Latest News

'എടീ പിന്നെയില്ലേ...' എന്ന് ചോദിച്ച് സംസാരം തുടങ്ങും; എപ്പോള്‍ വേണമെങ്കിലും വിളിക്കാവുന്ന തരം അടുപ്പമായി; അനിഘയും മീനാക്ഷിയുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്രേയ ജയദീപ് 

Malayalilife
 'എടീ പിന്നെയില്ലേ...' എന്ന് ചോദിച്ച് സംസാരം തുടങ്ങും; എപ്പോള്‍ വേണമെങ്കിലും വിളിക്കാവുന്ന തരം അടുപ്പമായി; അനിഘയും മീനാക്ഷിയുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്രേയ ജയദീപ് 

റിയാലിറ്റി ഷോകളിലൂടെ മലയാളിമനസ്സുകളില്‍ ഇടംനേടിയ ഗായിക ശ്രേയ ജയദീപ് തന്റെ സിനിമാസുഹൃത്തുക്കളെക്കുറിച്ച് മനസ്സ് തുറക്കുന്നു. ബാലതാരങ്ങളായി മലയാളികള്‍ക്ക് പ്രിയങ്കരരായ മീനാക്ഷി, അനിഘ എന്നിവരുമായുള്ള സവിശേഷമായ സൗഹൃദത്തെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ ശ്രേയ വെളിപ്പെടുത്തിയത്. 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് മീനാക്ഷിയെ ആദ്യമായി പരിചയപ്പെടുന്നതെന്ന് ശ്രേയ പറയുന്നു. 

'അന്നും ഇന്നും പ്രോഗ്രാമുകളോ ഷൂട്ടോ ഉണ്ടെങ്കില്‍ മാത്രമേ ഞങ്ങള്‍ തമ്മില്‍ നേരിട്ട് കാണാറുള്ളൂ. അല്ലാതെ ഫോണ്‍ വിളിക്കുന്നത് വളരെ കുറവാണ്. ചെറുപ്പത്തില്‍ അച്ഛന്റെയോ അമ്മയുടെയോ ഫോണ്‍ വാങ്ങി വേണമായിരുന്നല്ലോ വിളിക്കാന്‍, അതുകൊണ്ട് കമ്മ്യൂണിക്കേഷന്‍ തീരെ കുറവായിരുന്നു. പക്ഷേ, ഞങ്ങള്‍ക്കിടയിലെ സൗഹൃദം ഇപ്പോഴും ഒട്ടും ചോര്‍ന്നുപോയിട്ടില്ല. അത് ഞങ്ങള്‍ക്ക് തന്നെ ഒരു അത്ഭുതമാണ്. എത്ര നാളുകള്‍ക്ക് ശേഷം കണ്ടാലും 'എടീ പിന്നെയില്ലേ...' എന്ന് ചോദിച്ച് യാതൊരു അപരിചിതത്വവുമില്ലാതെ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും,' ശ്രേയ പറഞ്ഞു. 

ചെറുപ്പം മുതലേ പരിചയമുള്ള അനിഘയുമായുള്ള സൌഹൃദം ഇപ്പോള്‍ മറ്റൊരു തലത്തിലാണെന്ന് ശ്രേയ വെളിപ്പെടുത്തി. അനിഘയും കോഴിക്കോട് സ്വദേശിനിയാണ്. ഷൂട്ടിനിടയിലാണ് ആദ്യം പരിചയപ്പെട്ടതെങ്കിലും പിന്നീട് കോളേജില്‍ ശ്രേയയുടെ സീനിയറായി അനിഘയെത്തി. അനിഘയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ജേണലിസം കോഴ്‌സ് തിരഞ്ഞെടുത്തതെന്നും ശ്രേയ പറയുന്നു. 

 ഇപ്പോള്‍ ഇരുവരും ഒരേ ഫ്‌ലാറ്റിലാണ് താമസം. 'എടാ പാലുണ്ടോ, എടാ അതുണ്ടോ ഇതുണ്ടോ എന്നൊക്കെ ചോദിച്ച് എപ്പോള്‍ വേണമെങ്കിലും വിളിക്കാവുന്ന അത്രയും അടുത്ത സുഹൃത്തുക്കളായി ഞങ്ങള്‍ മാറി,' ശ്രേയ കൂട്ടിച്ചേര്‍ത്തു. 'അമര്‍ അക്ബര്‍ അന്തോണി'യിലെ 'ഇന്നു ഞാനെന്റെ മുറ്റത്തെ മുല്ലയ്ക്ക്...', 'ഒപ്പം' എന്ന ചിത്രത്തിലെ 'മിനുങ്ങും മിന്നാമിനുങ്ങേ' തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ശ്രേയ ജയദീപ്. താരത്തിന്റെ ഈ സൌഹൃദ വിശേഷങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയമാവുകയാണ്.

shreya jayadeep about anikha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES