മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് ഒരിക്കലും മറക്കില്ലാത്ത നിരവധി കഥാപാത്രങ്ങളും സമ്മാനിച്ച നടി സിനിമയിലെ മുന്‍നിര നായികയായി നിറഞ്ഞു നിന്നിരുന്നു. വിവാഹ ശേഷം സിനിമയില്‍ ഇടവേളയെടുത്ത ശാന്തി കൃഷ്ണ നീണ്ട കാലത്തിന് ശേഷമാണ് തിരികെ വരുന്നത്.
20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ അഭിനയിച്ച സിനിമയായിരുന്നു ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള. നിവിന്‍ പോളി, ലാല്‍, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, ശ്രിന്ദ, സിജു വില്‍സണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ മികച്ച വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ചും സംസാരിക്കുകയാണ് ശാന്തി കൃഷ്ണ. ഗൃഹലക്ഷ്മി മാഗസിന് നല്കിയ അഭിമുഖത്തിലാണ് നടി വിശേഷങ്ങള്‍ പങ്ക് വച്ചത്.
തന്റെ രണ്ടാം വിവാഹ മോചനത്തിന്റെ സമയത്താണ് ശാന്തി കൃഷ്ണ തിരികെ വരുന്നത്. മക്കളുടെ പിന്തുണയാണ് തിരിച്ചുവന്നതെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയാണ് തിരികെ വരുന്നത്. എന്റെ മക്കള്‍ കാരണമാണ് ഞാന്‍ അതില്‍ അഭിനയിച്ചത്. വിവാഹ മോചനം നടക്കുന്ന സമയമായിരുന്നു അത്. വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. പലപ്പോഴും ഇത്തരം പ്രതിസന്ധികളില്‍ നിന്നും എന്നെ കരകയറ്റിയത് സിനിമയായിരുന്നു. ഞാനന്ന് അമേരിക്കയിലാണ്. സിനിമ തേടി വന്നു. മക്കള്‍ പിന്തുണച്ചു.
അങ്ങനെ ഞാന്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ ഷീല ചാക്കോ ആയി.'' എന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ നേരിട്ടത് സാങ്കേതികവിദ്യയിലെ വ്യത്യാസങ്ങളേയാണെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ആദ്യം ദിവസം ഷൂട്ട് ചെയ്തത് അഹാനയം ഞാനുമൊന്നിച്ചുള്ള രംഗം. അഹാന കാരവനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു എന്നാണ് താരം പറയുന്നത്. ഞാന്‍ സിനിമയിലുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സംവിധാനം ഇല്ലല്ലോ. അന്ന് കോസ്റ്റിയൂം ചെയ്ഞ്ച് ഉണ്ടെങ്കില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വീട്ടില്‍ പോയാണ് വസ്ത്രം മാറുക. സിനിമാ ഗാനങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചിലപ്പോള്‍ പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും. അന്നൊന്നും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടുവെന്നും ശാന്തി കൃഷ്ണ പറയുന്നു.
ആളുകള്‍ അഭിനയിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ശാന്തി കൃഷ്ണ ചൂണ്ടിക്കാണിക്കുന്നത്. ഷൂട്ടിനു മുന്‍പേ അല്‍ത്താഫ് സലീം ഒരു വര്‍ക്ക്ഷോപ്പിന് ക്ഷണിച്ചിരുന്നു. അവിടെ വച്ച് എല്ലാവരേയും പരിചയപ്പെട്ടു. ഓരോ കാര്യവും എനിക്ക് പുതുതായി തോന്നി. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനൊപ്പം ഉന്മേഷമുള്ള യുവാക്കള്‍ക്കൊപ്പം ജോലി ചെയ്യാനുമായി. പിന്നേയും നല്ല കഥാപാത്രങ്ങള്‍ കിട്ടി. മലയാളികള്‍ സ്നേഹത്തോടെ എന്നെ വരവേറ്റു. ചെറിയ കുട്ടികള്‍ പോലും ഇപ്പോള്‍ എന്നെ തിരിച്ചറിയുന്നുവെന്നത് വലിയ നേട്ടമായി തോന്നുന്നുവെന്നും താരം പറയുന്നു. പാലും പഴവും ആണ് ഒടുവില്‍ റിലീസായ ചിത്രം. കുറച്ച് തമാശയും കുസൃതിയുമുള്ള മീരാ ജാസ്മിന്റെ അമ്മ കഥാപാത്രം. ജീവിതത്തിലും അങ്ങനെയാണെന്നും താരം പറയുന്നു. പുതിയ റിലീസുകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. സൗബിനുമൊന്നിച്ചുള്ള മച്ചാന്റെ മാലാഖ റിലീസിനൊരുങ്ങുന്നു. മുഹാഷിന്‍ സംവിധാനം ചെയ്യുന്ന വള എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വിജയരാഘവനും ഞാനും ജോഡികളായെത്തുന്നു. ധ്യാനം ഈ സിനിമയുടെ ഭാഗമാണ്. ഇതില്‍ അമ്മ കഥാപാത്രമല്ലെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേര്‍ക്കുന്നു.