സൂപ്പര്‍താരങ്ങളായ കമല്‍ഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രം വരുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് സംവിധായകയും നിര്‍മ്മാതാവുമായ സൗന്ദര്യ രജനീകാന്ത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്ത് നായകനാകുമെന്ന് സൗന്ദര്യ പറഞ്ഞു. ഗലാട്ട സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ നടി ശ്രുതിഹാസനൊപ്പം സംസാരിക്കുകയായിരുന്നു സൗന്ദര്യ.
കുറച്ചുകാലമായി സിനിമാലോകത്തും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു കമല്‍ രജനി കൂട്ടുകെട്ടിലെ ചിത്രം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്റ്റിനെക്കുറിച്ച് ആദ്യ സൂചന നല്‍കിയത് കമല്‍ഹാസന്‍ തന്നെയായിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ നടന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍, താന്‍ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 'ഇതൊരു ഗംഭീര സംഭവമാകുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നല്ലതാണ്. അവര്‍ സന്തോഷിച്ചാല്‍ ഞങ്ങള്‍ക്കും സന്തോഷമാകും,' കമല്‍ അന്ന് പ്രതികരിച്ചു.
ഇപ്പോഴിതാ, ഗലാട്ട അവാര്‍ഡ് വേദിയില്‍ അവതാരകര്‍ ഇക്കാര്യം വീണ്ടും തിരക്കിയപ്പോഴാണ് സൗന്ദര്യ കമല്‍ രജനി കൂട്ടുകെട്ടിലെ ചിത്രത്തിന്റെ സാധ്യതകള്‍ പറഞ്ഞത്. 'വിശദാംശങ്ങള്‍ ഞങ്ങളുടെ അച്ഛന്മാര്‍ തന്നെ പറയുന്നതാകും ഉചിതം. പക്ഷേ, തീര്‍ച്ചയായും അപ്പ (കമല്‍ഹാസന്‍) കമല്‍ അങ്കിളിന്റെ ബാനറില്‍ (രാജ് കമല്‍ ഫിലിംസ്) സിനിമ ചെയ്യും. ഏത് തരത്തിലുള്ള സിനിമയായിരിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലാണ്. തലൈവര്‍ തന്നെ ഇക്കാര്യം ഉടന്‍ വെളിപ്പെടുത്തും,' സൗന്ദര്യ പറഞ്ഞു.