Latest News

'അച്ഛനും ചേട്ടനും നടത്തിയ പോരാട്ടങ്ങള്‍ കാരണം അവര്‍ക്ക് മാത്രമല്ല; എനിക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്; ഒരു പ്രശ്നക്കാരനാകാന്‍ എനിക്ക് താല്പര്യമില്ല'; തുറന്നുപറഞ്ഞ് ഷോബി തിലകന്‍ 

Malayalilife
 'അച്ഛനും ചേട്ടനും നടത്തിയ പോരാട്ടങ്ങള്‍ കാരണം അവര്‍ക്ക് മാത്രമല്ല; എനിക്കും നഷ്ടങ്ങളുണ്ടായിട്ടുണ്ട്; ഒരു പ്രശ്നക്കാരനാകാന്‍ എനിക്ക് താല്പര്യമില്ല'; തുറന്നുപറഞ്ഞ് ഷോബി തിലകന്‍ 

തന്റെ പിതാവ് തിലകനും സഹോദരന്‍ ഷമ്മി തിലകനും മലയാള സിനിമാ മേഖലയിലെ നീതിനിഷേധങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ കുടുംബത്തെയും തന്നെയുമാണ് ബാധിച്ചതെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത നടനും ഡബ്ബിംഗ് കലാകാരനുമായ ഷോബി തിലകന്‍. ഒരു ചലച്ചിത്ര മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മലയാള സിനിമയിലെ അനീതികളോട് അച്ഛനും ചേട്ടനും പ്രതികരിച്ചപ്പോള്‍ താന്‍ എന്തുകൊണ്ട് 'ഡിപ്ലോമാറ്റിക്' ആയി നില്‍ക്കാന്‍ തീരുമാനിച്ചു എന്ന് ഷോബി തിലകന്‍ വ്യക്തമാക്കുന്നത്.

 'അച്ഛനും ഷമ്മി ചേട്ടനും നടത്തിയ പോരാട്ടങ്ങള്‍ കാരണം അവര്‍ക്ക് മാത്രമല്ല, എനിക്കും ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല,' എന്ന് ഷോബി തിലകന്‍ പറയുന്നു. അച്ഛന്‍ തിലകനും ഷമ്മി തിലകനും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ നടത്തിയ പോരാട്ടങ്ങളുടെ പ്രത്യാഘാതം തന്നിലേക്കും എത്തിയെങ്കിലും അതില്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

തൊഴിലിടങ്ങളിലെ തെറ്റുകള്‍ കണ്ടാല്‍ അച്ഛന്‍ തിലകന്‍ അപ്പോള്‍ തന്നെ അത് ഉറക്കെ വിളിച്ചുപറയുമായിരുന്നു. 'തെറ്റ് കണ്ടാല്‍ അച്ഛന്‍ അപ്പോള്‍ തന്നെ അത് ചൂണ്ടിക്കാണിക്കും. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഒക്കെയാണ് അച്ഛന്റെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചീത്ത കേട്ടിട്ടുള്ളവര്‍. പിന്നെ ഡ്രൈവര്‍മാരും,' അച്ഛന്റെ ശൈലിയെക്കുറിച്ച് ഷോബി ഓര്‍ത്തെടുക്കുന്നു. 

അച്ഛന്റെ ഉപദേശങ്ങളെയും ശാസനകളെയും നല്ല രീതിയില്‍ എടുത്തവരും അതിനെ വ്യക്തിപരമായ ശത്രുതയായി മനസ്സില്‍ കൊണ്ടുനടന്നവരും സിനിമാമേഖലയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'ഞാന്‍ നന്നാകാന്‍ വേണ്ടിയാണല്ലോ തിലകന്‍ ചേട്ടന്‍ അങ്ങനെ പറഞ്ഞത് എന്ന് വിചാരിച്ച്, തിലകന്‍ ചേട്ടന്‍ ഇനി എന്നെ അടിച്ചാലും കുഴപ്പമില്ല എന്ന് പറയുന്നവരുണ്ട്. അതേസമയം, അച്ഛന്‍ പറഞ്ഞതിനെ വ്യക്തിപരമായി എടുത്ത് മനസ്സില്‍ വച്ചു നടക്കുന്നവരുമുണ്ട്. അയാള്‍ എന്നെ അന്ന് അങ്ങനെ പറഞ്ഞില്ലേ എന്ന് വിചാരിക്കുന്നവരുമുണ്ട്,' ഷോബി വ്യക്തമാക്കുന്നു. 

ഇത്തരം വ്യക്തിപരമായ ശത്രുതകള്‍ അച്ഛന്റെ മരണശേഷവും തുടര്‍ന്ന അനുഭവം അദ്ദേഹം പങ്കുവെച്ചു. 'അങ്ങനെ മനസ്സില്‍ ശത്രുത വയ്ക്കുന്നയാള്‍ പിന്നീട് സ്വതന്ത്രനായി ഒരു സിനിമ ചെയ്യുമ്പോള്‍ തിലകനെ വേണ്ട എന്ന് പറയും. ഇനി കുറച്ചുനാള്‍ കഴിഞ്ഞ്, അച്ഛന്‍ ഇല്ലാത്ത ഇപ്പോഴും ഇത്തരക്കാര്‍ പറയും അച്ഛന്‍ ഇല്ലെങ്കിലും അയാളുടെ മകന്‍ അല്ലേ, അതുകൊണ്ട് അവനും വേണ്ട എന്ന്. ഇതെല്ലാം നേരിട്ട് കണ്ടതുകൊണ്ടാണ് ഞാന്‍ കുറച്ചു മയപ്പെട്ടതും ഡിപ്ലോമാറ്റിക് ആയി നില്‍ക്കാന്‍ തുടങ്ങിയതും.' സ്വന്തം കുടുംബത്തെയും ജീവിതത്തെയും മുന്‍നിര്‍ത്തിയാണ് സിനിമയിലെ അനാവശ്യ തര്‍ക്കങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് ഷോബി പറയുന്നു. 

'എന്റെ സ്വഭാവ രൂപീകരണത്തിലുണ്ടായ സോഫ്റ്റ്‌നെസ് ആ ഡിപ്ലോമാറ്റിക് ആയി നില്‍ക്കുന്നതിനെ സഹായിച്ചു എന്ന് വേണമെങ്കില്‍ പറയാം. എന്റെ കല്യാണമൊക്കെ കഴിഞ്ഞു, ഞാനൊരു ഫാമിലിയൊക്കെയായി ജീവിക്കുന്ന ആളാണ്. നമ്മള്‍ അനാവശ്യമായി ഒരു പ്രശ്നക്കാരന്‍ ആകേണ്ട കാര്യമില്ലല്ലോ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിനിമയില്‍ ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് കുടുംബത്തിന്റെ ഭാഗത്തുനിന്നും എപ്പോഴും നിര്‍ദേശമുണ്ടാകാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. 'കുടുംബത്തിന്റെ ഭാഗത്തുനിന്നും നമ്മളൊരു പ്രോബ്ലം മേക്കര്‍ ആകരുത് എന്ന് എപ്പോഴും പറയാറുണ്ട്. അതുകൊണ്ട് ഞാന്‍ സ്വയം ആ ഒരു രീതിയിലേക്ക് മാറി,' എന്ന് പറഞ്ഞുകൊണ്ടാണ് ഷോബി തിലകന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്.
 

shobi thilakan talks about thilakan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES