അധികം സൗഹൃദങ്ങളില്ലാത്ത വ്യക്തിയാണ് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനെന്ന് ഗായകന്‍ സോനു നിഗം. ആരോടും തുറന്ന് സംസാരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും അധികം ബന്ധങ്ങള്‍ സ്ഥാപിക്കുന്ന ആളല്ലെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സോനു നിഗം പറഞ്ഞു. 'അദ്ദേഹത്തിന് അധികം ബന്ധങ്ങളുണ്ടായിരുന്നില്ല. അങ്ങനെ ബന്ധങ്ങള്‍ സൂക്ഷിക്കുന്ന ആളുമല്ല. എ.ആര്‍. റഹ്മാന്‍ ആരോടും തുറന്ന് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഒരുപക്ഷെ പഴയ സുഹൃത്തുക്കളോട് സംസാരിക്കുമായിരിക്കും. പക്ഷെ, ഞാന്‍ ഇതുവരെ ആരോടും മനസ് തുറന്ന് സംസാരിക്കുന്നതോ ആരോടെങ്കിലും അടുത്ത ബന്ധം സൂക്ഷിക്കുന്നതോ കണ്ടിട്ടില്ല.
അദ്ദേഹത്തിന്റെ ശ്രദ്ധ ജോലിയില്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഹ്മാനൊപ്പം യു.എസിലുടനീളം പര്യടനം നടത്തിയിട്ടുണ്ട്. അതില്‍നിന്ന് മനസിലായത്, അദ്ദേഹത്തിന് ഗോസിപ്പ് പറയാന്‍ അറിയില്ല എന്നതാണ്. അത് ഒരിക്കലും അദ്ദേഹത്തിന്റെ കുറ്റമല്ല. അദ്ദേഹം അങ്ങനെയാണ്. എന്നേക്കുറിച്ചോ മറ്റാരെക്കുറിച്ചോ ഒന്നും അറിയണമെന്നില്ല. അതുപോലെ തിരിച്ചും തന്നേക്കുറിച്ചും ആരും അറിയാന്‍ അദ്ദേഹവും ആഗ്രഹിക്കുന്നില്ല. ആരോടും അദ്ദേഹം മോശമായി പെരുമാറില്ല. ആരേയും വേദനിപ്പിക്കില്ല. ആരെക്കുറിച്ചും മോശം പറയില്ല. കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരിക്കാം. പക്ഷേ, മറ്റാരോടും സൗഹാര്‍ദപരമായി പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല. തന്നോട് പരിധിയില്‍ കൂടുതല്‍ അടുക്കാന്‍ ആരെയും അദ്ദേഹം അനുവദിക്കില്ല. അങ്ങനെയാണ് എ.ആര്‍. റഹ്മാന്‍'-സോനു നിഗം പറഞ്ഞു.