ബോളിവുഡിലെ പ്രശസ്ത നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. തന്റെ കൈവശമുണ്ടായിരുന്ന തോക്ക് വീട്ടില്‍വച്ച് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുെവന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കാലിനാണ് വെടിയേറ്റത്. ഉടന്‍ തന്നെ നടനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായാണ് വിവരം.
നിലവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് നടന്‍. ഗോവിന്ദയുടെ കൈവശമുണ്ടായിരുന്ന തോക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. പുലര്‍ച്ചെ 4:45 ന് കൊല്‍ക്കത്തയിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ വ്യക്തമാക്കി. സംഭവം നടക്കുന്ന സമയത്ത് സുനിത മുംബൈയില്‍ ഇല്ലായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ മുംബൈയിലെത്തിയ താന്‍ നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ഗോവിന്ദയുടെ ആരോഗ്യത്തില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ശശി സിന്‍ഹയും പറഞ്ഞു. ''കൊല്‍ക്കത്തിയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അലമാരയില്‍ തന്റെ തോക്ക് ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഗോവിന്ദ. എങ്ങനെയോ താഴെ വീഴുകയായിരുന്നു. ഇതു കണ്ട ഗോവിന്ദ തോക്ക് കയ്യിലെടുത്ത് പരിശോധിക്കുമ്പോഴാണ് അബദ്ധത്തില്‍ വെടിയുതിര്‍ത്തത്. ഇടതു കാല്‍മുട്ടിന് താഴെയാണ് പരുക്കേറ്റത്. ബുള്ളറ്റ് നീക്കം ചെയ്തിട്ടുണ്ട്. മകള്‍ ടീന ആശുപത്രിയിലുണ്ട്. ഗോവിന്ദ എല്ലാവരോടും നന്നായി സംസാരിക്കുന്നുണ്ട്'' സുഹൃത്ത് പറഞ്ഞു.
1990 കളില്‍ ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളായിരുന്നു ഗോവിന്ദ. ആരാധികമാരുടെ വലിയൊരു കൂട്ടം തന്നെ താരത്തിനുണ്ടായിരുന്നു. അക്കാലത്ത് ഗോവിന്ദയുടെ വീടിനു മുന്നിലും സിനിമാ സെറ്റുകള്‍ക്ക് പുറത്തും താരത്തെ ഒരു നോക്ക് കാണാനായി സ്ത്രീകള്‍ തടിച്ചുകൂടാറുണ്ടായിരുന്നതായി നടന്റെ ഭാര്യ സുനിത തന്നെ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.