ബംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നുവെന്ന പരാതിയില്‍ പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസില്‍ കോടതി നേരത്തെ മൂന്ന് തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാനോ ഹാജരാകാനോ അദ്ദേഹം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ ഈ കടുത്ത നടപടി.
നിയമപ്രകാരം രാജ്യത്ത് ഒരു പൗരന് ഒരിടത്ത് മാത്രമേ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കാനും നിയമപരമായ അനുവാദമുള്ളൂ. എന്നാല്‍ ഈ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി പ്രകാശ് രാജ് നാല് വോട്ടര്‍ ഐഡികള്‍ സ്വന്തമാക്കിയെന്നാണ് കേസ്. ബെംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലെ വിലാസങ്ങളിലാണ് ഈ ഐഡി കാര്‍ഡുകളുള്ളത്. ഇതില്‍ തമിഴ്‌നാട്ടിലെ വേളാച്ചേരിയില്‍ മാത്രം അദ്ദേഹത്തിന് രണ്ട് വോട്ടുകളുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ശേഷാദ്രിപുരം സ്വദേശിയായ അഡ്വക്കേറ്റ് കെ. ദിലീപ് കുമാറാണ് പ്രകാശ് രാജിനെതിരെ നിയമപോരാട്ടവുമായി മുന്നോട്ട് വന്നത്. ഈ വിഷയത്തില്‍ ദിലീപ് കുമാര്‍ നേരത്തെ ഹലാസൂരു ഗേറ്റ് പോലീസ് സ്റ്റേഷനിലും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ബെംഗളൂരു കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തത്. തുടര്‍ന്ന് കോടതി അയച്ച സമന്‍സുകളും വാറന്റും കൈപ്പറ്റിയിട്ടും കോടതിയില്‍ ഹാജരാകാതിരുന്ന നടന്റെ നിലപാടില്‍ മജിസ്‌ട്രേറ്റ് കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി.
അതേസമയം, തനിക്കെതിരെയുള്ള ഈ ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നാണ് പ്രകാശ് രാജിന്റെ പ്രതികരണം. എന്നാല്‍, അടുത്തിടെ ഉയര്‍ന്ന ധര്‍മസ്ഥല വിവാദവുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അദ്ദേഹത്തിന് വന്‍ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. അത്രയും അനുകൂല സാഹചര്യമുണ്ടായിട്ടും കോടതി ഉത്തരവനുസരിച്ച് അദ്ദേഹത്തിന് സമന്‍സ് കൈമാറാന്‍ പോലീസ് തയ്യാറാകാതിരുന്നതിനെതിരെ ഇപ്പോള്‍ പരക്കെ ആക്ഷേപവും പ്രതിഷേധവും ഉയരുന്നുണ്ട്.