കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ (AMMA) വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലുണ്ടായ നാടകീയ രംഗങ്ങള്‍ക്കും കൂട്ടരാജിക്കും പിന്നാലെ, സംഘടനയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി നടി ശ്വേത മേനോന്‍ പ്രഖ്യാപിച്ചു. ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് താന്‍ ഇനി 'അമ്മ'യില്‍ അംഗമല്ലെന്ന സുപ്രധാന തീരുമാനം ശ്വേത മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തനിക്കൊരു വ്യക്തിത്വമുണ്ടെന്നും ഒരു പാവയായി തുടര്‍ന്ന് ഈ സംഘടന മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്ക് താല്പര്യമില്ലെന്നും വ്യക്തമാക്കിയ താരം, സംഘടനയ്ക്കുള്ളില്‍ നടന്ന പല അണിയറ നീക്കങ്ങളും വരും ദിവസങ്ങളില്‍ തുറന്നുപറയുമെന്നും മുന്നറിയിപ്പ് നല്‍കി.
താരസംഘടനയുടെ ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞ 2025 ഓഗസ്റ്റ് 15-ന് നടന്ന തെരഞ്ഞെടുപ്പിലൂടെ ശ്വേത മേനോന്‍ പ്രസിഡന്റായും കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും അടങ്ങുന്ന വനിതാ നേതൃത്വം അധികാരമേറ്റത്. നടിമാരെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയുടെ പശ്ചാത്തലത്തില്‍ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ കടന്നുവന്നത് വലിയ ചരിത്രമായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, അധികാരമേറ്റ് വെറും 310 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍, ഒരു വര്‍ഷം തികയ്ക്കാന്‍ പോലും സാധിക്കാതെയാണ് കടുത്ത ആഭ്യന്തര കലഹങ്ങളെത്തുടര്‍ന്ന് ഈ സമിതിക്ക് പടിയിറങ്ങേണ്ടി വന്നത്. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കിനില്‍ക്കെയാണ് 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഈ നാടകീയമായ കൂട്ടരാജി. ജോയിന്റ് സെക്രട്ടറിയായിരുന്ന നടി അന്‍സിബ ഹസ്സന്‍ നേരത്തെ തന്നെ രാജിവെച്ചിരുന്നു.
ഞായറാഴ്ച കൊച്ചി കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഭരണസമിതിക്കെതിരെ ഒരു വിഭാഗം അംഗങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെയും വരവ് ചെലവ് കണക്കുകളിലെയും പിഴവുകള്‍ ചൂണ്ടിക്കാട്ടി നടന്മാരായ സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ രംഗത്തെത്തുകയും റിപ്പോര്‍ട്ട് പാസാക്കാന്‍ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇതോടെ പ്രകോപിതയായ ശ്വേത മേനോന്‍ വേദിയില്‍ കയറി തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയമായി തനിക്ക് പ്രത്യേക താല്പര്യങ്ങളൊന്നുമില്ലെന്നും എന്നാല്‍ തന്നെ ബി.ജെ.പിക്കാരിയോ കോണ്‍ഗ്രസുകാരിയോ ആക്കാന്‍ സംഘടനയ്ക്കുള്ളില്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. താരങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളായതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശ്വേത പറഞ്ഞു.
തുടര്‍ന്ന് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയ ശ്വേതയെ ബാബുരാജിന്റെ നേതൃത്വത്തില്‍ അനുനയിപ്പിച്ച് തിരികെ എത്തിച്ചെങ്കിലും, ആരോപണ പ്രത്യാരോപണങ്ങള്‍ കടുത്തതോടെ അവിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാതെ ഭരണസമിതി ഒന്നടങ്കം രാജി സമര്‍പ്പിക്കുകയായിരുന്നു.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശ്വേത മേനോന്‍ സംഘടനയ്‌ക്കെതിരെയും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. കൃത്യമായ അജണ്ടകള്‍ വെച്ച് തങ്ങളെ പുറത്താക്കാനാണ് ഒരു വിഭാഗം ശ്രമിച്ചതെന്ന് ശ്വേത ആരോപിച്ചു. സംഘടന ഇപ്പോള്‍ കുറ്റാരോപിതരുടെ കൈകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പാവകളായി നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഇനി 'അമ്മ'യെ നയിക്കാന്‍ സാധിക്കൂ. ബാബുരാജ് കമ്മിറ്റിയിലുണ്ടായിരുന്ന കാലത്തെ കണക്കുകളില്‍ വലിയ രീതിയിലുള്ള കുഴപ്പങ്ങളുണ്ടായിരുന്നുവെന്നും സെപ്റ്റംബര്‍ ഒന്നു മുതലുള്ള എല്ലാ കണക്കുകളും തന്റെ പക്കല്‍ ഭദ്രമായിട്ടുണ്ടെന്നും ശ്വേത വെളിപ്പെടുത്തി. ഇതൊരു വലിയ ഗൂഢാലോചനയുടെ കെണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനയില്‍ ഭാരവാഹികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തെരുവിലേക്കും പിന്നീട് പോലീസ് സ്റ്റേഷനിലേക്കും നീണ്ടത് ജനറല്‍ ബോഡിയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവരില്‍ നിന്ന് തനിക്ക് വലിയ അപമാനമുണ്ടായെന്ന് അന്‍സിബ ആരോപിച്ചപ്പോള്‍, സംഘടനയെ തകര്‍ക്കാന്‍ അന്‍സിബ പരസ്യ പ്രസ്താവനകള്‍ നടത്തുന്നു എന്നായിരുന്നു മറുവിഭാഗത്തിന്റെ ആക്ഷേപം. ഇതിനിടയില്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി സംസാരിച്ചതിന് ടിനി ടോം, ജോയ് മാത്യു, ലക്ഷ്മിപ്രിയ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. ഐ.എഫ്.എഫ്.കെയിലെ മദ്യപാര്‍ട്ടിയും പുതിയ വേദി കണ്ടെത്താന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചതുമെല്ലാം നേതൃത്വത്തിന്റെ പരാജയമായി യോഗത്തില്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടു.
മമ്മൂട്ടിയും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളും വലിയൊരു യുവനിരയും വിട്ടുനിന്ന യോഗത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് പങ്കെടുത്ത മുന്‍നിര താരം. നിലവിലെ ഭരണസമിതി പൂര്‍ണ്ണമായും ഒഴിഞ്ഞ സാഹചര്യത്തില്‍, സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ തന്നെ ഒരു താത്കാലിക അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ ജനറല്‍ ബോഡി തീരുമാനിച്ചിട്ടുണ്ട്. പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള പൊതുതെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും