Latest News

'ട്രോളുകളോട് പ്രതികരിച്ച് സമയം കളയേണ്ട, സ്‌നേഹം മാത്രം പ്രചരിപ്പിക്കുക'; മറ്റുള്ളവരുടെ ചിന്ത മാറ്റാന്‍ ശ്രമിക്കുന്നത് പ്രയാസമുള്ള കാര്യമെന്ന് സൂര്യ; താരത്തിന്റെ പ്രസ്താവനയില്‍ സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ 

Malayalilife
 'ട്രോളുകളോട് പ്രതികരിച്ച് സമയം കളയേണ്ട, സ്‌നേഹം മാത്രം പ്രചരിപ്പിക്കുക'; മറ്റുള്ളവരുടെ ചിന്ത മാറ്റാന്‍ ശ്രമിക്കുന്നത് പ്രയാസമുള്ള കാര്യമെന്ന് സൂര്യ; താരത്തിന്റെ പ്രസ്താവനയില്‍ സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ 

ട്രോളുകളോടും വിമര്‍ശകരോടും പ്രതികരിക്കരുതെന്നും മറ്റുള്ളവരുടെ ചിന്താഗതി മാറ്റാന്‍ ശ്രമിക്കുന്നത് പ്രയാസമുള്ള കാര്യമാണെന്നും സൂര്യ. തമിഴ് ചലച്ചിത്രരംഗത്ത് താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള സൈബര്‍ ആക്രമണങ്ങളും സോഷ്യല്‍ മീഡിയ പോരാട്ടങ്ങളും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ട്രോളുകളോടും വിമര്‍ശകരോടും പ്രതികരിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സോഷ്യല്‍ മീഡിയയില്‍ അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതെ സ്‌നേഹം മാത്രം പ്രചരിപ്പിക്കണമെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടു. 'ഓള്‍ ഇന്ത്യ സൂര്യ ഫാന്‍സ് ക്ലബ്ബ്' സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം. 

ട്രോളുകളോട് പ്രതികരിക്കുന്നത് സമയം കളയലാണെന്ന് സൂര്യ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയില്‍ ഒരു മണ്ടന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോള്‍ നമ്മള്‍ അതില്‍ ഇടപെട്ടാല്‍, നമ്മളും മണ്ടന്മാരായി മാറുകയും വേദനിക്കാനിടയാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് നമ്മളായിരിക്കാം, അവര്‍ അവരായിരിക്കട്ടെ; നമ്മള്‍ ഒന്നും പറയേണ്ട ആവശ്യമില്ല. അവരെ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നതോ അവരുടെ അഭിപ്രായങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതോ ബുദ്ധിമുട്ടാണ്. ചിലര്‍ അത് ഗ്രഹിച്ചേക്കാം, പക്ഷേ വലിയൊരു വിഭാഗം മനസ്സിലാക്കില്ല. നിങ്ങളുടെ ഊര്‍ജ്ജം പാഴാക്കരുത്. നിങ്ങള്‍ സ്‌നേഹിക്കുന്നത് ആത്മാര്‍ത്ഥമായി അനുദിനം പിന്തുടര്‍ന്നാല്‍, വിജയം തീര്‍ച്ചയായും നിങ്ങളെ തേടിയെത്തും.' - സൂര്യ പറഞ്ഞു. 

സൂര്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്നുവന്നത്. 'മണ്ടന്മാര്‍' എന്ന വാക്കുപയോഗിച്ചതിനെ ഒരുവിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിമര്‍ശിച്ചു. ശത്രുക്കളോട് പോലും സ്‌നേഹം കാണിക്കുകയോ അല്ലെങ്കില്‍ അവരെ അവഗണിക്കുകയോ ആണ് വേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍, തെറ്റായ പ്രചാരണങ്ങളെ എതിര്‍ക്കാതിരുന്നാല്‍ അത് തെറ്റായ ചിന്താഗതികള്‍ വളരാന്‍ ഇടയാക്കുമെന്ന വാദവും ഉയര്‍ന്നുവന്നു. 

അതേസമയം, സൂര്യയുടെ ആരാധകര്‍ താരത്തിന്റെ നിലപാടിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തു. 'ഇത് നിങ്ങളെ ചൊടിപ്പിക്കുന്നുവെങ്കില്‍, അഭിനന്ദനങ്ങള്‍! അദ്ദേഹം ഉദ്ദേശിച്ച കൃത്യമായ മണ്ടന്‍ നിങ്ങളാണ്' എന്നാണ് ഒരാള്‍ റെഡ്ഡിറ്റില്‍ പ്രതികരിച്ചത്. 

ഉറങ്ങുന്ന ആളെ നിങ്ങള്‍ക്ക് തട്ടിയുണര്‍ത്താം, എന്നാല്‍ ഉറക്കം നടിക്കുന്ന ആളെ നിങ്ങള്‍ക്ക് ഒരിക്കലും ഉണര്‍ത്താന്‍ കഴിയില്ല, അതാണ് പ്രശ്‌നമെന്നും സൂര്യയെ അനുകൂലിക്കുന്നവര്‍ പ്രതികരിച്ചു.  കോളിവുഡില്‍ വലിയ താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ എതിരാളികളായ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നതും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവുകാഴ്ചയാണ്. കോളിവുഡിലെ പ്രമുഖ താരങ്ങളായ വിജയ്യുടേയും അജിത് കുമാറിന്റേയും ആരാധകര്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഫാന്‍ വാറുകള്‍ക്ക് വിരാമമിട്ട സംഭവങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ട്.

സിനിമ കാണുന്നതിനൊപ്പം സ്വന്തം ജീവിതത്തിലും കാര്യങ്ങളിലും ശ്രദ്ധ നല്‍കാന്‍ അജിത്ത് മുന്‍പ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'സീന്‍' ആണ് സൂര്യയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. നസ്രിയ നായികയാകുന്ന ചിത്രത്തില്‍ നസ്ലിനും സുപ്രധാന വേഷത്തിലുണ്ട്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 

Read more topics: # സൂര്യ.
surya about troll

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES