ഏറ്റവും പുതിയ ചിത്രം പത്താന് എതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങളിലും ക്യാംപെയ്നിംഗിലും പരോക്ഷ പ്രതികരണവുമായി ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷാരൂഖ് ഖാന്‍ - ദീപിക പദുകോണ്‍ ചിത്രം പത്താനിലെ ഒരു പാട്ട് പുറത്തിറങ്ങിയത്. ദീപിക പദുകോണിന്റെ ഗ്ലാമറസ് രംഗങ്ങളാല്‍ സമ്പന്നമായ ഗാനരംഗത്തില്‍ ദീപികയുടെ വസ്ത്രത്തിലെ നിറത്തെ ചൊല്ലിയാണ് തീവ്ര വലത് സംഘടനകളും ബി ജെ പി നേതാക്കളും രംഗത്തെത്തിയത്.
പിന്തിരിപ്പനായ എല്ലാറ്റിനേയും പോസിറ്റീവായ സമീപനത്തോടെ കൂട്ടായി നേരിടുകയാണ് വേണ്ടതെന്ന് നടന്‍ പറഞ്ഞു. പഠാന്‍ എന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ചും ട്വിറ്ററില്‍ ഉയര്‍ന്ന ബഹിഷ്‌കരണാഹ്വാനത്തെക്കുറിച്ച് പരമാര്‍ശിക്കാതെയാണ് കിംഗ് ഖാന്റെ പ്രതികരണം.
വീര്‍ ശിവജി എന്ന സംഘടന അംഗങ്ങളാണ് ഷാരൂഖാന്റെയും ദീപിക പദുക്കോണിന്റെയും കോലങ്ങള്‍ കത്തിച്ച് പ്രതിഷേധം നടത്തിയത്. ഗാനത്തിന്റെ ഒരു രംഗത്തില്‍ കാവിനിറത്തിലുള്ള ബിക്കിനി ദീപിക ധരിച്ചിരുന്നു എന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഈ കളറിലുള്ള വസ്ത്രം ധരിച്ചത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് ഇവരുടെ ആരോപണം. ഇതിനോടകം തന്നെ വീര്‍ ശിവജി അംഗങ്ങള്‍ താരങ്ങളുടെ കോലം കത്തിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലാണ് പ്രചരിക്കുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങുന്ന സിനിമ ബഹിഷ്‌കരിക്കുകയാണ് എന്നും ഇവര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഗാനത്തിന്റെ വരികളോടൊപ്പം ലജ്ജയില്ലാത്ത നിറം എന്ന വരിയും ചേര്‍ത്ത് വെച്ചാണ് സമൂഹമാധ്യമങ്ങളില്‍ വിവാദം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഗാനം ഇതിനകം തന്നെ 2.1 കോടിയിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. സ്പെയിനില്‍ ചിത്രീകരിച്ച ഗാനത്തിന്റെ സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ഭദ്ലാനിയാണ്.
കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. 'ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്', എന്നാണ് നരോത്തം മിശ്രയുടെ ആരോപണം.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പത്താന്‍' എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഷാരൂഖിനും ദീപികയ്ക്കും പുറമെ ജോണ്‍ എബ്രഹാം പത്താനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തും. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് പത്താന്റെ സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.