മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി വരദ പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകന്‍ സിദ്ധാര്‍ത്ഥിന്റെ പിറന്നാള്‍ ദിനത്തില്‍ മകനും മാതാപിതാക്കള്‍ക്കുമൊപ്പമുള്ള യാത്രാചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം മനസ്സ് തുറന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് മകനാണെന്ന് വരദ കുറിപ്പില്‍ പറയുന്നു.
എന്റെ സന്തോഷവും സമാധാനവും ധൈര്യവുമാണ് അവന്‍' എന്ന് മകനെ വിശേഷിപ്പിച്ച വരദ, കുടുംബത്തോടൊപ്പമുള്ള പിറന്നാള്‍ യാത്രയുടെ ചിത്രങ്ങളും പങ്കുവെച്ചു. വിഷമിച്ചിരിക്കുമ്പോള്‍ ആശ്വസിപ്പിക്കുന്നവനും പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നവനും ജീവിതത്തില്‍ ഒറ്റയ്ക്കാണെന്ന് ഒരിടത്തും തോന്നിപ്പിക്കാത്തവനുമാണ് തന്റെ മകനെന്ന് വരദ കുറിച്ചു. 'എന്നെ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്ന, നിര്‍ത്താതെ ചോദ്യങ്ങള്‍ ചോദിക്കുന്ന, ഓരോ ദിവസവും ഓരോ രീതികള്‍ കണ്ട് പിടിച്ചു ശല്യം ചെയ്യുന്ന, ഒത്തിരി കുരുത്തക്കേടുകള്‍ ചെയ്യുന്ന എന്റെ സല്‍പുത്രന്‍' എന്നാണ് മകനെക്കുറിച്ച് നടി കുറിച്ചത്.
2006-ല്‍ പൃഥ്വിരാജിന്റെ അനുജത്തിയായി 'വാസ്തവം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച വരദ, 2008-ല്‍ 'സുല്‍ത്താന്‍' എന്ന ചിത്രത്തിലൂടെ നായികയായി. പിന്നീട് സീരിയല്‍ രംഗത്ത് സജീവമായ നടി 'അമല' എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. നടന്‍ ജിഷിന്‍ മോഹനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ വരദയ്ക്ക് ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
മകന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കുടുംബത്തോടൊപ്പം നടത്തിയ യാത്രയെക്കുറിച്ചും വരദ പോസ്റ്റില്‍ പറയുന്നുണ്ട്. 'പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു ഓരോ ദിവസവും' എന്ന് വിശേഷിപ്പിച്ച ഈ യാത്രയുടെയും ആഘോഷത്തിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവെക്കാന്‍ സമയം ലഭിച്ചെന്നും നടി അറിയിച്ചു. മകനും മാതാപിതാക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് വരദ പോസ്റ്റ് ചെയ്തിരിക്കുന്നത്.