കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഫുട്ബാള്‍ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാറിന്റെ മണ്ണിലെ വനിത അനൗണ്‍സറായി കല്യാണി പ്രിയദര്‍ശന്‍ എത്തുന്ന ചിത്രം നവാഗതനായ മനു.സി.കുമാര്‍ സംവിധാനം ചെയ്യുന്നു.
ജീപ്പിന്റെ മുന്‍സീറ്റില്‍ മൈക്കില്‍ അനൗണ്‍സ്‌മെന്റ് ചെയ്യുന്ന താരത്തെയാണ് പോസ്റ്ററില്‍ കാണാനാകുക. ദ് റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജഗദീഷ് പളനിസ്വാമി, സുധന്‍ സുന്ദരം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകനായിരുന്ന മനു സി. കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ശേഷം മൈക്കില്‍ ഫാത്തിമ. ഹൃദയം, തല്ലുമാല എന്നീ ചിത്രങ്ങള്‍ക്കു ശേഷം കല്യാണി നായികയാകുന്ന സിനിമ കൂടിയാണിത്. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി. മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം സന്താന കൃഷ്ണന്‍, എഡിറ്റര്‍ കിരണ്‍ ദാസ്, ആര്‍ട്ട് നിമേഷ് താനൂര്‍,കോസ്റ്റും ധന്യാ ബാലകൃഷ്ണന്‍, ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ രഞ്ജിത് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ഐശ്വര്യ സുരേഷ്, പി .ആര്‍ .ഒ പ്രതീഷ് ശേഖര്‍.