രാജ്യത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. പല ഭാഷകളിലായി സൂപ്പര്‍ സ്റ്റാര്‍ അവതരിപ്പിക്കുന്ന ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇതില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് വലിയ തുകയാണ് പ്രതിഫലമായി ലഭിക്കുന്നത്. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ ഇതില്‍ മത്സരാര്‍ത്ഥികളായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി ഷീല.
അവിടെ എന്തൊക്കെയാണെന്ന് പോയി നോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും താന്‍ വരാം ഇത്രയും പ്രതിഫലം തരണമെന്ന് ആവശ്യപ്പെട്ടെന്നും പറയുകയാണ് ഷീല.
'എനിക്ക് ബിഗ് ബോസില്‍ പോയി അവരെല്ലാം എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കണമെന്നുണ്ടായിരുന്നു. മുമ്പ് ഞാന്‍, ജയഭാരതി, ഉര്‍വശി, ശാരദ, അംബിക അങ്ങനെ വലിയ പതിമൂന്ന് ആര്‍ട്ടിസ്റ്റുകളെവച്ച് നടത്താനിരുന്നതാണ്. അന്ന് ബിഗ് ബോസ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. പതിമൂന്നുപേര്‍ വേണമെന്ന് പറഞ്ഞു. ഞാന്‍ വരാം, ഇത്ര പണം തരണമെന്ന് ആവശ്യപ്പെട്ടു.
കൂട്ടത്തില്‍ ഞാന്‍ കുറച്ച് നിബന്ധനകള്‍ മുന്നോട്ടുവച്ചു. ഒറ്റയ്ക്ക് മുറി വേണം, കൂടെ ടച്ചപ്പിന് ആള്‍ വേണം, കൂടെ ഒരു സ്ത്രീ വരും. എനിക്ക് വേണ്ട ഭക്ഷണങ്ങളൊക്കെ അവരുണ്ടാക്കുമെന്നും പറഞ്ഞു. ബിഗ് ബോസ് എന്താണെന്ന് അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇപ്പോള്‍ ബിഗ് ബോസ് കാണുമ്പോഴാണറിയുന്നത്, എല്ലാവരും ഒരു മുറിയില്‍ കിടക്കണമെന്നത്.
ഇനിയിപ്പോള്‍ പോകാം. പക്ഷേ രാവിലെ പോയിട്ട് വൈകിട്ട് വരണം. 120 ദിവസം നില്‍ക്കാന്‍ 120 കോടി വേണം...'' തമാശരൂപേണ ഷീല പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. പക്ഷേ ഏത് ഭാഷയില്‍ പ്രക്ഷേപണം ചെയ്യുന്ന ഷോയില്‍ നിന്നാണ് കോള്‍ വന്നതെന്ന് ഷീല പറഞ്ഞില്ല. ഷീലയുടെ നിഷ്‌കളങ്കമായ ഈ തുറന്നുപറച്ചില്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.