മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസും അതിലെ താരങ്ങളും. സിനിമയെ കുറിച്ചും സിനിമയിലെത്തിപ്പെടാന്‍ ശ്രമിക്കുന്ന ഒരുപാട് ചെറുപ്പക്കാരും ഓഡിഷനിലെ ചതിക്കുഴികളെ കുറിച്ചും തുറന്നു പറയുകയാണ് ബിഗ് ബോസ് താരം ഷിയാസ് കരീം.
പെരുമ്പാവൂരുകാരനായ് ഷിയാസ് കരീം ചലച്ചിത്ര അഭിനേതാവും മോഡലുമാണ്. ഒരു സിനിമാനടനാവണമെന്നുള്ള മോഹവുമായി ത്തന്നെയായിരുന്നു ഷിയാസിന്റെയും തുടക്കം. പക്ഷെ ചില ചെറിയ റോളുകള്‍ ചെയ്യാനുള്ള ഭാഗ്യമേ ഷിയാസിന് ഇതുവരെ ലഭിച്ചുള്ളൂ.എന്നാല്‍ മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവുമടുത്തുണ്ടായ നേട്ടം ബള്‍ഗേറിയയില്‍ നടന്ന 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018'-ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായി എന്നതാണ.്
മോഡല്‍ രംഗത്ത് തിളങ്ങി നിന്ന ഷിയാസ് ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ശ്രദ്ധേയനായത്. വലിയ ആരാധക പിന്‍ബലമായിരുന്നു ഷിയാസിനുണ്ടായിരുന്നത്. ഇപ്പോള്‍ ഷിയാസിന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാമിലുള്ള ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സിനിമകളുടെ ഓഡിഷനുകളുടെ പിന്നിലൊരു ചതിക്കുഴിയുണ്ടെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. സിനിമകളുടെ ഓഡിഷനുകളുടെ പിന്നിലൊരു ചതിക്കുഴിയുണ്ടെന്നും അതില്‍ വഞ്ചിതരാകരുതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ താരം പറയുന്നു.
ഷിയാസിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്..
പല തവണ ആലോചിച്ചും ഒരുപാട് വിഷമം തോന്നിയത് കൊണ്ടുമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ തീരുമാനിച്ചത്. കഴിഞ്ഞ കുറേ നാളുകള്‍ക്ക് ഇടയില്‍ പലരും എന്നോട് വിഷമത്തോടെ പറഞ്ഞ ഒന്നാണ് ഓഡിഷനിലുള്ള ചതിയെ പറ്റി. ഒരു ഓഡിറ്റോറിയം അല്ലെങ്കില്‍ ഒരു ഹാള്‍ ഒക്കെ വാടകയ്ക്ക് എടുത്ത് അവരുടെ സിനിമയ്ക്ക് ഒരു ഫ്രീ പ്രമോഷന്‍ എന്ന രീതിയില്‍ ഒരു ഓഡിഷന്‍ അങ്ങ് വെക്കും. സിനിമ എന്താ എന്നോ അല്ലെങ്കില്‍ അഭിനയം എന്താണ് എന്നോ ഒന്നും അറിയാതെ കുറച്ച് പേര്‍ ആയിരിക്കും ഇതൊക്കെ വിലയിരുത്താന്‍ നില്‍ക്കുന്നത്. എന്നിട്ട് അവരുടെ മുന്നില്‍ കിടന്ന് ഡാന്‍സും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും ഒക്കെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും.
സിനിമ എന്ന അമിതമായ സ്വപ്നം മനസില്‍ ഉള്ളത് കൊണ്ട് അതിനൊക്കെ നമ്മള്‍ കൂട്ടും നില്‍ക്കും. മരണ വീട്ടില്‍ ഡാന്‍സ് കളിക്കുക, ഒരു പെണ്ണ് പോയാല്‍ എങ്ങനെ കമന്റ് അടിക്കണം, ചിരിച്ച് കൊണ്ട് കരയണം, അങ്ങനെത്തെ പല പല കലാപരിപാടികള്‍ അവര്‍ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. ചിലയിടത്ത് ഓഡിഷന്‍ സെന്ററില്‍ ഫീസും വെക്കും. ചിലയിടത്ത് നമ്മുടെ കൈയില്‍ നിന്ന് ഒരു വലിയ തുക ആവശ്യപ്പെടും. ഒരു ഓഡിഷന്‍ നടക്കുമ്‌ബോള്‍ ചിലപ്പോള്‍ ജോലി ചെയ്ത പൈസ കൊണ്ടോ അല്ലെങ്കില്‍ കടം വാങ്ങിയ പൈസ കൊണ്ടോ അല്ലെങ്കില്‍ ചിലപ്പോള്‍ ഇതിനായി സ്വരൂക്കൂട്ടിയ പൈസ കൊണ്ടോ അവര്‍ ഓഡിഷന് വരും.
നിങ്ങള്‍ ഒന്ന് മനസ്സിലാക്കണം, നിങ്ങളുടെ മുന്നില്‍ കോപ്രായം കാണിക്കുന്നവരും മനുഷ്യരാണ്. അവര്‍ക്കും ഒരു കുടുംബം ഉണ്ട്. എന്നെങ്കിലും തന്റെയും സ്വപ്നം നടക്കും എന്ന് പറഞ്ഞ് വണ്ടി കേറി വരുന്നവര്‍ ആണ്. അവരുടെ ഓക്കെ ആവശ്യം സിനിമയാണ്. അവരെ മുതലെടുക്കാന്‍ നിക്കരുത്. പടത്തിന്റെ പ്രമോഷന് വേണ്ടി സിനിമ സ്വപ്നം കാണുന്നവരെയും ബലിയാട് ആക്കുന്നു എന്നത് പകല്‍ പോലെ സത്യമാണ്. നിങ്ങള്‍ ഒരു തുണിക്കട നടത്തിയാല്‍ ഒരു ജോലിക്ക് ആളെ എടുക്കുന്നത് എങ്ങനെയാണ്..? നിങ്ങള്‍ക്കു പരിചയം ഉള്ള ഒരാള്‍ക്ക് മുന്‍ഗണന കൊടുക്കും. അതേ ഇവിടെയും ഉള്ളു. നേരത്തെ ഒരാളെ സെലക്ട് ആക്കി വെച്ചിട്ട് വെറുതെ ഒരോ കോപ്രായം കാണിക്കും. അതാണ് നടക്കുന്നത്.
സിനിമയില്‍ നിങ്ങള്‍ക്ക് കേറണം എങ്കില്‍ പിടിപാട് ആണ് വേണ്ടത്. അതു നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു സിനിമാ മേഖലയില്‍ എത്തും. ഇനി ഇല്ല എങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ പ്രമോഷന് വേണ്ടി നടത്തുന്ന ഓഡിഷന്‍ കാരണം സത്യസന്ധമായി നടത്തുന്നത് വരെ കുറഞ്ഞ് തുടങ്ങി. നിങ്ങള്‍ക്ക് സിനിമാ മേഖലയുമായി ആരെങ്കിലുമായി ബന്ധം ഉണ്ടെങ്കില്‍ അവരെ വിളിച്ച് ചോദിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പോവുക. ഇല്ലെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങള്‍ വീണ്ടും വഞ്ചിതരാകാന്‍ പോവുകയാണെന്നാണ്. എന്ന് സ്നേഹപൂര്‍വം നിങ്ങളില്‍ ഒരുവന്‍ എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
RECOMMENDED FOR YOU: