Latest News

സിനിമയില്‍ നിന്ന് ബ്രേക്ക് കിട്ടുമ്പോഴെല്ലാം ഫാമില്‍;15 വര്‍ഷമായി മമ്മൂക്ക കൊണ്ട് പോയി കാണാക്കാമോയെന്ന് ചോദിക്കുന്നു;അത് എന്റെ വ്യക്തിപരമായ സന്തോഷം; സിനിമയില്ലെങ്കില്‍ ഞാന്‍ അവിടെ കാണും; മനസ്സ് തുറന്ന് ജയറാം 

Malayalilife
സിനിമയില്‍ നിന്ന് ബ്രേക്ക് കിട്ടുമ്പോഴെല്ലാം ഫാമില്‍;15 വര്‍ഷമായി മമ്മൂക്ക കൊണ്ട് പോയി കാണാക്കാമോയെന്ന് ചോദിക്കുന്നു;അത് എന്റെ വ്യക്തിപരമായ സന്തോഷം; സിനിമയില്ലെങ്കില്‍ ഞാന്‍ അവിടെ കാണും; മനസ്സ് തുറന്ന് ജയറാം 

മലയാളികള്‍ക്ക് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കാകെ ഏറെ പ്രിയങ്കരനായ നടനാണ് ജയറാം. അഭിനയത്തിന് പുറമെ മികച്ചൊരു മേളപ്രേമിയും കഥകളി കലാകാരനുമായ ജയറാമിന് കൃഷിയോടും വലിയ താല്പര്യമാണുള്ളത്. കേരളത്തില്‍ സ്വന്തമായി ഒരു ഫാമും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ, ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കൃഷി വിശേഷങ്ങളെക്കുറിച്ചും നടന്‍ മമ്മൂട്ടിയുമായുള്ള ഒരു രസകരമായ ഓര്‍മ്മയെക്കുറിച്ചും ജയറാം പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

തന്റെ പുതിയ തമിഴ് ചിത്രമായ 'പരിമള ആന്‍ഡ് കോ'യുടെ പ്രൊമോഷന്റെ ഭാഗമായി 'സിനിമ വികടന്‍' നല്‍കിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ തുറന്നുപറച്ചില്‍.  കാണികളിലൊരാളായ പെണ്‍കുട്ടി, 'ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ സിനിമ എന്നൊന്ന് ഇല്ലെങ്കില്‍ ജയറാം എന്ത് ചെയ്യും, എവിടെയായിരിക്കും?' എന്ന് ചോദിച്ചപ്പോഴാണ് താരം തന്റെ മനസ്സ് തുറന്നത്. 'ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ സിനിമയോ കോടമ്പാക്കമോ ഒന്നും ഇല്ലെങ്കില്‍ ഞാന്‍ നേരെ കേരളത്തിലെ എന്റെ ഫാമിലേക്ക് പോകും. ഒരുപാട് വര്‍ഷങ്ങളായി എനിക്ക് അവിടെ കൃഷിയുണ്ട്. എന്നാല്‍ അത് ഞാന്‍ പുറമേക്ക് അധികം പ്രദര്‍ശിപ്പിക്കാറില്ല. ഫോട്ടോ എടുക്കുകയോ മറ്റുള്ളവരെ കാണിക്കുകയോ ചെയ്യാറില്ല. 

ആരും അവിടെ വന്നിട്ടുമില്ല. ഇത്തരം കാര്യങ്ങളില്‍ വലിയ താല്പര്യമുള്ള ആളാണ് മമ്മൂട്ടി സാര്‍. 'ഒരു തവണ എന്നെ അവിടെ കൊണ്ടുപോയി കാണിക്കാമോ' എന്ന് കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം എന്നോട് ചോദിക്കുന്നു. പക്ഷേ ഞാന്‍ സമ്മതിച്ചിട്ടില്ല. കാരണം, അത് എന്റെ മാത്രം വ്യക്തിപരമായ സന്തോഷമാണ്. അതുകൊണ്ട് ആരെയും കൊണ്ടുപോകില്ല.' ജയറാം പറഞ്ഞു. 

കൃഷിക്കൊപ്പം വലിയ രീതിയില്‍ കന്നുകാലി വളര്‍ത്തലും തനിക്കുണ്ടെന്ന് ജയറാം പറയുന്നു. സിനിമയില്‍ നിന്ന് ബ്രേക്ക് കിട്ടുമ്പോഴെല്ലാം താന്‍ ഈ ഫാമിലാണ് സമയം ചെലവഴിക്കാറുള്ളത്. സിനിമയിലാണെങ്കില്‍ രാവിലെ 6 മണിക്കാണ് ഒരു ദിവസം ആരംഭിക്കുന്നത്. എന്നാല്‍ ഫാമില്‍ അത് പുലര്‍ച്ചെ 3.30-ന് ആയിരിക്കും. പശുവിനെ കറക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ആ സമയത്താണ് തുടങ്ങുക. അത് രാവിലെ 7.30 - 8 മണി വരെ നീളും. വൈകുന്നേരം വരെ അവിടെ പലതരത്തിലുള്ള ജോലികള്‍ കാണും. അതില്‍ താന്‍ പൂര്‍ണ്ണമായും മുഴുകാറുണ്ടെന്നും ഏറെ ആസ്വദിക്കാറുണ്ടെന്നും ജയറാം വ്യക്തമാക്കി. 

 തനിക്ക് കൃഷിക്ക് മൂന്ന് തവണ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന കാര്യവും ജയറാം അഭിമുഖത്തില്‍ പങ്കുവെച്ചു. 2005-ല്‍ മികച്ച പരിസ്ഥിതി സൗഹൃദ ഫാം, മികച്ച ഫാം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും, 2022-ല്‍ മികച്ച കര്‍ഷകനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ജയറാമിന് ലഭിച്ചിട്ടുണ്ട്. കൗതുകകരമായ കാര്യം, ഈ പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ അഭിനന്ദിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു എന്നതാണ്. ഇനി കൃഷിയും സിനിമയും കഴിഞ്ഞും സമയം ലഭിച്ചാല്‍ താന്‍ ചെണ്ട കൊട്ടാന്‍ പോകുമെന്നും ജയറാം ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

Read more topics: # ജയറാം.
jayaram about his farm in kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES