Latest News

യോഗങ്ങളില്‍ നിന്ന് യുവതാരങ്ങള്‍ വിട്ടുനില്‍ക്കുന്നു'; സംഘടന നാമാവശേഷമായി പോകരുത്; 'അമ്മ'യിലെ സാധാരണക്കാര്‍ക്ക് വേണ്ടിയെങ്കിലും അവര്‍ വരണമെന്ന് ഷോബി തിലകന്‍

Malayalilife
 യോഗങ്ങളില്‍ നിന്ന് യുവതാരങ്ങള്‍ വിട്ടുനില്‍ക്കുന്നു'; സംഘടന നാമാവശേഷമായി പോകരുത്; 'അമ്മ'യിലെ സാധാരണക്കാര്‍ക്ക് വേണ്ടിയെങ്കിലും അവര്‍ വരണമെന്ന് ഷോബി തിലകന്‍

താരസംഘടനയായ 'അമ്മ'യുടെ യോഗങ്ങളില്‍ നിന്ന് യുവതാരങ്ങള്‍ വിട്ടുനില്‍ക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷോബി തിലകന്‍. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ മുന്‍നിര യുവതാരങ്ങളുടെ പേരുകള്‍ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വണ്‍ ടു ടോക്സ്' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ സംഘടനയ്ക്കുള്ളിലെ അതൃപ്തി പരസ്യമാക്കിയത്.

സംഘടനയുടെ ജനറല്‍ ബോഡി യോഗങ്ങളില്‍ യുവതാരങ്ങളുടെ പങ്കാളിത്തം കുറവാണെന്ന വിഷയം കഴിഞ്ഞ മീറ്റിങ്ങില്‍ നടന്‍ അജു വര്‍ഗീസും ഉന്നയിച്ചിരുന്നുവെന്ന് ഷോബി ചൂണ്ടിക്കാട്ടി. 'പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി തുടങ്ങിയവരൊന്നും മീറ്റിങ്ങിന് എത്തിയില്ല. ടൊവിനോ തോമസും ആസിഫ് അലിയും കഴിഞ്ഞ യോഗത്തിന് വന്നിരുന്നു. മറ്റുള്ളവര്‍ എന്തുകൊണ്ടാണ് വരാത്തത്? അവര്‍ വരണം, അത് അവര്‍ക്ക് വേണ്ടിയല്ല; സംഘടനയിലെ സാധാരണക്കാരായ അംഗങ്ങള്‍ക്ക് വേണ്ടിയാണ്. ഒരു മാസത്തെ മരുന്ന് സൗജന്യമായി കിട്ടാന്‍ കാത്തിരിക്കുന്ന ഒരുപാട് പേര്‍ ഈ സംഘടനയിലുണ്ട്. അവരുടെ ക്ഷേമത്തിന് വേണ്ടി യുവതാരങ്ങള്‍ വരണം,' ഷോബി തിലകന്‍ പറഞ്ഞു.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ മാത്രം സാന്നിധ്യം കൊണ്ട് സംഘടനയ്ക്ക് ഇത്രയധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍, യുവതാരങ്ങള്‍ കൂടി ഇതിന്റെ ഭാഗമാകുമ്പോള്‍ അമ്മയ്ക്ക് ലഭിക്കുന്ന വരുമാനം വലുതായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അവര്‍ കൂടി ബ്രാന്‍ഡ് അംബാസഡര്‍മാരാകുമ്പോള്‍ 'അമ്മ'യുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴുള്ളതിനേക്കാള്‍ ഭംഗിയായി കൊണ്ടുപോകാന്‍ സാധിക്കും. കഴിഞ്ഞ മീറ്റിങ്ങില്‍ കൈനീട്ടം അയ്യായിരത്തില്‍ നിന്നും 6500 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇത് ചെറിയ കാര്യമല്ലെന്നും മറ്റൊരു സംഘടനയ്ക്കും ഇത് സാധിക്കില്ലെന്നും പറഞ്ഞ ഷോബി, 'അമ്മ' സംഘടന ഒരിക്കലും നാമാവശേഷമായി പോകരുതെന്നും കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയുണ്ടായ ആഭ്യന്തര തര്‍ക്കങ്ങളെയും പൊട്ടിത്തെറികളെയും തുടര്‍ന്ന് 'അമ്മ' വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, അധികാരമേറ്റ് ഒരു വര്‍ഷം തികയും മുന്‍പ് തന്നെ ശ്വേത മേനോന്‍ പ്രസിഡന്റായുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത് വരെ സംഘടനയുടെ താല്‍ക്കാലിക ചുമതല അഡ്ഹോക് കമ്മിറ്റിക്കാണ്. നടന്‍ രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള ഈ അഡ്ഹോക് കമ്മിറ്റിക്കാണ് കൃത്യമായ തെരഞ്ഞെടുപ്പ് നടത്തി പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള ചുമതല നല്‍കിയിരിക്കുന്നത്.

shobi thilakan slams youngster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES