Latest News

വെറും 19 വയസ് മാത്രം ഉള്ളപ്പോഴാണ് പരാതിക്കാരിയെ സമീപിച്ചതെന്ന് വൃന്ദ ഗ്രോവര്‍; പരാതി വൈകിയതും പരാതിക്കാരി 2019 മുതല്‍ 2022 വരെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകളും ചൂണ്ടിക്കാട്ടി മുകുള്‍ റോഹത്ഗി; സിദ്ധിഖിന് വേണ്ടി സുപ്രീം കോടതിയില്‍ നടന്നത് ചൂടേറിയ വാദങ്ങള്‍; നടന്റെ അനകൂലവിധി ആഘോഷമാക്കി നാട്ടുകാരന്‍

Malayalilife
വെറും 19 വയസ് മാത്രം ഉള്ളപ്പോഴാണ് പരാതിക്കാരിയെ സമീപിച്ചതെന്ന് വൃന്ദ ഗ്രോവര്‍; പരാതി വൈകിയതും പരാതിക്കാരി 2019 മുതല്‍ 2022 വരെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകളും ചൂണ്ടിക്കാട്ടി മുകുള്‍ റോഹത്ഗി; സിദ്ധിഖിന് വേണ്ടി സുപ്രീം കോടതിയില്‍ നടന്നത് ചൂടേറിയ വാദങ്ങള്‍; നടന്റെ അനകൂലവിധി ആഘോഷമാക്കി നാട്ടുകാരന്‍

സിദ്ധിഖിന് എതിരെ സുപ്രീം കോടതിയില്‍ പരാതിക്കാരിയുടെ അഭിഭാഷക ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങള്‍. ഈ കേസിനെ സാധാരണമായി പരിഗണിക്കരുതെന്നും വിശാല അര്‍ഥത്തില്‍ കാണണമെന്നും പരാതിക്കാരിയുടെ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ കോടതിയില്‍ പറഞ്ഞു. കേസിലെ സാഹചര്യം പൂര്‍ണമായും വിശദീകരിക്കാന്‍ കഴിയുമെന്നും അവര്‍ ബോധിപ്പിച്ചു. അതേസമയം 'ഇത്തരം കാര്യങ്ങള്‍' നടക്കുന്ന സിനിമ വ്യവസായം മലയാളത്തിലേതു മാത്രമല്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞു. ഇതിനുമറുപടിയായിട്ടായിരുന്നു അഭിഭാഷക ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 

സിദ്ദിഖ് ഉപയോഗിച്ച ഭാഷ നോക്കു. അയാളുടെ പെരുമാറ്റം നോക്കു. ഫെയ്സ്ബുക്കിലെ പടങ്ങള്‍ക്ക് ലൈക്ക് ചെയ്ത് സിദ്ദിഖ് പരാതിക്കാരിയെ സമീപിക്കുമ്പോള്‍ അവര്‍ക്ക് 19 വയസ്സു മാത്രമായിരുന്നു പ്രായം. ഹോട്ടല്‍ മുറിയില്‍ സംഭവിച്ചത് എന്താണെന്ന കാര്യം വിശദമായി പറഞ്ഞിട്ടുണ്ട്'' വമ്പന്മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഇതാണ് അവസ്ഥയെന്നും പരാതിക്കാരിക്കു വേണ്ടി ഗ്രോവര്‍ ചൂണ്ടിക്കാട്ടി. വഴങ്ങണം, സഹകരിക്കണം തുടങ്ങിയ അര്‍ഥത്തില്‍ അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകള്‍ തന്നെ മലയാള സിനിമയിലുണ്ടെന്നും പ്രതിയും പരാതിക്കാരിയും തമ്മിലുള്ള പ്രായവ്യത്യാസം പരിഗണിക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ നിലപാട്. 19 വയസ്സുള്ളപ്പോഴാണു പരാതിക്കാരിക്ക് സിദ്ദിഖില്‍ നിന്നു മോശം പെരുമാറ്റമുണ്ടായതെന്നും അഭിഭാഷക പറഞ്ഞു. 

സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്നത് 2016-ല്‍ ആണ്. എന്നാല്‍, പരാതി നല്‍കാന്‍ എട്ട് വര്‍ഷം വൈകിയത് എന്ത് കൊണ്ടായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനോടും അതിജീവിതയോടും സുപ്രീം കോടതി ആരാഞ്ഞു. സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പര്‍ താര നടനാണെന്നും പരാതിക്കാരിയുമായുള്ള പ്രായവ്യത്യാസവും പരാതിക്കാരിയുടെ അഭിഭാഷകയും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകയും ശ്രദ്ധയില്‍ പെടുത്തി. അതിനാല്‍ സിനിമയിലെ തുടക്കകാരി എന്ന നിലയില്‍ അക്കാലത്ത് പരാതി ഉന്നയിക്കാന്‍ അതിജീവിതയ്ക്ക് പരിമിതി ഉണ്ടായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 300-ല്‍ അധികം സിനിമകളിലാണ് സിദ്ദിഖ് അഭിനയിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ഇതിനെ കൗണ്ടര്‍ ചെയ്യാന്‍, കേസിലെ പരാതി വൈകിയതും പരാതിക്കാരി 2019 മുതല്‍ 2022 വരെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകളും ഉള്‍പ്പെടെ സിദ്ദിഖിനു വേണ്ടി ഹാജരായ മുകുള്‍ റോഹത്ഗി ചൂണ്ടിക്കാട്ടി. സിദ്ദിഖിന് എതിരെ പരാതി ഉന്നയിച്ച പരാതിക്കാരി ഇട്ട അഞ്ച് ഫെയ്സ്ബുക്ക് പോസ്റ്റുകളിലും വ്യത്യസ്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് എന്ന് മുകുള്‍ റോത്തഗി ആരോപിച്ചു. ബലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം മാതാപിതാക്കള്‍ക്ക് ഒപ്പമാണ് പരാതിക്കാരി സിദ്ദിഖിനെ കണ്ടതെന്നും റോത്തഗി കോടതിയില്‍ വാദിച്ചു.മലയാളത്തിലെ അറിയപ്പെടുന്ന നടനായ സിദ്ദിഖ് കേസിന്റെ ഏതു ഘട്ടത്തിലും ലഭ്യമാകുമെന്നും എവിടേക്കും ഓടിപ്പോകില്ലെന്നും മുകുള്‍ റോഹത്ഗി വാദിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഇതില്‍ സ്വീകരിക്കുന്ന നടപടികളും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടി ചൂണ്ടികാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാള സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്കെതിരെ 29 കേസുകളെടുത്തു കഴിഞ്ഞു. ഇതില്‍ നടപടി സ്വീകരിച്ചുവരികയാന്നും വാദിച്ച് മുന്‍കൂര്‍ജാമ്യത്തെ എതിര്‍ത്തു. എന്നാല്‍ ഇടക്കാല സംരക്ഷണം നല്‍കുകയാണെന്ന് കോടതി വ്യക്തമാക്കി.


താരത്തിനനുകൂലമായ വിധി ആഘോഷമാക്കി നാട്ടുകാരന്‍

ഇടക്കാല ജാമ്യം ലഭിച്ച സിനിമ താരം സിദ്ദിഖിന്റെ വീടിന് മുന്നില്‍ ആഘോഷം. റോഡിലൂടെ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ലഡു വിതരണം ചെയ്താണ് താരത്തിന്റെ നാട്ടുകാരന്റെ സന്തോഷ പ്രകടനം. 'നമ്മുടെ സിദ്ദിഖ് സാറിന് സുപ്രീം കോടതയില്‍ നിന്ന് ജാമ്യം കിട്ടി' എന്ന് പറഞ്ഞുകൊണ്ടാണ് ലഡു വിതരണം. 

സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, അദ്ദേഹത്തെ ക്രൂശിക്കാന്‍ വേണ്ടി ചെയ്ത പണിയാണിത്. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞുവരും. കേസ് നടക്കട്ടെ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് നമുക്ക് 100 ശതമാനം വിശ്വാസമുണ്ട്. പത്ത് മുപ്പത് വര്‍ഷമായി ഞങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇന്ത്യയുടെ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയിരിക്കുന്നത്'- നാട്ടുകാരന്‍ പറഞ്ഞു.

രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസ് വിശദമായി കേട്ട ശേഷം അന്തിവ വിധി പ്രസ്താവിക്കാം എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Read more topics: # സിദ്ദിഖ്
siddique supreme court anticipatory bail

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES