പ്രണവ് മോഹന്‍ലാലിന്റെ വേറിട്ട ജീവിതശൈലിയെയും ചിന്തകളെയും കുറിച്ച് സഹപ്രവര്‍ത്തകര്‍ പലരും വാതോരാതെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ, പ്രണവിനൊപ്പമുള്ള തന്റെ അനുഭവങ്ങളും അദ്ദേഹത്തിന്റെ ലളിതമായ ജീവിതരീതിയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് പ്രശസ്ത സംഗീതസംവിധായകന്‍ അനില്‍ ജോണ്‍സണ്‍. 'ദൃശ്യം' അടക്കമുള്ള ചിത്രങ്ങള്‍ക്ക് ഈണമൊരുക്കിയ അനില്‍ ജോണ്‍സണ്‍ ആയിരുന്നു പ്രണവ് നായകനായി അരങ്ങേറിയ 'ആദി' എന്ന സിനിമയുടെയും സംഗീതസംവിധായകന്‍. ഈ ചിത്രത്തില്‍ പ്രണവ് തന്നെ വരികളെഴുതി ഒരു ഇംഗ്ലീഷ് ഗാനം ആലപിച്ചിട്ടുമുണ്ട്.
അടുക്കുന്തോറും ഇഷ്ടം കൂടുന്ന വ്യക്തിത്വമാണ് പ്രണവിന്റേതെന്ന് അനില്‍ ജോണ്‍സണ്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'എനിക്ക് മനസ്സിലായിട്ടുള്ളത് പുള്ളി ഭയങ്കരമായി സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണെന്നാണ്. തന്റെ ചിന്തകള്‍ ലോകത്തിന് ആവശ്യമുണ്ടെങ്കില്‍ മാത്രം കൊടുത്താല്‍ മതി എന്ന ലൈനിലാണ് പുള്ളി ചിന്തിക്കുന്നത്. ആദ്യമായി ഇവിടെ വന്നിട്ട് ഞങ്ങള്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ 'നമുക്ക് ഷെയര്‍ ചെയ്യാം' എന്ന് പറഞ്ഞ ആളാണ് പ്രണവ്. ഈ സംഭവത്തില്‍ നിന്ന് തന്നെ പ്രണവിനെക്കുറിച്ച് തനിക്ക് എല്ലാം മനസ്സിലായിരുന്നുവെന്നും അനില്‍ ജോണ്‍സണ്‍ പറഞ്ഞു.
പല സ്ഥലങ്ങളിലും ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഫോട്ടോ എടുക്കാനായി ആളുകള്‍ വരും. പ്രണവ് ഒരിക്കലും ഒരതൃപ്തിയും കാണിക്കില്ല, മിണ്ടാതെ അവിടെ നിന്നു കൊടുക്കും. ഇതുകണ്ട് ബോറടിക്കില്ലേ എന്ന് തോന്നി ഞാന്‍ ഒരിക്കല്‍ ചോദിച്ചു. 'ചേട്ടാ, നാലഞ്ച് ദിവസമായിട്ട് ഇത് തന്നെയാണ് അവസ്ഥ' എന്നായിരുന്നു മറുപടി. 'എന്റെ ഒരു സ്‌റ്റൈല്‍ ഓഫ് ലൈഫ് ഇങ്ങനെയാണ്. ഞാന്‍ ഒന്നിനോടും അറ്റാച്ച്ഡ് അല്ല' എന്ന രീതിയാണ് പുള്ളിക്ക്. സൗഹൃദവും അങ്ങനെയാണ്; ഇപ്പോള്‍ കണ്ടാല്‍ അന്ന് കണ്ടപ്പോഴത്തെ അതേ സ്‌നേഹം കാണിക്കും. അതിനായി പ്രത്യേകം വിളിക്കുകയോ ഒന്നുമില്ല. ഭയങ്കര രസമുള്ള ഒരാളാണ് പ്രണവ്.' അനില്‍ ജോണ്‍സണ്‍ പറഞ്ഞു
പുള്ളിക്ക് ഒരു സെക്കന്‍ഡ് ഹാന്‍ഡ് പോളോ കാര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ എന്തോ സംസാരിച്ച കൂട്ടത്തില്‍ പുള്ളി പറഞ്ഞു; 'ചേട്ടാ, ടയറിനൊക്കെ ഇത്ര വിലയാണെന്ന് മനസ്സിലായത് ഈയിടെ വണ്ടിയുടെ ഒരു ടയര്‍ പൊട്ടി മാറ്റിയപ്പോഴാണ്. കടയില്‍ ചെന്നപ്പോള്‍ ഒന്നിന് 12,000 രൂപ ആകുമെന്ന് പറഞ്ഞു' എന്ന്. കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ചിരിയാണ് വന്നത്. പക്ഷേ അതാണ് അയാള്‍. സ്വന്തം അധ്വാനം കൊണ്ട് കാര്യങ്ങള്‍ ചെയ്യുക എന്നൊരു ലെവലിലാണ് പുള്ളി. എന്ത് ചോദിച്ചാലും കൈയെത്താ ദൂരത്ത് കിട്ടാവുന്ന ഒരു സാഹചര്യത്തില്‍ ഇരുന്ന് ഇങ്ങനെയൊക്കെ ചിന്തിക്കുക എന്ന് പറയുന്നത് വലിയൊരു ക്വാളിറ്റിയാണ്. അതില്‍ സുചി ചേച്ചിയുടെയും കുടുംബത്തിന്റെയും ഒരു മോള്‍ഡിംഗ് ഉണ്ട്. അവര്‍ ഒന്നിനോടും അമിതമായി അറ്റാച്ച്ഡ് അല്ല. അതിപ്പോള്‍ ലാലേട്ടനായാലും അങ്ങനെയല്ലേ, ഒന്നിനോടും അറ്റാച്ച്ഡ് അല്ല.'അനില്‍ ജോണ്‍സണ്‍ പറഞ്ഞു.