കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഡാന്‍സാഫ് റെയ്ഡിനെത്തിയപ്പോള്‍ താന്‍ മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലെ സ്വിമ്മിങ് പൂളിലേക്ക് ചാടി രക്ഷപ്പെട്ടു എന്ന വാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ ഷൈന്‍ ടോം ചാക്കോ. അമാനുഷിക ശക്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്ന ആ വാര്‍ത്ത വലിയ ഹിറ്റായതില്‍ സന്തോഷമുണ്ടെങ്കിലും, അതിലെ ലോജിക്കില്ലായ്മയെക്കുറിച്ച് ഇതുവരെ ഒരൊറ്റ മാധ്യമപ്രവര്‍ത്തകര്‍ പോലും തന്നോട് ചോദിച്ചിട്ടില്ലെന്ന് ഷൈന്‍ പറയുന്നു.
മാധ്യമങ്ങള്‍ക്ക് കുറച്ചുകൂടി കാഴ്ചപ്പാടും ചിന്താഗതിയും വേണം. ഒരു മുഖ്യധാര മാധ്യമം കൊടുക്കുന്ന വാര്‍ത്ത തന്നെ ബാക്കി എല്ലാ മാധ്യമങ്ങളും അതേപടി ആവര്‍ത്തിക്കുകയാണ്. വാര്‍ത്തകള്‍ക്ക് പലപ്പോഴും പല രീതിയിലുള്ള വിശകലനങ്ങള്‍ ഉണ്ടാകണം. ഞാന്‍ മൂന്നാം നിലയില്‍ നിന്ന് രണ്ടാം നിലയിലെ പൂളിലേക്ക് ചാടി എന്ന് വാര്‍ത്ത വരുമ്പോള്‍, അങ്ങനെ ചാടിയാല്‍ ഒരാളുടെ തലമണ്ട പൊട്ടിപ്പോകില്ലേ എന്ന് ആരും ചിന്തിച്ചില്ല. അത്രയും താഴ്ചയുള്ള ഒരു പൂള്‍ കൊച്ചിയിലുണ്ടോ?. ഇവിടെ മിക്ക ഹോട്ടലുകളിലെയും പൂളുകള്‍ക്ക് നാലര അടി മാത്രമാണ് താഴ്ചയുള്ളത്. അങ്ങനെയുള്ള പൂളിലേക്ക് അത്രയും ഉയരത്തില്‍ നിന്ന് ചാടിയാല്‍ എന്താകും അവസ്ഥ?'- ഷൈന്‍ ചോദിക്കുന്നു.
താന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോകുന്ന വിഷ്വല്‍സ് മാത്രമാണ് ഉള്ളതെന്നും പൂളിലേക്ക് ചാടുന്നതോ, പൂളില്‍ നിന്ന് എഴുന്നേറ്റ് വരുന്നതോ ആയ യാതൊരു ദൃശ്യങ്ങളും ആരുടെയും പക്കലില്ലെന്നും താരം വ്യക്തമാക്കി. 'റിസപ്ഷന്‍ ക്രോസ് ചെയ്ത് ഞാന്‍ പോകുന്ന ദൃശ്യം കണ്ടപ്പോഴേക്കും എല്ലാവരും അങ്ങ് വിശ്വസിച്ചു. എന്നിട്ട് അതിനൊപ്പം 'ട്വന്റി 20' സിനിമയില്‍ ലാലേട്ടന്‍ ചാടുന്ന ദൃശ്യവും ചേര്‍ത്തുവെച്ചു. നിങ്ങളാരും ഈ സംഭവം നേരിട്ട് കണ്ടിട്ടില്ല. കറക്റ്റ് ദൃശ്യങ്ങളുമില്ല. പണ്ട് അരമണിക്കൂര്‍ മാത്രമായിരുന്നു വാര്‍ത്ത. ഇപ്പോള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ചാനലുകളുണ്ട്. ചാനലുകള്‍ക്ക് വാര്‍ത്തകള്‍ ഉണ്ടാക്കേണ്ടി വരുന്നത് അവര്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. അതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നത്.'
ആ വാര്‍ത്ത തനിക്ക് വലിയ ഹീറോയിസം നല്‍കിയെങ്കിലും ആളുകള്‍ ഇത് കണ്ട് അനുകരിക്കരുതെന്ന മുന്നറിയിപ്പും ഷൈന്‍ നല്‍കുന്നുണ്ട്. 'ആ വാര്‍ത്ത കണ്ട് പിള്ളേരോ മുതിര്‍ന്നവരോ ഒരിക്കലും മൂന്നാം നിലയില്‍ നിന്ന് പൂളിലേക്ക് എടുത്തുചാടരുത്. ഞാന്‍ അങ്ങനെ ചാടിയിട്ടില്ല. ആ സമയത്ത് വാര്‍ത്ത നല്‍കി ഹിറ്റായവര്‍ ആരും കൂടെയുണ്ടാകില്ല. കുട്ടികള്‍ക്ക് അതിനുള്ള ബോധമുണ്ടെന്ന് എനിക്കറിയാം, എങ്കിലും ആരും ഇത് അനുകരിക്കരുത്'- ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കി.