മലയാള സിനിമ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്‍ സിദ്ദിഖിനെ തിരഞ്ഞെടുത്തു. ഇടവേള ബാബുവിന്റെ പിന്‍ഗാമിയായിട്ടാണ് താരം എത്തുന്നത്. ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാരാകും. നടന്‍ ബാബുരാജിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.
കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖിനെ തിരഞ്ഞെടുത്തത്. അമ്മയുടെ മൂന്ന് വര്‍ഷത്തില്‍ ഒരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. കടുത്ത മത്സരമായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്നത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, സിദ്ദിഖ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിച്ചത്. 25 വര്‍ഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 1994ല്‍ അമ്മയ്ക്ക് രൂപം നല്‍കിയതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ബാബു നേതൃത്വത്തിലുണ്ട്.
പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്. കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കിയെങ്കിലും സഹപ്രവര്‍ത്തകരിടപെട്ട് പിന്തിരിപ്പിച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സഹപ്രവര്‍ത്തകരുടെ സ്നേഹത്തിന് വഴങ്ങുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും, സെക്രട്ടറി തിരഞ്ഞെടുപ്പിലേക്ക് അനൂപ് ചന്ദ്രന്‍, ബാബുരാജ് എന്നിവരുമാണ് മത്സരിച്ചത്.