മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'കമലദളം' എന്ന ചിത്രത്തില്‍ അന്തരിച്ച നടി മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നെന്ന് നടി ആശ ശരത്ത്. അഭിനയിച്ചാല്‍ വിവാഹം മുടങ്ങുമോ എന്ന ഭയത്താല്‍ അന്ന് ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രമുഖ സ്റ്റുഡിയോ ആയ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ആശ ശരത്ത് ഈ വിവരം പങ്കുവെച്ചത്.
ജയറാം ആയിരുന്നു തന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചിരുന്നതെന്നും ആശ ശരത്ത് വ്യക്തമാക്കി. 'കമലദളത്തില്‍ മോനിഷ ചെയ്ത വേഷത്തിലേക്ക് എനിക്ക് ഓഫര്‍ വന്നിരുന്നു. ജയറാമേട്ടനാണ് എന്നെ വിളിക്കുന്നത്. ലാലേട്ടന്റെ ഒരു സിനിമയില്‍ ഒരു വേഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയില്‍ അഭിനയിച്ചാല്‍ കല്യാണമൊക്കെ പ്രോബ്ലം ആകുമെന്ന തോന്നല്‍ ഉണ്ടായിരുന്ന കാലമായിരുന്നു അത്. അതിനാല്‍ വീട്ടുകാര്‍ക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു,' ആശ ശരത്ത് ഓര്‍മ്മിച്ചു.
അതേസമയം, ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന 'ആശകള്‍ ആയിരം' എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. ജയറാം-കാളിദാസ് കോംബോയിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 'ഒരു വടക്കന്‍ സെല്‍ഫി'യിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ്. ആശ ശരത്തിനോടൊപ്പം ഇഷാനി കൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് 'ആശകള്‍ ആയിരം' നിര്‍മ്മിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫാണ് ക്രിയേറ്റീവ് ഡയറക്ടര്‍. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
ഷറഫുദ്ദീന്‍, ആനന്ദ് മന്മഥന്‍, അഖില്‍ എന്‍.ആര്‍.ഡി., രമേശ് പിഷാരടി, ദിലീപ് മേനോന്‍, സിന്‍സ് ഷാന്‍, രാജേഷ് അഴിക്കോട്, വൈശാഖ് വിജയന്‍, അഭിനന്ദ് അക്കോട്, മുകുന്ദന്‍, ആനന്ദ് പദ്മനാഭന്‍, രഞ്ജിത് ബാലചന്ദ്രന്‍, സുധീര്‍ പരവൂര്‍, നിഹാരിക, ഭാഗ്യ, കുഞ്ചന്‍, ഷാജു ശ്രീധര്‍, റാഫി, സുരേഷ് കുമാര്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളികളായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. വിദേശ വിതരണം ഫാര്‍സ് ഫിലിംസാണ് നിര്‍വഹിക്കുന്നത്.