ലൈംഗികാതിക്രമക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. സിദ്ദിഖ് ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും ഹര്‍ജി നല്‍കുക. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പ് നിയമോപദേശത്തിനായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് കൈമാറി. പീഡനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സീനിയര്‍ അഭിഭാഷകന്‍ നല്‍കിയ നിയമോപദേശം എന്നാണ് സൂചന. കേരള പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മൂന്‍കൂര്‍ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്.
സുപ്രീം കോടതിയില്‍ സിദ്ദിഖ് ഫയല്‍ചെയ്യുന്ന അപ്പീലില്‍ ഉന്നയിക്കാന്‍ പരിഗണിക്കപ്പെടുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്: 2016-ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024 -ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പരാതി ഉന്നയിച്ച വ്യക്തിക്ക് സാധിച്ചിട്ടില്ല. മറ്റ് ക്രിമിനല്‍ പശ്ചാത്തലം സിദ്ദിഖിന് ഇല്ല. തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മലയാളത്തിലെ പല ചലച്ചിത്ര താരങ്ങള്‍ക്കും എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, സിദ്ദിഖിന് മാത്രമാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടത് എന്നതും ഒരു കാരണമായി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചേക്കും. ലൈംഗികാതിക്രമ കേസില്‍ മുമ്പ് കേരളത്തിലെ ഒരു പ്രമുഖ നടനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ തന്നെയാകും സിദ്ദിഖിന് വേണ്ടിയും ഹാജരാകുക എന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ചെയ്താല്‍ കാലതാമസം കൂടാതെ അത് ലിസ്റ്റ് ചെയ്യിക്കാന്‍ അഭിഭാഷകര്‍ക്ക് സാധിക്കുമെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേസുകള്‍ അടിയന്തരമായി ലിസ്റ്റ് ചെയ്യിക്കുന്നതിന് ഒരു മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഉള്‍പ്പടെ 15 വിഷയങ്ങളില്‍ അടിയന്തര വാദം കേള്‍ക്കലിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസരം നല്‍കുന്ന മാര്‍ഗരേഖയായിരുന്നു ഇത്. ഇതുപ്രകാരം ഹര്‍ജി ഫയല്‍ചെയ്താല്‍ അടിയന്തരമായി കേള്‍ക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കുന്ന മെന്‍ഷനിങ് പെര്‍ഫോര്‍മ മെയിലുകള്‍ രാവിലെ 10-നും 10.30-നും ഇടയില്‍ മെന്‍ഷനിങ് ഓഫീസര്‍ക്ക് അയയ്ക്കണം.
ഈ സമയത്തിനുള്ളില്‍ ലഭിക്കുന്ന മെന്‍ഷനിങ് പെര്‍ഫോര്‍മ മെയിലുകള്‍ മെന്‍ഷനിങ് ഓഫീസര്‍ രജിസ്ട്രാര്‍ ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന് കൈമാറും. ചീഫ് ജസ്റ്റിസ് ഉച്ചയൂണിന് ചേംബറില്‍ എത്തുമ്പോള്‍ രജിസ്ട്രാര്‍ ജുഡീഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ അവ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തും. ചീഫ് ജസ്റ്റിസ് ആണ് തുടര്‍ന്ന് ഹര്‍ജികള്‍ എപ്പോള്‍ കേള്‍ക്കണമെന്ന് തീരുമാനിക്കുന്നത്. മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ ഹര്‍ജികള്‍ തൊട്ടടുത്ത ദിവസമോ അല്ലെങ്കില്‍ അതിന്റെ അടുത്ത ദിവസമോ ചീഫ് ജസ്റ്റിസ് ലിസ്റ്റ് ചെയ്യറാണ് പതിവെന്നും സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം.
സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.
ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. അതിനിടെ സിദ്ദിഖിന്റെ കാര്‍ ആലപ്പുഴയില്‍ കണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ അടക്കം നിരീക്ഷണത്തിലാണ്. സിദ്ദിഖിന്റെ മകനും സിദ്ദിഖ് എവിടെയാണെന്ന് അറിയില്ലെന്നാണ് പുറത്തു വരുന്ന സൂചന.
സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയില്‍ കണ്ടതായാണ് വിവരം. ആലപ്പുഴയിലെ പ്രധാന റിസോര്‍ട്ടുകളിലൂം സ്റ്റാര്‍ ഹോട്ടലുകളിലും സിദ്ദിഖിനായി പൊലീസ് തിരച്ചില്‍ നടത്തി. പുന്നമടയിലെ പഞ്ച നക്ഷത്ര ഹോട്ടലിനു മുന്‍പില്‍ ആണ് കാര്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഇത് പോലീസിനെ തെറ്റിധരിപ്പിക്കാനുള്ള നീക്കമായും വിലയിരുത്തലുണ്ട്. ഹൈക്കോടതിയിലെ വിധിപ്പകര്‍പ്പുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കീഴടങ്ങാനുള്ള ആലോചനകളും സിദ്ദിഖ് നടത്തുന്നുണ്ട്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം.
എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളിക്കളഞ്ഞാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസില്‍ അറസ്റ്റ് നടപടിയുള്‍പ്പെടെ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദിഖിനെതിരായ തെളിവുകള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.