ആദ്യ സിനിമ മുതല്‍ മലയാളിയുടെ മനസില്‍ കയറിക്കൂടിയ താരമാണ് നൂറിന്‍ ഷെരീഫ്. അടുത്ത സുഹൃത്തും നടനുമായ ഫഹിം സഫറിനെയാണ് നൂറിന്‍ ജീവിതപങ്കാളിയാക്കിയത്. വിവാഹത്തിന് പിന്നാലെ ഇരുവരും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രവും അണിയറയിലാണ്.ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് താരങ്ങളുടെ തിരക്കഥയിലാണ്.
ഇപ്പോളിതാ ജീവിതത്തില്‍ ഒരുപാട് കാലമായി മനസില്‍ കൊണ്ട് നടന്നിരുന്ന ഒരാഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് നൂറിന്‍ ഷെരീഫ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ആ സന്തോഷം പങ്കുവെച്ചത്. പ്രിയതമന്‍ ഫാഹീമും നൂറിനൊപ്പമുണ്ടായിരുന്നു. സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
വിമാനം കാണുമ്പോഴെല്ലാം അതില്‍ കയറണമെന്നാഗ്രഹിച്ചിരുന്നു. കുട്ടിക്കാലം മുതലേ മനസിലുള്ള ആഗ്രഹമായിരുന്നു അത്. ഒരുപാട് ആഗ്രഹിച്ച ആ കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഫലമായതാണ്. കഠിനാധ്വാനത്തിലൂടെയാണ് ആ സ്വപ്നം സഫലീകരിച്ചതെന്നും നൂറിന്‍ പറയുന്നു.
വിമാനത്തില്‍ കയറുക എന്നത് മാത്രമായിരുന്നില്ല സ്വപ്നം കണ്ടിരുന്നത്. അതിനകത്തെ കോക്ക്പിറ്റിലേക്ക് കയറണം എന്നതും മനസിലെ ആഗ്രഹമായിരുന്നു. പൈലറ്റ് ഡോര്‍ തുറക്കുമ്പോള്‍ മാത്രമാണല്ലോ നമ്മള്‍ ആ സ്ഥലം കാണുന്നത്. നമ്മളറിയാത്ത എന്തൊക്കെയോ മാജിക്ക് നടക്കുന്ന സ്ഥലമാണല്ലോ അതെന്നും നൂറിന്‍ പറയുന്നു.
ഒടുവില്‍ ആ ആഗ്രഹവും സഫലീകരിച്ചിരിക്കുകയാണ് നൂറിന്‍. പൈലറ്റും ക്രൂവും ചേര്‍ന്ന് ഹൃദ്യമായി തന്നെ എന്നെ സ്വീകരിച്ചു. എന്നെ സംബന്ധിച്ച് മനസിലെ വലിയൊരു ആഗ്രഹം സഫലമാവുകയായിരുന്നു. എയര്‍ അറേബ്യ ഫ്ളൈറ്റിലായിരുന്നു ഇത്. അബുദാബി യാത്രയ്ക്കിടയിലാണ് ഇത് സംഭവിച്ചതെന്നും താരം പറയുന്നു.
അതീവ സന്തോഷത്തോടെ പൈലറ്റിനോട് സംസാരിക്കുന്ന നൂറിനെ ചിത്രങ്ങളില്‍ കാണാം. കാബിന്‍ ക്രൂവും പൈലറ്റുമുള്‍പ്പടെയുള്ളവര്‍ക്കൊപ്പമുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബ് ചാനലുമായി സജീവമാണ് നൂറിന്‍. യാത്രകള്‍ ഏറെ ഇഷ്ടമാണ്. യാത്രാവിശേഷങ്ങളെല്ലാം വ്ളോഗിലൂടെ പങ്കിടാറുമുണ്ട്.