മലയാള സിനിമയിലെ നായിക നിരയില്‍ ശ്രദ്ധേയമായ താരമാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ ടീനയില്‍ നിന്ന് ആരംഭിച്ച ഗ്രേസ് ആന്റണി പിന്നീട് ഇങ്ങോട്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോളിതാ രിയറിലുണ്ടായ നേട്ടത്തിനൊപ്പം തന്റെ വാഹനവും അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ഗ്രേസ്.
വൈകാരികമായ കുറിപ്പിനൊപ്പമാണ് വാഹനം ഏറ്റുവാങ്ങുന്നതിന്റെ ദൃശ്യങ്ങളും ഗ്രേസ് പങ്കുവെച്ചിരിക്കുന്നത്.ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എസ്യുവി മോഡല്‍ എക്സ്3 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 75 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
'ഇന്ന് ഈ താക്കോല്‍ കൈകളില്‍ പിടിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നു, ഇതൊരു കാര്‍ മാത്രമല്ല... എന്റെ കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിന്റെയും ആകെത്തുകയാണ്' എന്നാണ് താരം പങ്ക് വച്ചത്.
'നിറഞ്ഞ നന്ദിയോടെ, സന്തോഷമുള്ള മനസ്സോടെ, എന്റെ പുതിയ യാത്ര തുടങ്ങുന്നു. കൊച്ചു കുട്ടിയായിരുന്നപ്പോള്‍, ഇതിലും മെച്ചപ്പെട്ടതും മനോഹരവുമായ ഒരു ജീവിതം ഞാന്‍ സ്വപ്നം കാണുമായിരുന്നു... അവിടേക്ക് എങ്ങനെ എത്തുമെന്ന് അന്ന് അറിയില്ലായിരുന്നു, എങ്കിലും എത്തുമെന്ന് ഞാന്‍ വിശ്വസിച്ചു. ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല-ആരും കാണാത്ത പോരാട്ടങ്ങളും സംശയങ്ങളും, എല്ലാം മതിയാക്കി മടങ്ങിയാലോ എന്ന് തോന്നിയ ദിവസങ്ങളും ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ എന്നെ കൈവിട്ടില്ല. ഇന്ന് ഈ താക്കോല്‍ കൈകളില്‍ പിടിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നു, ഇതൊരു കാര്‍ മാത്രമല്ല... എന്റെ കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിന്റെയും ആകെത്തുകയാണ്. ദൈവം എന്നോട് അത്രമേല്‍ കരുണ കാണിച്ചിരിക്കുന്നു, എന്റെ ഹൃദയം നന്ദിയാല്‍ നിറഞ്ഞിരിക്കുന്നു. നിങ്ങള്‍ മുന്നോട്ട് തന്നെ പോയാല്‍, ജീവിതം നിങ്ങള്‍ക്കായി അതിമനോഹരമായ ഒന്ന് കരുതിവെക്കും എന്നതിന്റെ തെളിവാണ് ഈ നിമിഷം,' ഗ്രേസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'കുമ്പളങ്ങി നൈറ്റ്സ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. സിമി മോള്‍ എന്ന കഥാപാത്രത്തെയാണ് 'കുമ്പളങ്ങി നൈറ്റ്സില്‍ ഗ്രേസ് അവതരിപ്പിച്ചിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഹാപ്പി വെഡ്ഡിങ്‌സ്' എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം 'ജോര്‍ജേട്ടന്‍സ് പൂരം', 'ലക്ഷ്യം' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. . 'ഹാപ്പി വെഡ്ഡിങ്ങി'ലെ അഭിനയം കണ്ടിട്ടാണ് 'കുമ്പളങ്ങി നൈറ്റ്സി'ന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലൂടെ ഗ്രേസ് പ്രേക്ഷകരെ ഞെട്ടിച്ചു. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
അഭിനയരംഗത്ത് മാത്രമല്ല ഒരു സംവിധാന രംഗത്തും ഗ്രേസ് കഴിവുതെളിയിച്ചിട്ടുണ്ട്. ഗ്രേസ് സംവിധാനം ചെയ്ത ' ക്-നോളജ്' എന്ന ഹൃസ്വചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. റാം സംവിധാനം ചെയ്ത നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം പറന്ത് പോ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഗ്രേസ് ആന്റണി ചിത്രം.
അടുത്തിടെയായിരുന്നു ഗ്രേസിന്റെ വിവാഹം. സുഹൃത്തായ എബി ടോം സിറിയക്കിനെയാണ് ഗ്രേസ് വിവാഹം ചെയ്തിരിക്കുന്നത്.