Latest News

വെട്രിമാരനൊപ്പം തമിഴ് ചിത്രം ചെയ്യാന്‍ ആഗ്രഹമെന്ന് ജൂനിയര്‍ എന്‍ടിആര്‍;.. സിനിമ ചെയ്യുമെന്ന് മറുപടിയുമായി വെട്രിമാരനും

Malayalilife
 വെട്രിമാരനൊപ്പം തമിഴ് ചിത്രം ചെയ്യാന്‍ ആഗ്രഹമെന്ന് ജൂനിയര്‍ എന്‍ടിആര്‍;.. സിനിമ ചെയ്യുമെന്ന് മറുപടിയുമായി വെട്രിമാരനും

പുതിയ ചിത്രമായ ദേവരയുടെ തമിഴ്‌നാട്ടിലെ പ്രമോഷന്‍ ചടങ്ങിനിടെ സംവിധായകന്‍ വെട്രിമാരനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞ് തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍.ടി.ആര്‍. തമിഴ് സിനിമയില്‍ എന്നാണ് അഭിനയിക്കുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍.

എന്നോടൊപ്പം ഒരു സിനിമ ചെയ്യാമോ എന്ന് വെട്രിമാരന്‍ സാറിനോട് ചോദിക്കുകയാണ്. ആ ചിത്രം തമിഴില്‍ ചെയ്ത് തെലുങ്കിലേക്ക് ഡബ്ബ് ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും പ്രൊമോഷന്‍ ഇവന്റില്‍ ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു. താരത്തിന്റെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെട്രിമാരന്‍ ഇപ്പോള്‍.

ഒരു സിനിമ ചെയ്യുന്ന കാര്യം താനും ജൂനിയര്‍ എന്‍ടിആറുമായി മുമ്പേ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇരുവരുടെയും ഇപ്പോഴത്തെ തിരക്കുകള്‍ ഒഴിഞ്ഞാല്‍ ഒരുമിച്ചുള്ള സിനിമയെ കുറിച്ച് സംസാരിക്കുമെന്നും വെട്രിമാരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തിരക്കഥ തയാറാണോ എന്ന ചോദ്യത്തിന് ഇല്ലെന്നും സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊരട്ടല ശിവയും എന്‍ടിആറും 'ജനതാ ഗാരേജി'ന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ദേവര. ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രം സെപ്റ്റംബര്‍ 27ന് തിയേറ്ററുകളിലെത്തും. സിനിമയുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഒപ്പം സ്പെഷ്യല്‍ ഷോകളും ദേവരയുടേതായി ഉണ്ടാകും. റിലീസ് ദിവസം അര്‍ദ്ധരാത്രി 12 മണി മുതല്‍ ചിത്രത്തിന്റെ ഷോ ആരംഭിക്കും. ദിവസേന ആറ് ഷോകള്‍ വരെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ്.

vetrimaran about jr ntr

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES