അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും മലയാളികളെ വിസ്മയിപ്പിക്കുന്ന നടനാണ് സിദ്ദിഖ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് അദ്ദേഹം. നായകനായും സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായുമൊക്കെ തിളങ്ങിയിട്ടുള്ള സിദ്ദിഖിന് പ്രേക്ഷക മനസ്സില്‍ പ്രത്യേകമായൊരു സ്ഥാനം തന്നെയുണ്ട്. ഏതൊരു വേഷവും അനായാസം അവതരിപ്പിക്കാന്‍ കഴിവുള്ള സോഷ്യല്‍ മീഡിയയിലും സജീവമാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസം സിദ്ദിഖ് പങ്കുവച്ച ഒരു പോസ്റ്റും അതോടു ചേര്‍ത്തു വച്ചിട്ടുള്ള ഒരു കത്തുമാണ് ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സിദ്ദിഖിന്റെ പിറന്നാള്‍. ഈ പിറന്നാള്‍ ദിനത്തില്‍ 30 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം ഒരാള്‍ തനിക്ക് അയച്ച കത്തിന് നല്കിയ മറുപടി കത്താണ് സിദ്ദിഖ് പങ്കുവെച്ചിരിക്കുന്നത്. മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് നജീബ് മൂദാദി എന്നൊരാള്‍ എനിക്കയച്ച കത്തിന് ഞാന്‍ അയച്ച മറുപടിയാണ് ഇത് ... ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജില്‍ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാള്‍ സമ്മാനമായിട്ട് ഞാന്‍ ഈ കത്ത് കണക്കാക്കുന്നു.. നിങ്ങള്‍ക്കെല്ലാവര്‍ക്കും വായിക്കാന്‍ വേണ്ടി ഞാനിത് എന്റെ പേജില്‍ പോസ്റ്റ് ചെയ്യുന്നു. ആ കത്ത് ഇങ്ങനെയാണ്:
ഒപ്പം അദ്ദേഹം അയച്ച കത്തിന്റെ ചിത്രവും പങ്കുവെച്ചു. സ്നേഹം നിറഞ്ഞ ആ കത്തിലെ വരികള്‍ ഇങ്ങനെ ആയിരുന്നു. താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും, കഴിഞ്ഞദിവസമാണ് വന്നതെന്നും, താങ്കള്‍ എന്നെ പ്രത്യേകം ശ്രദ്ധിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമെന്നും കുറിച്ച അദ്ദേഹം വരാന്‍ പോകുന്ന ചിത്രങ്ങളെക്കുറിച്ചും, ഇനിയും തന്റെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കണമെന്നും ആരാധകനോടായി പറയുന്നുണ്ട്.
നിരവധി പേരാണ് പോസ്റ്റിന് താഴെ സിദ്ദിഖുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചെത്തിയത്. 'ഞാന്‍ ആദ്യമായി നേരില്‍ കാണുന്ന നടന് ആണ് താങ്കള്‍. ഒത്തിരി വര്‍ഷം മുന്‍പ് നടന്ന കാര്യമാണ്. എറണാകുളം... സ്ഥലം കൃത്യമായി ഓര്‍ക്കുന്നില്ല ഞാന്‍ അച്ഛന്റെ കൂടെ ഓട്ടോയില്‍ യാത്ര ചെയ്യുക ആയിരുന്നു. ഒരു റെയില്‍വേ ക്രോസില്‍ വണ്ടി നിന്നപ്പോള്‍ എതിരെയുള്ള മാരുതി 800 താങ്കള്‍ ഇരിക്കുന്നു. ഞാന്‍ താങ്കളെ കണ്ട സന്തോഷത്തില്‍ അച്ഛാ സിദ്ദിഖ് സിദ്ദിഖ് എന്നു വിളിച്ചു കൂവി',
'അപ്പോള്‍ തന്നെ സര് എന്നോട് വളരെ സ്നേഹത്തില്‍ മോളെ എന്നെ ഇത്ര ഇഷ്ടമാണോ എന്നൊക്കെ ചോദിച്ചു. ഓട്ടോ ഡ്രൈവറോട് ഉള്‍പ്പെടെ എല്ലാവരോടും വളരെ കാര്യമായി വിശേഷങ്ങള്‍ ഒക്കെ ചോദിച്ചതും ഓര്‍ക്കുന്നു. എനിക്കിപ്പോള്‍ 40 വയസായി എന്നാലും താങ്കളിലെ മനുഷ്യനെ ഇന്നും മനസു നിറഞ്ഞു തന്നെയാ ഓര്‍ക്കുന്നെ. സന്തോഷം നിറഞ്ഞ ആശംസകള്‍', എന്നാണ് ഒരു ആരാധിക കുറിച്ചത്. സോഷ്യല്‍മീഡിയയുടെ കാലത്തിന് മുന്‍പ് താരങ്ങള്‍ ആരാധകരോട് സംസാരിച്ചിരുന്നത് കത്തുകള്‍ വഴിയാണ്. വളരെ അപൂര്‍വ്വമായിട്ട് മാത്രമേ കത്തുകള്‍ പോലും ലഭിച്ചിരുന്നുള്ളൂ. അങ്ങനെ ഒരു കത്തിന്റെ ഓര്‍മ്മ സിദ്ദീഖ് പങ്കുവച്ചപ്പോള്‍ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് അതു സ്വീകരിച്ചത്.
അറുപത്തിയൊന്നുകാരനായ നടന് സിദ്ദിഖ് ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. അടുത്തിടെ സിദ്ദിഖ് പങ്കുവച്ച നടന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരുന്നു.