പൊതുവിടങ്ങളില്‍ എപ്പോഴും ശാന്തതയോടെ പെരുമാറുന്ന നടി ശ്രുതി ഹാസന്‍ പാപ്പരാസികള്‍ക്ക് നേരെ പ്രകോപിതയായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഒരു റെസ്റ്ററന്റില്‍ നിന്ന് മടങ്ങുന്നതിനിടെ പാപ്പരാസികളില്‍ ഒരാള്‍ താരത്തെ 'മമ്മ' എന്ന് അഭിസംബോധന ചെയ്തതാണ് ശ്രുതിയെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ എക്‌സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാള്‍ ശ്രുതിയെ 'മമ്മ' എന്ന് വിളിച്ചത്. ഇത് കേട്ടയുടന്‍ താരം നടത്തം നിര്‍ത്തി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. 'ആരാണ് മമ്മ? നിങ്ങളുടെ മമ്മയാണോ? നിങ്ങള്‍ എന്താണ് ഈ പുലമ്പുന്നത്?' എന്ന് ശ്രുതി ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. താരത്തിന്റെ അപ്രതീക്ഷിത പ്രതികരണത്തില്‍ പാപ്പരാസികളും ഒന്ന് അമ്പരന്നു.
ശ്രുതിയുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. സെലിബ്രിറ്റികളോട് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന മര്യാദകള്‍ പാപ്പരാസികള്‍ ലംഘിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാല്‍ പ്രതികരണം അല്പം കടുപ്പമേറിയതായിപ്പോയി എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ജയ ബച്ചനും സല്‍മാന്‍ ഖാനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മുന്‍പും പാപ്പരാസികളുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
സിനിമയില്‍ സജീവമായ ശ്രുതിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'ആകാശം ലോ ഒക താര' ആണ് ശ്രുതിയുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. കൂടാതെ പ്രഭാസ് ചിത്രം 'സലാര്‍: പാര്‍ട്ട് 2' വിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലും താരം പങ്കുചേരുന്നുണ്ട്.