്ട് ശ്രദ്ധ നേടിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് തീയറ്ററുകളില്‍ ലഭിച്ചത്. കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു ഫുള്‍ എന്റര്‍ടൈനര്‍ എന്ന നിലയില്‍ പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രം, സോണി ലിവിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന 'അമ്മു'വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാര്‍ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളെ ഹാസ്യത്തിന്റെയും വികാരങ്ങളുടെയും പശ്ചാത്തലത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. ബാബുവേട്ടന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്തകുമാര്‍- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം.
ജഗദീഷ്, സായികുമാര്‍, അസീസ് നെടുമങ്ങാട്, ശ്രീജയ, അമല്‍ ജോസ്, സഞ്ജു മധു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തില്‍, പ്രൊജക്റ്റ് ഡിസൈനര്‍ - രഞ്ജിത്ത് കരുണാകരന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് എഡിറ്റര്‍- ക്രിസ്റ്റി സെബാസ്ട്യന്‍, കലാസംവിധാനം- ഔസേപ്പ് ജോണ്‍, കോസ്റ്റ്യൂം ഡിസൈനര്‍- ദിവ്യ ജോര്‍ജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്ദിരൂര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
നര്‍മ്മവും വികാരങ്ങളും കുടുംബബന്ധങ്ങളുടെ സ്‌നേഹവും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയ 'മധുവിധു', പ്രേക്ഷകര്‍ക്ക് ഹൃദ്യമായ ഒരു സിനിമാനുഭവം നല്‍കുന്നു. ഏത് പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്.