തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്ററെ കടുത്ത ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസ് അതിഥിയായി എത്തിയിരിക്കുകയാണ് താരം.
തമിഴ്‌നാട്ടിലെ ഒരു ആരാധകന്റെ വിവാഹത്തിന് സൂര്യ അപ്രതീക്ഷിതമായി കടന്നുവരുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ചര്‍ച്ചയാകുന്നത്. ഫാന്‍സ് ക്ലബ് അംഗമായ ഹരിയുടെ വിവാഹത്തിനാണ് സൂര്യയെത്തിയത്. മാസ്‌കും വെളള ഷര്‍ട്ടും ധരിച്ചെത്തിയ താരത്തെ ആദ്യം ആര്‍ക്കും മനസിലായില്ല. തുടര്‍ന്ന് ദമ്പതികളുടെ സമീപത്തെത്തിയതിനുശേഷമാണ് താരം മാസ്‌ക് മാറ്റിയത്. ഒടുവില്‍ ഹരിക്ക് താലി കൈമാറിയതും വിവാഹത്തിന്റെ ചടങ്ങുകള്‍ക്ക് മുഖ്യപങ്കുവഹിച്ചതും സൂര്യ തന്നെയായിരുന്നു.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സൂര്യ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരിലുളള എക്‌സ് പേജാണ് പങ്കുവച്ചത്. ഇതിനകം തന്നെ പോസ്റ്റിന് പ്രതികരണവുമായി ലക്ഷക്കണക്കിനുപേരാണ് രംഗത്തെത്തിയത്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടെ പുതിയ ചിത്രം. മൂന്നൂറ് കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂര്യക്കൊപ്പം നായികയായി എത്തുന്നത് ദിഷാ പഠാണിയാണ്. നടരാജന്‍ സുബ്രഹ്മണ്യം, ജഗപതി ബാബു, റെഡ്‌ലിന്‍ കിംഗ്‌സ്‌ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വടിവാസല്‍' എന്ന ചിത്രത്തില്‍ സൂര്യ നായകനായി എത്തുമെന്ന വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം