Latest News

'സ്വപ്നങ്ങള്‍ക്ക് കാലാവധിയില്ല, ബോഡി ഷെയ്മിങ്ങില്‍ നിന്ന് നാഷണല്‍ അവാര്‍ഡിലേക്ക്'; ഇന്ദ്രന്‍സിനെ പ്രശംസ കൊണ്ട് മൂടി സൂര്യ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് നടിപ്പിന് നായകന്റെ ഹൃദയം തൊടുന്ന വാക്കുകള്‍ 

Malayalilife
 'സ്വപ്നങ്ങള്‍ക്ക് കാലാവധിയില്ല, ബോഡി ഷെയ്മിങ്ങില്‍ നിന്ന് നാഷണല്‍ അവാര്‍ഡിലേക്ക്'; ഇന്ദ്രന്‍സിനെ പ്രശംസ കൊണ്ട് മൂടി സൂര്യ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് നടിപ്പിന് നായകന്റെ ഹൃദയം തൊടുന്ന വാക്കുകള്‍ 

ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'കറുപ്പിന്റെ' ഓഡിയോ ലോഞ്ച് വേദിയില്‍ നടന്‍ ഇന്ദ്രന്‍സിനെക്കുറിച്ച് വാചാലനായി,തമിഴ് സൂപ്പര്‍ താരം സൂര്യ. താനും ഇന്ദ്രന്‍സും ഒരേ വര്‍ഷമാണ് ദേശീയ പുരസ്‌കാരം വാങ്ങിയതെന്ന് സൂര്യ പറഞ്ഞു. ഇന്ദ്രന്‍സിന്റെ ജീവിതവും കരിയറിലെ വളര്‍ച്ചയും തന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ ശരീരപ്രകൃതിയുടെ പേരില്‍ ഇന്ദ്രന്‍സ് നേരിട്ട ബോഡി ഷെയ്മിങ്ങുകളെക്കുറിച്ച് സൂര്യ സംസാരിച്ചു. '

ഏറെക്കാലം അദ്ദേഹത്തെ വച്ച് ബോഡി ഷെയ്മിങ് ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ആ കഥാപാത്രങ്ങള്‍ മാറി. ഇന്ന് യൂട്യൂബില്‍ ഇന്ദ്രന്‍സിന്റെ അഭിനയം സെര്‍ച്ച് ചെയ്താല്‍ ഓരോ സിനിമയിലും ഓരോ രൂപത്തിലാണ് അദ്ദേഹത്തെ കാണാന്‍ കഴിയുക, ആളെ കണ്ടാല്‍ വിശ്വസിക്കാനാവില്ല' - സൂര്യ പറഞ്ഞു. ഇന്ദ്രന്‍സിന്റെ ജീവിതയാത്ര ഏവര്‍ക്കും വലിയൊരു പാഠമാണെന്ന് സൂര്യ അടിവരയിട്ടു പറയുന്നു. 

 ഒരു സാധാരണ തയ്യല്‍ക്കാരനായി ജീവിതം ആരംഭിച്ച്, കോസ്റ്റ്യൂമറായി സിനിമയിലെത്തുകയും പിന്നീട് ചെറിയ വേഷങ്ങളിലൂടെ വളര്‍ന്ന് ഇന്ന് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നായകനായി അദ്ദേഹം നില്‍ക്കുകയുമാണ്. നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയ അദ്ദേഹം ഈ പ്രായത്തിലും ഏഴാം ക്ലാസ് പരീക്ഷയെഴുതി വിജയിച്ചത് വലിയ പ്രചോദനമാണെന്ന് സൂര്യ ചൂണ്ടിക്കാട്ടി. സ്വപ്നങ്ങള്‍ക്ക് എക്‌സ്‌പൈറി ഡേറ്റ് ഇല്ലെന്നും, നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഏതൊരു സ്വപ്നവും യാഥാര്‍ത്ഥ്യമാകുമെന്ന് ഇന്ദ്രന്‍സിനെ കണ്ടാണ് താന്‍ പഠിച്ചതെന്നും സൂര്യ വികാരാധീനനായി പറഞ്ഞു. 

സൂര്യ നായകനാകുന്ന 'കറുപ്പില്‍' ഇന്ദ്രന്‍സും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ തെന്നിന്ത്യയിലെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം മെയ് 14-ന് പ്രദര്‍ശനത്തിനെത്തും. ഇന്ദ്രന്‍സിനെപ്പോലൊരു പ്രതിഭയോടുള്ള ആദരവായി സൂര്യയുടെ വാക്കുകളെ മലയാളികളും തമിഴ് സിനിമാ പ്രേമികളും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു.

surya heart touching words

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES