അന്തരിച്ച നടന്‍ സലീം കുമാറിന്റെ പറവൂരിലെ സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും ക്യാമറക്കണ്ണുകളും കാട്ടിക്കൂട്ടിയ വിവരക്കേടുകള്‍ക്കെതിരെ സിനിമയ്ക്കുള്ളില്‍ നിന്നും പുറത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ യൂട്യൂബ് ചാനലുകാരും ആളുകളും മൃതദേഹത്തിന് മുകളിലേക്ക് ഇരച്ചുകയറിയപ്പോള്‍ സഹികെട്ട് സലീം കുമാറിന്റെ മകന്‍ ചന്തു പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു.
ഇപ്പോഴിതാ, മരണവീട്ടിലെ ഈ ദയനീയ കാഴ്ചയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നിര്‍മ്മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. തത്സമയം എല്ലാം ജനങ്ങളിലേക്ക് എത്തിക്കണമെന്ന മാധ്യമങ്ങളുടെ ആര്‍ത്തി അതിരുകടക്കുകയാണെന്നും, പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട മനുഷ്യരെ സമാധാനത്തോടെ ദുഃഖിക്കാന്‍ പോലും അനുവദിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും സുപ്രിയ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കടുത്ത ഭാഷയില്‍ കുറിച്ചു. മുന്‍പ് മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന സുപ്രിയയുടെ ഈ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.
സുപ്രിയയുടെ കുറിപ്പ് ഇങ്ങനെ: 'വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാന്‍ ശ്രമിക്കുകയാണ്. ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാല്‍ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു വലിയ കൂട്ടം തന്നെയെത്തുന്നു. ഈ അവസാന വിടവാങ്ങല്‍ ക്ലോസപ്പില്‍ പകര്‍ക്കാന്‍ അവര്‍ തിരക്കുകൂട്ടുകയാണ്, ഇരയെ ലക്ഷ്യമാക്കി കൂടുതല്‍ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ!
അല്പം സ്ഥലം ലഭിക്കാന്‍ വേണ്ടി ആ മകന്‍ നിലവിളിക്കുന്നു. ഒന്നു സമാധാനത്തോടെ കരയാന്‍ വേണ്ടി അവരോട് പിന്നോട്ട് മാറാന്‍ ആവശ്യപ്പെടുന്നു. കഷ്ടം, നാം എന്തായിത്തീര്‍ന്നിരിക്കുന്നു? എല്ലാ മര്യാദയും അച്ചടക്കവും ഉപേക്ഷിച്ച്, തത്സമയം എല്ലാം അറിയാനുള്ള ഈ ആര്‍ത്തി എന്താണ്? ആളുകളെ സമാധാനത്തോടെ ദുഃഖിക്കാന്‍ അനുവദിക്കുക, അവര്‍ക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്. സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇതൊരു പത്രപ്രവര്‍ത്തനമല്ല, ഇത് വെറും പ്രദര്‍ശനപരതയാണ്! വികാരഭരിതവും അനാവശ്യവുമാണ്,' സുപ്രിയ കുറിച്ചു.
സെലിബ്രിറ്റികള്‍ മരിക്കുമ്പോള്‍ അവരുടെ ബന്ധുക്കളുടെ കണ്ണീരും നെഞ്ചുപൊട്ടിയുള്ള കരച്ചിലും ക്യാമറയില്‍ പകര്‍ത്തി വ്യൂസ് കൂട്ടാന്‍ നോക്കുന്ന ചാനലുകള്‍ക്ക് സുപ്രിയ നല്‍കിയ മറുപടി കൃത്യമാണെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. അച്ഛന്‍ നഷ്ടപ്പെട്ട വേദനയില്‍ നില്‍ക്കുമ്പോള്‍ ക്യാമറകള്‍ മുഖത്തേക്ക് കുത്തിപ്പിടിച്ചവരോട് 'ഒന്ന് മാറി നില്‍ക്കൂ' എന്ന് പറവൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് ചന്തു പൊട്ടിത്തെറിച്ചപ്പോള്‍ വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മരണവീടുകളിലെ ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അതിക്രമങ്ങള്‍ക്കും ക്യാമറക്കണ്ണുകളുടെ ആര്‍ത്തിക്കും എന്നാണൊരു അറുതി വരിക എന്ന ചോദ്യമാണ് സുപ്രിയയുടെ ഈ കുറിപ്പിലൂടെ വീണ്ടും ഉയരുന്നത്.