Latest News

ഷെയ്ന്‍ കാണിച്ചത്‌ തോന്ന്യവാസം, അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണയ്ക്കാനാവില്ല,സിനിമാസെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടുതലാണെന്നും ഗണേശ് കുമാര്‍

Malayalilife
ഷെയ്ന്‍  കാണിച്ചത്‌ തോന്ന്യവാസം, അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണയ്ക്കാനാവില്ല,സിനിമാസെറ്റുകളില്‍   ലഹരിമരുന്നിന്റെ ഉപയോഗം കൂടുതലാണെന്നും ഗണേശ് കുമാര്‍


ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ നിര്‍ണായക ഇടപെടലുമായി അമ്മ എത്തി. മന്ത്രി എകെ ബാലന്‍ ഷെയ്‌നെ വിലക്കിയതിനെതിരെ രംഗത്ത് വന്നിരുന്നു,  ഒരാളെ ജോലിയില്‍ നിന്നു വിലക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. പ്രശ്‌നപരിഹാരത്തിന് അഭിനേതാക്കളുടെയും നിര്‍മ്മാതാക്കളുടെയും സംഘടനകള്‍ മുന്‍കയ്യെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ പ്രശ്‌നം പറഞ്ഞു തീര്‍ക്കാനാണ് 'അമ്മ'യുടെ തീരുമാനം. അതേസമയം തെറ്റ് പറ്റിപ്പോയെന്ന് തുറന്നു സമ്മതിക്കാന്‍ ഷെയ്‌നും തയ്യാറാകും.

അമ്മയ്ക്കുള്ളില്‍ നിന്നും തന്നെ ഇരുചേരികളിലാണ് നടീനടന്‍മാര്‍ നില കൊള്ളുന്നത്. ഇന്നലെ കെബി ഗണേഷ് കുമാര്‍ ഉള്‍പെടെയുള്ളവര്‍ ഷെയ്‌നെതിരെ എത്തിയിരുന്നു. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണയ്ക്കാനാവില്ല. ഷെയ്ന്‍ മുടിമുറിച്ചത് തോന്ന്യവാസമാണ്. അഹങ്കരിച്ചാല്‍ ആരായാലും സിനിമാമേഖലയില്‍നിന്നു പുറത്തുപോകും. സിനിമാസെറ്റുകളില്‍ പുതുതലമുറ സിനിമാപ്രവര്‍ത്തകരില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടുതലാണ്. ഇക്കാര്യത്തില്‍ പൊലീസും എക്‌സൈസും കര്‍ശനപരിശോധന നടത്തണമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

എന്നാല്‍ യുവനടന്റെ ഭാവി നശിപ്പിക്കരുതെന്ന തീരുമാനമാണ് അമ്മയിലെ ചിലര്‍ കൈകൊള്ളുന്നത്.  മുടിവെട്ടി രൂപ മാറ്റം വരുത്തിയത് അപ്പോഴത്തെ മാനസികാവസ്ഥയിലാണെന്ന് വിശദീകരിക്കാന്‍ നടനും തയ്യാറാകും. മന്ത്രിയുമായി നിര്‍മ്മാതാക്കളുടെ സംഘടന കൂടികാഴ്ച നടത്തുന്നതോടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് സൂചന. വിലക്ക് പിന്‍വലിച്ചാലും അസോസിയേഷനിലെ നിര്‍മ്മതാക്കള്‍ ഷെയ്‌നുമായി സഹകരിക്കില്ല. എന്നാല്‍ ന്യൂജെന്‍ സംവിധായകരുടെ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയ്ക്കും മറ്റും ഷെയ്‌നിനെ വച്ച് സിനിമ ചെയ്യിക്കാനാകും. ഇതിനുള്ള തടസ്സം മാറുന്നതിന് വേണ്ടി കൂടിയാണ് ഫെഫ്കയും അമ്മയും അനുനയ നീക്കങ്ങള്‍ നടത്തുന്നത്. അബിയുടെ മകനെ രക്ഷിച്ചെടുക്കാന്‍ മുന്നിലുള്ളത് അദ്ദേഹത്തിന്റെ പഴയ കൂട്ടുകാരാണ്. മി്ര്രമികി മേഖലയില്‍ നിന്ന് സിനിമയിലെത്തിയവരെല്ലാം ഷെയന്‍ നിഗമിനെ സഹായിക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ട്

അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ വിഷയത്തില്‍ ഇടപെടും. യുവ നടന്റെ ഭാവി നശിപ്പിക്കാന്‍ അമ്മ കൂട്ടു നില്‍ക്കുകയുമില്ല. ഷെയ്‌നിന്റെ കുടുംബം ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യുമായി ചര്‍ച്ച നടത്തിയിരുന്നു. അമ്മ സംഘടനാ ഭാരവാഹിയായ ഇടവേള ബാബുവുമായി ഷെയ്‌നിന്റെ അമ്മയാണു കൂടിക്കാഴ്ച നടത്തിയത്. ഷെയ്ന്‍ നിഗത്തെ സിനിമയില്‍നിന്നു വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് 'അമ്മ' സംഘടന പ്രതികരിച്ചു. ഷെയ്ന്‍ 'അമ്മ'യ്ക്കു പരാതി നല്‍കിയിട്ടുണ്ട്. ഷെയ്ന്‍ പറയും പോലെ പീഡനമൊന്നും നടന്നിട്ടില്ല. ഇക്കാര്യത്തില്‍ നടന്‍ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയതായും ഇടവേള ബാബു പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണു ശ്രമം. വിലക്കു പരിഹാരമല്ല. ഷെയ്‌നിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. സംഘടന കൈവിടില്ലെന്നാണു പ്രതീക്ഷയെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്‌നിന്റെ അമ്മ പറഞ്ഞു.

വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നല്‍കുന്ന സൂചനയും. ചിത്രീകരണസ്ഥലങ്ങളില്‍ മയക്കുമരുന്നുണ്ടെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തെ സര്‍ക്കാരും ഗൗരവമായാണു കാണുന്നത്. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ സംവിധായകരുടെ ആദ്യ സംരംഭം തകരരുതെന്ന പൊതുവികാരത്തിന്റെ ചുവടുപിടിച്ചാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നത്.

വെയില്‍ എന്ന സിനിമയുടെ സംവിധായകന്‍ ശരത് ഫെഫ്ക പ്രതിനിധികളെ സമീപിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. വെറും 16 ദിവസത്തെ ചിത്രീകരണംമാത്രമേ ബാക്കിയുള്ളൂവെന്നും സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നുമാണ് ശരത് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്‌നപരിഹാരമുണ്ടായാല്‍ ആ സിനിമകളില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നു ഷെയ്ന്‍ അറിയിക്കും. വിലക്കിനെക്കാള്‍ പ്രധാനവിഷയമായാണ് ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപയോഗത്തെ നിര്‍മ്മാതാക്കള്‍ കാണുന്നത്. അടുത്തദിവസം തിരുവനന്തപുരത്ത് വിനോദനികുതിയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളും മന്ത്രിയും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതില്‍ ഇക്കാര്യവും ഉന്നയിക്കും,




 

Read more topics: # shane nigam ,# ganeshkumar
shane nigam ganeshkumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES