Latest News

താന്‍ അമ്മ-ഡബ്ല്യൂസിസി പോരിന്റെ ഇര; സംഘടനകളുടെ ചേരിപ്പോരിന്റെ പേരിലാണ് കേസ്; ശരിയായ അന്വേഷണം നടത്താതെ തന്നെ പ്രതിയാക്കി; സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖിന്റെ വാദങ്ങള്‍; കേസ് വേഗം പരിഗണിക്കാന്‍ അഡ്വ. മുകുള്‍ റോത്തഗി

Malayalilife
 താന്‍ അമ്മ-ഡബ്ല്യൂസിസി പോരിന്റെ ഇര; സംഘടനകളുടെ ചേരിപ്പോരിന്റെ പേരിലാണ് കേസ്; ശരിയായ അന്വേഷണം നടത്താതെ തന്നെ പ്രതിയാക്കി; സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖിന്റെ വാദങ്ങള്‍; കേസ് വേഗം പരിഗണിക്കാന്‍ അഡ്വ. മുകുള്‍ റോത്തഗി

ലാത്സംഗ കേസില്‍ പ്രതിയായ സിദ്ധിഖിന്റെ ജാമ്യാപേക്ഷയിലെ വാദം മലയാള സിനിമയിലെ രണ്ട് സംഘടനകള്‍ തമ്മിലുള്ള പോരിലേക്ക് വിരല്‍ചൂണ്ടുന്നതായി മാറുന്നു. സിനിമാ രംഗത്തെ രണ്ട് പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്നാണ് സിദ്ദിഖിന്റെ വാദം. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മാതൃഭൂമിയാണ് സിദ്ധിഖിന്റെ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മലയാള സിനിമ മേഖലയിലെ രണ്ട് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ സംബന്ധിച്ച് ആരോപിച്ചിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റും (AMMA), വുമണ്‍ ഇന്‍ സിനിമ കളക്ടീവും (WCC) തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ആരോപിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ചയാക്കാനാണ് സിദ്ധിഖ് ഒരുങ്ങുന്നത്. 

കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ തന്നെ പ്രതിയാക്കിയത് എന്ന് സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തില്‍ വ്യക്തമായ തെളിവു ശേഖരിക്കാതെയാണ് കേസെടുത്തത് എന്നുമാണ് വാദം. മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് മുന്നോട്ടുവെയ്ക്കുന്ന മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സിദ്ദിഖിന് വേണ്ടി മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സിനിമ സംഘടനകള്‍ക്കിടയിലെ കലഹവും പോരാട്ടവും സുപ്രീം കോടതിയില്‍ വിശദീകരിക്കുമെന്നാണ് സൂചന. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലേക്ക് നയിച്ചത് ഡബ്ല്യൂസിസിയുടെ പോരാട്ടമായിരുന്നു എന്ന വാദം അടക്കം കോടതിയില്‍ എത്തിയേക്കും. സിദ്ദിഖിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകരുടെ വാദം പരാതിക്കാരിക്ക് എതിരായ ആരോപണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട സംഘടനകള്‍ തമ്മില്‍ നടക്കുന്ന ചേരിപ്പോരിന്റെ ഇരയാണ് സിദ്ദിഖ് എന്ന വാദത്തില്‍ ഊന്നിയാകും സുപ്രീം കോടതിയിലെ നിയമ പോരാട്ടം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം അമ്മയുടെ നേതൃതലത്തില്‍ ഉണ്ടായിരുന്ന പലര്‍ക്കെതിരെയുമാണ് വെളിപ്പെടുത്തലുകളും, കേസുകളും ഉണ്ടായത്. ഇത് ആകസ്മികമല്ലെന്നാണ് സിദ്ദിഖിന് ഒപ്പം നില്‍ക്കുന്ന ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കണം എന്നാവശ്യപ്പെട്ട് സിദ്ധിഖിന്റെ അഭിഭ്ഷകര്‍ രംഗത്തുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത റോത്തഗി സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. ബുധനാഴ്ച രാത്രിയാണ് കത്ത് കൈമാറിയത്. ഈ ആവശ്യം ഇന്ന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദിഖിന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയ കത്തില്‍ പറഞ്ഞിരിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയപ്പെടുന്നു. 65 വയസുള്ള സീനിയര്‍ സിറ്റിസണ്‍ ആണെന്നും പേരക്കുട്ടി ഉള്‍പ്പടെയുള്ള കുടുംബത്തിലെ അംഗമാണ് സിദ്ദിഖ് എന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിദ്ദിഖിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നത് അടക്കമുള്ള വിവരങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read more topics: # സിദ്ധിഖ്
sexual assault case kerala actor siddique

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES