നാല് വര്‍ഷത്തിന് ശേഷം ബോളിവുഡിന്റെ കിംഗ് ഖാന് നായകനായെത്തുന്ന ചിത്രമായ പഠാന് സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചിരിക്കുകയാണ്.നിരവധി വിവാദങ്ങളിലും ഇടം പിടിച്ച ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.
ബഷറം രംഗ് എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രധാരണമടക്കം ചൂണ്ടിക്കാട്ടി ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ഉയര്‍ന്നതിന് പിന്നാലെ തന്നെ സെന്‍സര്‍ നടപടി സംബന്ധിച്ചുണ്ടായ അവ്യക്തതകളും ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. വിവാദ ഗാനത്തിലടക്കം ആകെ പത്ത് കട്ടുകള്‍ നിര്‍ദേശിച്ചാണ് സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായത്. ഇതില്‍ പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ് എന്ന പദപ്രയോഗം അടക്കം ഉള്‍പ്പടുന്നതായാണ് റിപ്പോര്‍ട്ട്.
സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി സിബിഎഫ്സി നിര്‍ദേശിച്ച കട്ടുകളില്‍ ഏറിയ പങ്കും സംഭാഷണ രംഗങ്ങളാണ്. റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്), പിഎംഒ (പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ്) ,അശോക് ചക്ര, മിസിസ് ഭാരത് മാത എന്നീ വാക്കുകളാണ് ഒഴിവാക്കുകയോ പകരം വാക്കുകള്‍ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടുള്ളത്.
വിവാദമായ ബഷറം രംഗ് എന്ന ഗാനത്തിലെ ബിക്കിനിയുടെ ക്ളോസ് അപ്പ് ഷോട്ടുകളും അര്‍ദ്ധനഗ്നത വെളിവാക്കുന്ന ഷോട്ടുകളും ഒഴിവാക്കാനായി സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ബഹുത് ടംഗ് കിയാ എന്ന വരികള്‍ വരുമ്പോഴത്തെ നൃത്ത ചലനവും ഒഴിവാക്കാന്‍ സിബിഎഫ്സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീക്കേണ്ട ഷോട്ടുകളുടെ സമയദൈര്‍ഘ്യം എത്രയെന്ന് ബോര്‍ഡ് അറിയിച്ചിട്ടില്ല
സിന്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പഠാന് സെന്‍സര്‍ ബോര്‍ഡിന്റെ കട്ടുകള്‍ക്ക് ശേഷം രണ്ട് മണിക്കൂര്‍ 26 മിനിറ്റാണ് പ്രദര്‍ശന സമയം. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, എന്നിവര്‍ അടങ്ങുന്ന ചിത്രം ജനുവരി 25-നാണ് തിയേറ്ററുകളിലെത്തുക.