ഇന്ത്യന്‍ ബോക്സ്ഓഫിസില്‍ ചരിത്രവിജയം നേടിയ സിനിമയാണ് ഷാരൂഖ് ഖാന് നായകനായ 'പഠാന്'. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ഷാറുഖ് ഖാന് ലഭിച്ച പ്രതിഫലത്തിന്റെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഷാരൂഖ് ഖാന് പ്രതിഫലം വാങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
യഷ് രാജ് ഫിലിംസും നടനും തമ്മില്‍ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്ന കരാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. അതായത് നിര്‍മാതാവിന് ലഭിക്കുന്ന ലാഭത്തിന്റെ 60 ശതമാനം. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ പല സൂപ്പര്‍താരങ്ങളും നിര്‍മാണ കമ്പനികളും തമ്മില്‍ ഈ വിധത്തിലുള്ള കരാര്‍ പതിവാണ്. 270 കോടി മുടക്കിയ യഷ് രാജ് ഫിലിംസിന് ലഭിച്ചത് 603 കോടിയിലധികം രൂപയാണ്. അതായത് ഏകദേശം 333 കോടി രൂപ ലാഭം. കരാര്‍ പ്രകാരം ഷാറുഖ് ഖാന് പ്രതിഫലമായി ലഭിക്കുക 200 കോടി ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിദ്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആയിരുന്നു നായിക വേഷം കൈകാര്യം ചെയ്തത്. ജോണ്‍ എബ്രഹാമാണ് വില്ലന്‍ വേഷത്തിലെത്തിയത്.
ആഗോള തലത്തില്‍ 1050കോടി രൂപയാണ് ചിത്രം നേടിയത്. 270കോടി ആയിരുന്നു സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ തന്നെ 57 കോടി രൂപയാണ് 'പഠാന്' നേടിയത്. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 657.85 കോടിയും നെറ്റ് കളക്ഷന്‍ 543.22 കോടിയുമാണ്. വിദേശത്തുനിന്ന് 392.55 കോടി ഗ്രോസും. ആകെ 1050.40 കോടി.തുടര്‍ച്ചയായ പരാജയങ്ങളെ തുടന്ന് സിനിമയില്‍ നിന്ന് ഇടവേള എടുത്ത ഷാരൂഖ് ഖാന്റെ തിരിച്ചുവരവായിരുന്നു 'പഠാന്'.